ബോളിവുഡിലെ ‘ഡ്രീം ഗേള്‍’ ഹേമമാലിനിയുടെ 75-ാം ജന്മദിനം വലിയ ആഘോഷത്തോടെയാണ് ബോളിവുഡ് കൊണ്ടാടിയത്. ഭര്‍ത്താവും നടനുമായ ധര്‍മേന്ദ്രക്കും മക്കളായ ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നിവര്‍ക്കുമൊപ്പം ഹേമമാലിനി കേക്ക് മുറിക്കുന്ന ചിത്രങ്ങളും വൈറലായി. നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട് ബോളിവുഡിലെ നായികസങ്കല്പങ്ങളെ മാറ്റിമറിച്ച പ്രിയ നടിക്ക് ആശംസ നേരാനും ആഘോഷ ചടങ്ങില്‍ പങ്കാളികളാകാനും വിവിധ തലമുറകളിലെ താരനിരയാണ് എത്തിയത്.
സിനിമ പോലെ തന്നെ നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു ഹേമയുടെ വ്യക്തി ജീവിതവും. ഹേമയുടെ പ്രണയവും വിവാഹവുമൊക്കെ ബോളിവുഡ് സിനിമയെ വെല്ലുന്ന കഥയാണ്. ബോളിവുഡിലെ സൂപ്പര്‍ താരമായ ധര്‍മേന്ദ്രയും ഹേമമാലിനിയും തമ്മിലുള്ള പ്രണയം വലിയ വിവാദവുമായിരുന്നു.
1970-ല്‍ ‘തു ഹസീന് മെയിന്‍ ജവാന്’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ധര്‍മേന്ദ്രയും ഹേമമാലിനിയും ആദ്യമായി കണ്ടുമുട്ടുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുവരും സെറ്റില്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും അവര്‍ പ്രണയത്തിലായി. ധര്‍മേന്ദ്രയെ കണ്ട നിമിഷത്തില്‍ തന്നെ തനിക്ക് വേണ്ടിയുള്ള ആളാണെന്ന് തോന്നിയെന്നും തന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിനൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിച്ചുവെന്നും പില്ക്കാലത്ത് ഒരു അഭിമുഖത്തില്‍ ഹേമമാലിനി വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ധര്‍മേന്ദ്ര നേരത്തെ തന്നെ വിവാഹിതനായിരുന്നു. പ്രകാശ് കൗര്‍ എന്ന സ്ത്രീയില്‍ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, വിജേത ഡിയോള്‍, അജീത ഡിയോള്‍ എന്നീ നാല് കുട്ടികളും ധര്മേന്ദ്രക്കുണ്ടായിരുന്നു. എന്നിരുന്നാലും, ഹേമ മാലിനിയുമായി പ്രേമത്തിലാകുന്നതില് ധര്‍മ്മേന്ദ്രയെ ഇത് ഒന്നും തന്നെ തടഞ്ഞില്ല. അതോടെ ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയും ചെയ്തിരുന്നു.
വിവാഹിതനായ ഒരാളെ മകള്‍ വിവാഹം കഴിക്കുന്നത് ഇഷ്ടമില്ലാതിരുന്നതിനാല്‍ ഹേമമാലിനിയുടെ അച്ഛന് ഈ പ്രണയത്തെ എതിര്‍ത്തു. നടന് ജിതേന്ദ്രയെ ഹേമമാലിനിയുടെ കുടുംബത്തിന് പ്രത്യേകിച്ചും അമ്മ ജയക്ക് വളരെ ഇഷ്ടമായിരുന്നു. അതൊരു അവസരമായി കണ്ട് ഹേമമാലിനിയും ജിതേന്ദ്രയും തമ്മിലുള്ള വിവാഹം നടത്താന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. വളരെ രഹസ്യമായി ചെന്നൈയില്‍വച്ച് വിവാഹം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.
ഇതറിഞ്ഞ ധര്‍മേന്ദ്രയും ജിതേന്ദ്രയുടെ കാമുകിയായിരുന്ന ശോഭ കപൂറും ചെന്നൈയിലേക്ക് തിരിച്ചു. ഹേമമാലിനിയുടെ മുറിയില്‍ കയറി ജിതേന്ദ്രയെ വിവാഹം ചെയ്യരുതെന്ന് ധര്‍മ്മേന്ദ്ര കേണപേക്ഷിച്ചു. ഇതേസമയം ജീതേന്ദ്രയും കാമുകി ശോഭ കപൂറും തമ്മില്‍ തര്‍ക്കമുണ്ടായി. ശോഭ കപൂര്‍ തന്റെ ദേഷ്യം പ്രകടിപ്പിച്ചെങ്കിലും ജീതേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിക്കാനാണ് തന്റെ തീരുമാനമെന്ന് തുറന്ന് പറഞ്ഞു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ഹേമ ഈ വിവാഹത്തിന് തയ്യാറായില്ല. അപമാനിക്കപ്പെട്ട ജീതേന്ദ്ര കുടുംബത്തോടൊപ്പം തിരിച്ച് പോയി. 1974 ല്‍ ശോഭ കപൂറിനെ വിവാഹവും ചെയ്തു.
പ്രണയബന്ധത്തില്‍ അരക്ഷിതാവസ്ഥ തോന്നിയ ധര്‍മേന്ദ്ര ഹേമമാലിനിയുടെ കാര്യത്തില്‍ പൊസസീവായി. കടുത്ത നിയന്ത്രണങ്ങള്‍ ഹേമ മാലിനിയുടെ ജീവിതരീതിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു. അതില്‍ അസ്വസ്ഥയായ ഹേമമാലിനി മുംബൈയില്‍ തിരിച്ചെത്തുകയും ജിതേന്ദ്രയ്ക്കൊപ്പം അഭിനയിക്കുകയും ചെയ്തു. താനൊരിക്കലും ഇനി വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തില്ല എന്ന് ഹേമമാലിനിയ്ക്ക് ധര്‍മേന്ദ്ര പിന്നീട് വാക്ക് നല്കി. അതോടെ ഹേമ മാലിനി ധര്‍മേന്ദ്രയുമായുള്ള വിവാഹത്തിന് സമ്മതം മൂളി.
ധര്‍മേന്ദ്രയും ഹേമ മാലിനിയും 1980 മെയ് രണ്ടിന് ആണ് വിവാഹിതരായത്. പക്ഷേ അപ്പോഴും ധര്‍മ്മേന്ദ്ര ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചിരുന്നില്ല. കാരണം പ്രകാശ് കൗര്‍ വിവാഹ മോചനത്തിന് തയ്യാറായിരുന്നില്ല. ഭര്‍ത്താവിന്റെ തറവാട്ട് വീട്ടിലേക്കോ അവിടെ നടക്കുന്ന ചടങ്ങുകളിലോ പങ്കുകൊള്ളാന്‍ ഹേമമാലിനിയും ഒരുക്കമായിരുന്നില്ല. പ്രകാശ് കൗറുമായുള്ള കണ്ടുമുട്ടലുകളും ഹേമമാലിനി ഒഴിവാക്കിയിരുന്നു. ഭര്‍ത്താവിന്റെ ആദ്യ വിവാഹബന്ധം തകരാന്‍ താനാഗ്രഹിച്ചിട്ടില്ലെന്ന് ഹേമമാലിനി തുറന്ന് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഹേമമാലിനി-ധര്‍മേന്ദ്ര ബന്ധം തകരാത്തതിന് പിന്നില്‍ അവരുടെ ഗാഢമായ പ്രണയം കൊണ്ടുമാത്രമായിരുന്നു.
Recent Comments