‘പള്ളുരുത്തിയിലെ പ്രശസ്തമായ വെളി ക്ഷേത്രത്തിലെ മിമിക്സ് പരേഡ് അവതരിപ്പിക്കാന്‍ എത്തുമ്പോഴാണ് ഞാന്‍ ആദ്യമായി ഹനീഫിനെ പരിചയപ്പെടുന്നത്. കലാഭവനില്‍ മിമിക്സ് പരേഡ് തുടങ്ങിയ കാലമാണ്. രണ്ട് പേര് ചേര്‍ന്നാണ് ആ പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നത്. കലാഭവന്റെ തന്നെ ഗാനമേളയ്ക്കിടയില്‍ മിമിക്രികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഹനീഫിന്റെ തുടക്കം. അധികമാരും അവതരിപ്പിക്കാത്ത താരങ്ങളുടെ ശബ്ദങ്ങളാണ് ഹനീഫ് അനുകരിച്ചത്. രാഘവന്, എം.എന്‍. നമ്പ്യാര്‍, നെടുമുടി വേണു, നസീര്‍ സാറിന്റെ ഫൈറ്റ് സീനുകള്‍ ഇതൊക്കെ ഹനീഫിന്റെ മാസ്റ്റര്‍ പീസുകളായിരുന്നു.
അസാമാന്യ ഹ്യൂമര്‍സെന്‍സുള്ള കലാകാരനായിരുന്നു ഹനീഫ്. മറ്റുള്ളവരെ കളിയാക്കിക്കൊണ്ടുള്ള അനേകം കഥകള്‍ ഹനീഫ് സൃഷ്ടിച്ചിരുന്നു. പക്ഷേ അതൊന്നും അവര്‍ക്ക് വേദനയുണ്ടാക്കുന്നതായിരുന്നില്ല. റാഫിയുടെ കടുത്ത ആരാധകനായിരുന്നു ഹനീഫ്. ആശുപത്രി കിടക്കയിലായിരുന്നപ്പോഴും ഹനീഫ് എനിക്കൊരു റാഫിയുടെ പാട്ട് അയച്ചുതന്നു. ഞാന്‍ അദ്ദേഹത്തിന് മറ്റൊരു പാട്ട് അയച്ചു കൊടുത്തു. രണ്ട് ദിവസംമുമ്പും വിളിച്ചു. മകളാണ് ഫോണ്‍ എടുത്തത്. നല്ല ആശ്വാസമുണ്ടെന്നും അധികം സംസാരിക്കേണ്ടന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതുകൊണ്ട് ഫോണ്‍ എടുക്കാത്തതെന്നുമാണ് അവള് പറഞ്ഞത്. വര്‍ഷങ്ങളായി ഹനീഫിന് പ്രമേഹരോഗം ഉണ്ടായിരുന്നു. മുടങ്ങാതെ അദ്ദേഹം ഇന്‍സുലിന്‍ എടുക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് ശ്വാസംമുട്ടലിനെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു. പിന്നീടാണ് മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക് മാറ്റിയത്. പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തും എന്നുതന്നെയായിരുന്നു പ്രതീക്ഷ. ഈ വിയോഗം ഒട്ടും വിശ്വസിക്കാനാകുന്നില്ല.’ കലാഭവന്‍ റഹ്മാന് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments