നയണ്‍ വണ്‍ ഈവന്റ്സും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന താരനിശ ഖത്തറിലെ പ്രശസ്തമായ 974 സ്റ്റേഡിയത്തില്‍ നവംബര്‍ 17 ന് അരങ്ങേറുന്നു. ഇതിന് മുന്നോടിയായി ഷോയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് നടന്നു. ഖത്തറിലെ പ്രശസ്തമായ ടോര്‍ച്ച് ടവറിലാണ് ഷോയുടെ ടൈറ്റില്‍ തെളിഞ്ഞത്. അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതാകട്ടെ നടന് കലാഭവന്‍ ഷാജോണും.
ലോകത്തിലെ ഏറ്റവും വലിയ സ്ക്രീനാണ് ടോര്‍ച്ച് ടവറിലേത്. മാത്രമല്ല 360 ഡിഗ്രിയില്‍ അത് ദൃശ്യമാവുകയും ചെയ്യും. അതായത് ഏത് ദിശയില്‍നിന്ന് നോക്കിയാലും സ്ക്രീനിലെ ദൃശ്യം കാണാനാകും. ഇത് ആദ്യമായിട്ടാണ് ഇന്ത്യയില്‍നിന്നുള്ള ഒരു ഷോ ടോര്‍ച്ച് ടവറില്‍ പ്രമോട്ട് ചെയ്യപ്പെടുന്നത്. അതും മലയാളത്തില്‍ നിന്നാണെന്നുള്ളത് ശ്രദ്ധേയമാണ്.
ഖത്തറിലെ 974 സ്റ്റേഡിയത്തിലാണ് താരനിശ അരങ്ങേറുന്നത്. ഫിഫ ഫുട്ബോള്‍ വേള്‍ഡ് കപ്പിന് വേണ്ടി പണി തീര്‍ത്തതാണ് 974 സ്റ്റേഡിയം. പൂര്‍ണ്ണമായും സ്റ്റീല്‍ കന്റയിനറില് തീര്‍ത്ത ലോകത്തിലെ അത്ഭുതങ്ങളില്‍ ഒന്നുകൂടിയാണ് ഈ സ്റ്റേഡിയം. ഈ സ്റ്റേഡിയത്തില്‍ ഒരു എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാം നടക്കുന്നതും ഇതാദ്യമാണ്.
നയണ്‍ വണ്‍ ഈവന്റ്സാണ് ഈ താരനിശയുടെ നിര്‍മ്മാതാക്കള്‍. നയണ്‍ വണ്‍ ഈവന്റ്സ് ആദ്യമായിട്ടാണ് ഇത്രയും വലിയൊരു ഷോ സംഘടിപ്പിക്കുന്നത്. മലയാളി കൂടിയായ ഹാരിസാണ് നയണ്‍ വണ്‍ ഈവന്റ്സിന്റെ മാനേജിംഗ് ഡയറക്ടര്‍. ഇവരുടെ പ്രോജക്ട് ഹെഡ്ഡായി വര്‍ക്ക് ചെയ്യുന്നത് സഞ്ജു ഡേവിഡുമാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ബിജു മേനോന്, ജയസൂര്യ, കുഞ്ചാക്കോ ബോബന്, മനോജ് കെ. ജയന്, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, ആസിഫ് അലി, കലാഭവന്‍ ഷാജോണ്‍, ഷെയ്ന് നിഗം, അര്ജുന് അശോകന്, ശ്വേതാമേനോന് അങ്ങനെ എഴുപത്തിയഞ്ചോളം ആര്‍ട്ടിസ്റ്റുകള്‍ താരനിശയില്‍ അണിനിരക്കുന്നുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് ഒരു സ്റ്റേജ് ഷോയുടെ ഭാഗമാകുന്നത്. 220 പേര് അടങ്ങുന്ന സംഘമാണ് ഈ പരിപാടിയില്‍ പങ്കുകൊള്ളാന്‍ കേരളത്തില്‍നിന്ന് എത്തുന്നത്. രഞ്ജിത്ത്, നാദിര്‍ഷാ, ഇടവേള ബാബു എന്നിവരാണ് ഷോ ഡയറക്ടേഴ്സ്. പതിവ് പാട്ടും, നൃത്തവും, സ്കിറ്റുകളുമടങ്ങുന്ന സ്റ്റേജ് ഷോയില്‍നിന്ന് വിഭിന്നമായി ഒരു കഥ പറഞ്ഞുപോകുന്ന രീതിയിലാണ് ഈ താരനിശ കണ്‍സീവ് ചെയ്തിരിക്കുന്നത്.
ടൈറ്റില്‍ ലോഞ്ചിനോടൊപ്പം ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനവും കലാഭവന്‍ ഷാജോണ്‍ നിര്‍വ്വഹിച്ചു.
Recent Comments