കേരള കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ 2023 ലെ സത്യന് അവാര്‍ഡിന് നടന് മനോജ് കെ. ജയന് അര്‍ഹനായി. മലയാള സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
കലാപരവും വാണിജ്യപരവുമായ സിനിമകളില്‍ ഒരുപോലെ ശോഭിച്ച മനോജ് കെ. ജയന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 150 ലധികം ചിത്രങ്ങളില്‍ നായകനായും സ്വഭാവ നടനായും പ്രതിനായകനായും മികച്ച അഭിനയം കാഴ്ചവച്ചുവെന്ന് ജൂറി വിലയിരുത്തി. സിനിമ സംവിധായകന് ബാലു കിരിയത്ത് ചെയര്‍മാനും സംവിധായകരായ അമ്പിളി, നേമം പുഷ്പരാജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സത്യന്റെ 111-ാം ജന്മവാര്‍ഷികമായ നവംബര്‍ 9 ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം സത്യന് സ്മാരക ഹാളില്‍വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
‘മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരില് ഒരാളാണ് സത്യന് മാഷ്. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു പുരസ്കാരം എന്നെത്തേടി എത്തി എന്നതുതന്നെ ഏറെ സന്തോഷം നല്കുന്ന കാര്യമാണ്. ഒരു മലയാള സിനിമാനടന് ലഭിക്കുന്ന ഓസ്കാറാണ്. സ്വാഭാവിക അഭിനയത്തിലൂടെയാണ് സത്യന്മാഷ് വ്യത്യസ്തനായത്. 60 കളില്‍പോലും തന്റെ സ്വാഭാവിക അഭിനയത്തിലൂടെ അഭിനയരംഗത്ത് ഒരു പുതിയ പാത വെട്ടിത്തുറക്കാന്‍ കഴിഞ്ഞ അതുല്യ പ്രതിഭ കൂടിയാണ്. ആ പ്രതിഭയുടെ പേരിലുള്ള ഒരു പുരസ്കാരത്തിന് എന്നെ പരിഗണിച്ചതുപോലും മഹത്തായ കാര്യമായി ഞാന്‍ വിശ്വസിക്കുന്നു.’ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മനോജ് കെ. ജയന് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments