മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങള്‍ക്കിടയിലാണ് ‘മണിച്ചിത്രത്താഴി’ന്റെ സ്ഥാനം. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് ‘മണിച്ചിത്രത്താഴ്’ എന്ന ചലച്ചിത്രം. വായനകളും പുനര്‍വായനകളുമൊക്കെയായി മണിച്ചിത്രത്താഴ് ഇപ്പോഴും ചലച്ചിത്രാസ്വാദകരുടെ സിനിമാവര്‍ത്തമാനങ്ങളില്‍ നിറയുകയാണ്. ഇപ്പോഴിതാ, കേരളീയത്തിലെ ചലച്ചിത്ര പ്രദര്‍ശനങ്ങളിലും ചര്‍ച്ചാവിഷയം മണിച്ചിത്രത്താഴ് തന്നെ.
മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ അധിഷ്ഠിതമായിരിക്കണമെന്നതിനാല് ഫാസിലിന്റെ മനസ്സില്‍ തെളിഞ്ഞുവന്നത് ഒരേയൊരു പേരാണ്. സാക്ഷാല്‍ എം.ജി. രാധകൃഷ്ണന്. ഫാസില്‍ അദ്ദേഹത്തെ വിളിച്ചു തന്റെ പുതിയ ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി തരണമെന്ന് പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ സമ്മതം മൂളുകയും ചെയ്തു. എം.ജി. രാധാകൃഷ്ണനെ ആലപ്പുഴയിലേക്ക് കൂട്ടി കൊണ്ടുവന്നതു ഗാനരചയിതാവ് ബിച്ചു തിരുമലയാണ്. ആലപ്പുഴയില്‍ അവര്‍ താമസിക്കുന്ന ഹോട്ടലിലെത്തി ഫാസില്‍ കഥ പറഞ്ഞു. കഥ മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ എം.ജി. രാധാകൃഷ്ണന് വെപ്രാളമായി.
അന്ന് ഫാസിലിനൊപ്പം ഉണ്ടായിരുന്ന ലത്തീഫിന് (നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ) തനിക്ക് കിട്ടിയ ആഡ്വാന്‍സ് തുക തിരികെ നല്കി എംജി രാധാകൃഷ്ണന് പറഞ്ഞു. ‘എനിക്കു പറ്റുമെന്നു തോന്നുന്നില്ല. ഫാസിലിനോടു പറഞ്ഞേക്കൂ.’
‘ഈ പടം ചേട്ടനാണ് ചെയ്യുന്നത്. അതില്‍ ഒരു മാറ്റവുമില്ല. ദാസേട്ടന് പാടും’ എന്നായിരുന്നു ഫാസിലിന്റെ മറുപടി. ഫാസില്‍ അത്രയും നിര്‍ബന്ധിച്ചപ്പോള്‍ എംജി രാധാകൃഷ്ണന് ഒഴിഞ്ഞുമാറാന്‍ കഴിയാതെയായി. അത്ര ആഴത്തിലുള്ളതായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം.
ശോഭനയുടെ കഥാപാത്രത്തിന്റെ ദ്വന്ദ്വ വ്യക്തിത്വം രാധാകൃഷ്ണനെ അലട്ടിക്കൊണ്ടേയിരുന്നു. പാട്ടിനെ കുറിച്ചുള്ള ചിന്തകള്‍ കാരണം അദ്ദേഹത്തിന്റെ മനസ്സ് കലങ്ങി മറിയാന്‍ തുടങ്ങി. ഉടനെ വീട്ടുകാര്‍ എംജി രാധാകൃഷ്ണനെ മലപ്പുറം കോട്ടയ്ക്കലിലേക്ക് കൊണ്ട് പോയി. 16 ദിവസമാണ് ധാര ചെയ്തത്. അതിനുശേഷമാണ് എംജി രാധാകൃഷ്ണന് സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്. ഈ അനുഭവം അടുത്തിടെ തുറന്നുപറഞ്ഞത് അദ്ദേഹത്തിന്റെ സഹോദരി കൂടിയായ ഓമനക്കുട്ടി ടീച്ചറാണ്.
ചികിത്സാഫലം കണ്ടതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. അതിനു ശേഷമായിരുന്നു കമ്പോസിങ്. കമ്പോസിങിന് ഒരു മാസത്തോളം എടുത്തു. ‘പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍, പഴയൊരു തംബുരു തേങ്ങി’. ബിച്ചു വരികള്‍ പാടി കേള്‍പ്പിച്ചു. ആ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണന് ട്യൂണിട്ടു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനമാണ് അവിടെ പിറന്നത്.
മണിച്ചിത്രത്താഴിലെ ആ രംഗത്തില്‍ നാഗവല്ലി തെക്കിനിയിലെ മുറിയിലിരുന്നു പാടുന്നത് ആഹരി രാഗത്തിലാണ്. മോഹന്‍ലാല്‍ മെതിയടിയുമായി നടക്കുന്ന സമയത്ത് ചോദിക്കുന്നുണ്ട്. ‘അന്ത ആഹരിയില്‍ കീര്‍ത്തനം പാടി നീങ്കളാ.’ അവിടെ ആ രാഗത്തിന്റെ പേരു വരുന്നുണ്ട്. ആ ഭാഗത്ത് സുജാത ‘ഒരു മുറൈ വന്ത് പാറായോ…’ എന്നു ആഹരിയില്‍ പാടുന്നുണ്ട്. ആ ചോദ്യത്തിനു ശേഷം പിറ്റേന്ന് ഡോക്ടര്‍ സണ്ണി പാടുന്നതാണ് ‘പഴംതമിഴ് പാട്ട്.’ അങ്ങനെ പൂര്‍ണമായും സിറ്റുവേഷനോട് യോജിച്ചാണ് ഗാനം സിനിമയില്‍ പ്ലേസ് ചെയ്തിരിക്കുന്നത്.
മണിച്ചിത്രത്താഴ് റിലീസായി തൊട്ടടുത്ത വര്‍ഷം ക്രിസ്മസിന് തലേന്ന് നക്ഷത്രം കെട്ടിതൂക്കുമ്പോള്‍ വീടിന്റെ സണ്‍ഷേഡില്‍ നിന്നു ബിച്ചു തിരുമല താഴെ വീണു. ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നു. പതിനൊന്നു ദിവസം ബോധമില്ലായിരുന്നു. ബോധത്തിലേക്ക് വരാനായി ഡോക്ടര്‍മാര്‍ ഓരോ പാട്ടുകളെക്കുറിച്ചും ചോദിച്ചുകൊണ്ടിരുന്നു. ‘കണ്ണാം തുമ്പീ…’ എഴുതിയത് ആരാണ് എന്ന് ചോദിച്ചപ്പോള്‍ താനാണ് എന്ന് മറുപടി പറഞ്ഞുകൊണ്ടാണ് ബിച്ചു തിരുമല സ്വബോധത്തിലേക്ക് വന്നത്.
‘പഴംതമിഴ്’ പാട്ടിന്റെ രാഗമായ ആഹരിയുടെ പ്രശ്നമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെട്ടു. ആഹരി രാഗത്തില്‍ കീര്‍ത്തനം ചെയ്താല്‍ ആഹാരം മുടങ്ങുമെന്ന ചൊല്ലിനെ ഇത് സാധൂകരിച്ചു. എം.ജി. രാധാകൃഷ്ണന് പ്രതീക്ഷിച്ച അവാര്‍ഡ് കിട്ടാതെ വന്നപ്പോള്‍ അതും ആഹരിയുടെ തലയില്‍ ചിലരെങ്കിലും വെച്ചുകെട്ടി. എന്നാല്‍ പാട്ടുപാടിയ യേശുദാസിനും സുജാതയ്ക്കും പ്രശ്നമൊന്നും ഉണ്ടായില്ല.
Recent Comments