1996 ല്‍ ഇറങ്ങിയ ഇന്ത്യന്‍ കമല്ഹാസന്-ശങ്കര്‍ ടീമിന്റെ ദൃശ്യവിസ്മയമായിരുന്നു. 24 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ രണ്ടാംഭാഗം തുടങ്ങിയപ്പോള്‍ കമലിന്റെ ആരാധകര്‍ക്കൊപ്പം ചലച്ചിത്രലോകവും പ്രതീക്ഷയോടെ കാത്തിരുന്നു. ഏറെ വാര്‍ത്താപ്രാധാന്യം നേടിയെടുത്ത ഇന്ത്യന്‍ 2 ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ആ അത്യാഹിതം സംഭവിച്ചത്. ലൊക്കേഷനിലുണ്ടായിരുന്ന ക്രെയിന്‍ പൊട്ടിവീണ് മൂന്ന് ചലച്ചിത്ര തൊഴിലാളികളായിരുന്നു അന്ന് ദാരുണമായി കൊല്ലപ്പെട്ടത്. അതിന്റെ ആഘാതത്തില്‍ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്ത്തവയ്ക്കുകയുണ്ടായി. മാര്‍ച്ചിലാകട്ടെ കോവിഡ് കാരണം രാജ്യമെങ്ങും ലോക്ഡൗണും പ്രഖ്യാപിച്ചു. ഏകദേശം ഒന്‍പത് മാസങ്ങള്‍ക്കുശേഷം ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ ചലച്ചിത്രമേഖലയും സജീവമാവുകയാണ്.
ശങ്കറിന്റെയും കമലിന്റെയും സ്വപ്നപദ്ധതിയായ ഇന്ത്യന്‍ 2 ഷൂട്ടിംഗ് 2021 ജനുവരി അവസാനം അല്ലെങ്കില്‍ ഫെബ്രുവരി ആദ്യവാരംതന്നെ തുടങ്ങുമെന്നാണ് കമല്‍ അറിയിച്ചിരിക്കുന്നത്. അതിനുമുമ്പായി കമല്‍ അഭിനയിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ മാറിവരുന്ന തമിഴ് രാഷ്ട്രീയത്തില്‍ തന്റേതായ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ കമലും ഇനിയങ്ങോട്ട് തിരക്കിലാവുകയും ചെയ്യും. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കണമെന്നാണ് കമലിന്റെയും സംവിധായകനായ ശങ്കറിന്റെയും ലക്ഷ്യം.
കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, ബോബി സിംഹ, രാഹുല്‍ പ്രീത് സിംഗ് തുടങ്ങിയവരോടൊപ്പം നമ്മുടെ നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Recent Comments