രാമലീല എന്ന ആദ്യ ചിത്രത്തിലൂടെ മലയാളസിനിമയില്‍ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് അരുണ്‍ഗോപി. അരുണിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്ര റിലീസിന് ഒരുങ്ങുകയാണ്. ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയാണ് രാമലീലയുടെ കാലത്ത് അരുണിന് നേരിടേണ്ടി വന്നത്. കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍, രാമലീലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അരുണ്‍ ഗോപി.
‘എങ്ങനെയാണ് അത് അതിജീവിച്ചതെന്ന് എനിക്ക് ഇപ്പോള്‍ ഓര്‍മ്മയില്ല. രാമലീലക്കാണോ ബാന്ദ്രക്കാണോ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത് എന്ന് ഞാന്‍ ചിന്തിച്ചു നോക്കാറുണ്ട്. ഓരോ ദിവസവും ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങള്‍ വന്നുകൊണ്ടെയിരുന്നു. ദിലീപേട്ടന് നേരിട്ടതിനെക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ ജീവിതം നിശ്ചലമായി പോവുകയാണല്ലോ, ഇനി മുമ്പോട്ട് എന്തെന്നുള്ള ചോദ്യമായിരുന്നു എന്റെ മനസ്സില്‍. ഒരു ദിവസം നട്ടുച്ചയ്ക്ക് സൂര്യന് അസ്തമിച്ച് മുഴുവന്‍ ഇരുട്ടായത് പോലെ. ‘
‘പക്ഷേ സിനിമയുമായി മുമ്പോട്ട് പോവുക എന്നതല്ലാതെ വേറെ മാര്‍ഗം ഇല്ലായിരുന്നു. എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ സച്ചിയേട്ടനും എന്റെ കുടുംബവും എല്ലാം ഉണ്ടായിരുന്നു. എന്നാലും അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു. അത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും എന്റെ പ്രൊജക്ടില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്ത ശേഷമാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായിരുന്നതെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട്. അങ്ങനെ സംഭവിച്ചില്ലല്ലോ.’ അരുണ്‍ ഗോപി തുടര്‍ന്നു.
‘ഏറ്റവും മനോഹരമായ ഒരു ദിവസം അതിന്റെ റിലീസ് നടക്കാനുള്ള സാഹചര്യം പ്രകൃതിയുള്‍പ്പെടെ എല്ലാം വഴിയൊരുക്കുകയായിരുന്നു. നിര്‍മ്മാതാവ് ടോമിച്ചായന് (ടോമിച്ചന് മുളകുപാടം) എന്നെ വിളിച്ച് റിലീസിന്റെ ദിവസം പത്രത്തില്‍ കൊടുക്കാന്‍ ഒരു തലക്കെട്ട് ചോദിച്ചു. വളരെ ക്രൂഷലായിട്ടുള്ള ഒരു ചോദ്യമായിരുന്നു. കാരണം എല്ലാ ചാനലുകളും രാമലീലയെ കീറിമുറിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ചാനലുകളുടെ അന്തിചര്ച്ചകളില്പോലും വിഷയം രാമലീല കാണുമോ എന്നതായിരുന്നു. രാമലീല കാണരുതെന്ന് ഒരു പ്രമുഖ ചാനല്‍ അവതാരകന് ആഹ്വാനം ചെയ്തു. അങ്ങനെ ഒരു ഘട്ടത്തിലാണ് സിനിമയെ കുറിച്ച് പത്രത്തില്‍ കൊടുക്കാന്‍ ഒരു തലക്കെട്ട് ടോമിച്ചേട്ടന് ചോദിച്ചത്. സിനിമയെ സ്നേഹിക്കുന്ന നാട്ടില്‍ നാളെ മുതല്‍ രാമലീല എന്ന് കൊടുക്കാനാണ് ഞാന്‍ പറഞ്ഞത്. ആ വിശ്വാസമാണ് രാമലീല എന്ന സിനിമയെ സംരക്ഷിച്ചത്. നല്ല സിനിമയാണെങ്കില്‍ ഏത് ഘട്ടത്തിലും ആ സിനിമ വിജയമാകും.’
‘സിനിമയുടെ റിലീസിന് തലേദിവസം ദിലീപേട്ടനെ കാണാന്‍ ജയിലില്‍ പോയിരുന്നു. എടാ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് നമ്മുടെ സിനിമ സക്സസായിരിക്കും. നീ ധൈര്യമായി ഇറക്കാന്‍ പറഞ്ഞു. അത് അദ്ദേഹം പറയണമെങ്കില്‍ അദ്ദേഹത്തിന് ഒരു നേരുണ്ടാകണം. ആ നേരായിരിക്കണം അദ്ദേഹത്തെ കൊണ്ട് അത് പറയിപ്പിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ നേരിന്റെ പക്ഷത്താണ് ഞാനും. എന്റെ നിലപാടില്‍ ഇന്നും മാറ്റമൊന്നുമില്ല’ അരുണ്‍ ഗോപി പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Arun
Recent Comments