നടി പൊന്നമ്മ ബാബുവിന്റെ മകള്‍ ദീപ്തി നിര്‍മ്മല ജയിംസ് ആദ്യമായി എഴുതി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമാണ് വേള്‍പൂള്‍. ഓസ്ട്രേലിയയില്‍ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കേരളത്തിലാണ് ചെയ്തത്. കൊച്ചിയില്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോ ഉണ്ടായിരുന്നു. സംവിധായകരായ ജോഷിയും സിബി മലയിലുമുള്പ്പെടെ നിരവധിപ്പേര്‍ നല്ല അഭിപ്രായമാണ് പങ്കുവച്ചത്. വേള്‍പൂളിന്റെ വിശേഷങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് ദീപ്തി.
എന്താണ് വേള്‍പൂള്‍?
വേള്‍പൂള്‍ എന്ന ടൈറ്റില്‍ പ്രതിഫലിപ്പിക്കുന്നത് പ്രധാന കഥാപാത്രത്തിന്റെ മാനസികാവസ്ഥയാണ്. ഒരു സാധാരണ ജീവിതം നയിക്കുന്ന കുടുംബിനിക്ക് അപ്രതീക്ഷിതമായി ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നു. തുടര്‍ന്ന് അവരുടെ മാനസികസഞ്ചാരങ്ങളാണ് പ്രമേയം. കുറച്ച് ത്രില്ലിംഗ് എലമെന്റ്സുള്ള ഒരു സൈക്കോളജിക്കല്‍ ഡ്രാമയാണ് ചിത്രം.
അഭിനേതാക്കളെ കുറിച്ച്?
ഓസ്ട്രേലിയിലെ നടീനടന്മാരാണ് മുഴുവന്‍. ഒരു ഇറ്റാലിയന്‍ കുടുംബത്തില്‍ നടക്കുന്ന കഥയാണിത്.
സംവിധാനത്തിലേക്ക് എത്തിയത് എങ്ങനെയാണ്?
ഇത് എന്റെ ആദ്യ സംവിധാന സംരംഭമാണ്. 2021-ല്‍ ഞാന്‍ ഓസ്ട്രേലിയയില്‍ ഒരു ഷോര്‍ട്ട് ഫിലിം കോഴ്സ് പഠിച്ചിരുന്നു. നാല് മാസത്തെ കോഴ്സായിരുന്നു. പിന്നീട് എല്ലാം സെല്‍ഫ് സ്റ്റഡിയായിരുന്നു. ഞാന്‍ ആരെയും അസിസ്റ്റൊന്നും ചെയ്തിട്ടില്ല. കോഴ്സ് ചെയ്തതാണ് സംവിധാനത്തില്‍ എനിക്കുളള പരിചയം.
അമ്മ അഭിനേത്രിയാണ്. മകള്‍ക്ക് അഭിനയത്തില്‍ താല്പര്യമുണ്ടോ?
ഇല്ല. അങ്ങനെ ഞാന്‍ ചിന്തിച്ചിട്ടില്ല. നല്ല അഭിനയം കാണുന്നതും ആളുകളെ കൊണ്ട് നന്നായി അഭിനയിപ്പിക്കാനുമാണ് എനിക്ക് ഇഷ്ടം. അതാണ് ഞാന്‍ സംവിധാനത്തിലേക്ക് തിരിഞ്ഞത്.
സ്വന്തം ചിത്രങ്ങളില്‍ അമ്മയെ അഭിനയിപ്പിക്കുമോ?
അമ്മയ്ക്ക് ചേരുന്ന കഥയും കഥാപാത്രവും വരുകയാണെങ്കില്‍ തീര്‍ച്ചയായും അഭിനയിപ്പിക്കും.
വേള്‍പൂള്‍ റിലീസ് എന്നാണ്?
ക്യത്യമായി ഒരു തിയതി പറയാന്‍ കഴിയില്ല. കാരണം കുറച്ച് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം അയക്കുന്നുണ്ട്. അതിന്റെ കാലതാമസം ഉണ്ട്. അടുത്ത വര്‍ഷം പകുതിയോടെ റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മലയാളത്തില്‍ സിനിമ ചെയ്യാന്‍ താല്പര്യമുണ്ടോ?
തീര്‍ച്ചയായും. എന്റെ മനസ്സില്‍ ഇപ്പോള്‍ രണ്ട് കഥയുടെ ആശയങ്ങളുണ്ട്. പക്ഷേ രണ്ടും ഇംഗ്ലീഷ് കഥകളാണ്. യാദൃച്ഛികമായി അങ്ങനെ രൂപപ്പെട്ടു പോയതാണ്. ചിലപ്പോള്‍ ഞാന്‍ ഓസ്ട്രേലിയേല് ജീവിക്കുന്നത് കൊണ്ടാകാം. ഒരു ഫീച്ചര്‍ ഫിലിമിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും കലാകാരന്മാര് അഭിനയിക്കേണ്ട കഥാപ്രമേയമാണ്.
പ്രിവ്യൂ കൊച്ചിയില്‍ നടന്നല്ലൊ. എന്തായിരുന്നു പ്രതികരണങ്ങള്‍?
ആദ്യമായി ചിത്രം കാണിച്ചത് ജോഷി സാറിനെയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷനിടക്കാണ് കാണിച്ചത്. സാറിന് ചിത്രം ഒത്തിരി ഇഷ്ടപ്പെട്ടു. ചിത്രത്തെ കുറിച്ച് കുറെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രിയനന്ദന് സാറ് കണ്ട് ഇഷ്ടപ്പെട്ടിട്ട് ഫെസ്റ്റുവലുകളിലേക്ക് വിടണമെന്ന് നിര്‍ദ്ദേശിച്ചു. പിന്നീട് കണ്ടവര്‍ പലരും പ്രിവ്യൂ വെക്കാന്‍ പറഞ്ഞു.
അങ്ങനെയാണ് കൊച്ചിയില്‍ പ്രിവ്യൂ വെച്ചത്. പ്രിവ്യൂ കാണാന്‍ സിബി മലയില്‍ സാറും വന്നിരുന്നു. പ്രതീക്ഷകളെ മറികടന്നെന്നും ഹോളിവുഡ് ചിത്രം പോലെയുണ്ടെന്നും സാര്‍ പറഞ്ഞു. മലയാളത്തില്‍ സിനിമ ചെയ്യണമെന്നും ഉപദേശിച്ചു. എല്ലാ മേഖലകളും ഒരുപോലെ നന്നായിരിക്കുന്നു എന്നാണ് എം. പദ്മകുമാര്‍ സാര്‍ പറഞ്ഞത്. ‘എനിക്ക് ഇനി കഥ പറയാന്‍ ഒരു പുതിയ സംവിധായിക കൂടിയായി’ എന്നാണ് മാളികപ്പുറത്തിന്റെ തിരക്കഥയെഴുതിയ അഭിലാഷ് പിള്ള തമാശരൂപേണ പറഞ്ഞത്.
Recent Comments