സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്, ശോഭന എന്നിവര്‍ അഭിനയിച്ച ചിത്രമാണ് നാടോടിക്കാറ്റ്. 1987ലാണ് ചിത്രം പുറത്തിറങ്ങിയത്. ശ്രീനിവാസന് തിരക്കഥയെഴുതിയ ചിത്രത്തിന് ഇന്ന് (നവംബര്‍ 6) 36 വര്‍ഷങ്ങള്‍ തികയുകയാണ്. ഐ.വി. ശശി, മമ്മൂട്ടി, മോഹന്‍ലാല്‍, സീമ, സെഞ്ച്വറി കൊച്ചുമോന് എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കാസിനോ പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു സിനിമ നിര്‍മ്മിച്ചത്.
തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തേയും അതിഗംഭീരമായ തിരക്കഥയിലൂടെയും നര്‍മ്മത്തിലൂടേയും ആവിഷ്കരിച്ചതാണ് നാടോടിക്കാറ്റ് എന്ന ചിത്രത്തിന് വന്‍ വിജയം സമ്മാനിച്ചത്. മോഹന്‍ലാലും ശ്രീനിവാസനും ദാസനും വിജയനുമായി എത്തിയ ചിത്രം ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്.ഒരിക്കല്‍ സിദ്ധിഖ് ലാല്‍ സത്യന് അന്തിക്കാടിനോട് പറഞ്ഞ കാലില്ല കോലങ്ങള്‍ എന്ന കഥയില്‍ നിന്നാണ് നാടോടിക്കാറ്റിന്റെ തുടക്കം. ആ കഥയില്‍ രണ്ട് കഥാപാത്രങ്ങള്‍ ഗള്‍ഫിലേക്കാണെന്നുപറഞ്ഞ് കള്ളലോഞ്ചില്‍ കയറി, ചെന്നൈയില്‍പോയി ഇറങ്ങേണ്ടിവന്ന ഭാഗമുണ്ടായിരുന്നു. ആ ഭാഗംമാത്രം നാടോടിക്കാറ്റില്‍ ഉപയോഗിച്ചു. അതിന്റെ നന്ദിസൂചകമായി ക്രെഡിറ്റ് ലിസ്റ്റില്‍ സിദ്ധിഖ്-ലാലിന്റെ പേര് കൊടുത്തു.
ക്യാപ്റ്റന്‍ രാജു സ്ഥിരമായി വില്ലനായി അഭിനയിച്ച കാലത്താണ് പവനായി എന്ന കോമഡി ടച്ചുള്ള വില്ലനായി വന്നത്. പവനായിയെ കൊല്ലുന്ന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. കഥാപാത്രം അല്പം കോമഡി ടച്ചുള്ളതായതിനാല് ഓടുമ്പോള്‍ നാവൊക്കെ പുറത്തിട്ട് കോമിക്കായിട്ടായിരുന്നു ക്യാപ്റ്റന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് സത്യന് അന്തിക്കാട് നിര്‍ബന്ധിച്ചാണ് ക്യാപ്റ്റന്‍ രാജു സീരിയസായി അഭിനയിക്കുന്നത്.
റിലീസിന് തൊട്ട് മുമ്പ് വരെയും ക്ലൈമാക്സ് ചിത്രീകരിച്ചിരുന്നില്ല. റിലീസിനോട് അടുത്തപ്പോള്‍ ചാലക്കുടിവെച്ച് തിലകന്റെ കാര്‍ ആക്സിഡന്റായി, ഡോക്ടമാര്‍ അദ്ദേഹത്തിന് മൂന്ന് മാസം റെസ്റ്റ് വിധിച്ചു. ക്ളൈമാക്സില് അനന്തന് നമ്പ്യാരെ പിടിക്കുന്ന സീനുണ്ട്. ആ സീന്‍ വന്നപ്പോള്‍ തിലകന്റെ രൂപസാദൃശ്യമുള്ള കോസ്റ്റ്യൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവെച്ചാണ് ആ സീന്‍ ചിത്രീകരിച്ചത്.
ശ്രീനിവാസന് സിനിമകളില്‍ സാധരണ കാണാത്ത കണ്ഫ്യൂഷന് കോമഡികള്‍ നാടോടിക്കാറ്റില്‍ ധാരാളമുണ്ട്. സെക്കന്റ് ഹാഫിലെ ഈ കോമഡി ട്രാക്കുകള്‍ എഴുതിയത് പ്രിയദര്‍ശനായിരുന്നു. കഥയുടെ ആദ്യ ചിന്തകളില്‍ കോവൈ വെങ്കിടേശന് എന്ന ജനാര്‍ദ്ദനന്റെ കഥാപാത്രമില്ലായിരുന്നു. പിന്നെ കഥ പെട്ടെന്ന് നിന്നു പോകുന്നത് തടയാനായി കൂട്ടി ചേര്‍ത്തതായിരുന്നു ആ കഥാപാത്രം. പല കാലങ്ങളിലായി ചിത്രീകരിച്ചതിനാല്‍ സിനിമയുടെ ദൈര്‍ഘ്യം മൂന്നുമണിക്കൂറിലേറെയായി. ഒടുവില്‍ കുറെ രസകരമായ സീനുകള്‍ വെട്ടിച്ചുരുക്കിയാണ് പ്രദര്‍ശനത്തിന് എത്തിച്ചത്.
17 ലക്ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം നൂറ് ദിവസം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ 100-ാം ദിവസത്തെ വിജയാഘോഷത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പങ്കുകൊണ്ടു.
Recent Comments