രാവിലെ ഫഹദ് ഫാസിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടതിനു പിന്നാലെ ഫാസിലിനെ വിളിച്ചു. പോസ്റ്റ് എന്തായിരുന്നുവെന്നല്ലേ? മലയന്‍കുഞ്ഞ് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററാണ്. പോസ്റ്ററിന്റെ പശ്ചാത്തലത്തില്‍ പേടിച്ചിരണ്ട ഫഹദ് ഫാസിലിന്റെ കണ്ണുകളുണ്ട്. അതിന് താഴെയായി സജിമോന്‍, ഫാസില്‍, മഹേഷ് നാരായണന് എന്നിവരുടെ പേരുകളും. ആദ്യം മനസ്സിലൂടെ മിന്നി മറഞ്ഞത് ഫാസില്‍ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നുവെന്നാണ്. കാരണമുണ്ട്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ പ്രദര്‍ശനത്തിനെത്തിയിട്ട് 40 വര്‍ഷങ്ങളാകാന്‍ പോകുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെതന്നെ വിളിച്ചത്.
മലയന്‍കുഞ്ഞിന്റെ പോസ്റ്റര്‍ കണ്ടിട്ടാണ് വിളിക്കുന്നത്?
അതിപ്പോള്‍ പോസ്റ്റ് ചെയ്തതേയുള്ളൂ.
ഫാസിലിന്റെ പേര് അതില്‍ രേഖപ്പെടുത്തിക്കാണുമ്പോള് വാര്‍ത്താപ്രാധാന്യം കൂടും?
ഫാസില്‍ ചിരിക്കുന്നു.
ആരാണ് അല്ലെങ്കില്‍ എന്താണ് മലയന്‍കുഞ്ഞ്?
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയാണ് മലയന്‍കുഞ്ഞ്. അടിസ്ഥാനപരമായി ഇതൊരു സര്‍വൈവല്‍ സ്റ്റോറിയാണ്.
സംവിധായകന് ആരാണ്?
സജിമോന്‍. ദീര്‍ഘകാലം പലരുടെയും കീഴില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ആളാണ് സജി. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമാണ്.
സംവിധാന ചുമതലയില്‍നിന്ന് പാച്ചിക്ക മാറിനിന്നത് എന്തുകൊണ്ടാണ്?
മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. അദ്ദേഹം എന്നോട് വന്ന് ഇതിന്റെ കഥ പറഞ്ഞപ്പോള്‍ വല്ലാത്ത ഇഷ്ടമായി. ഉടനെതന്നെ അത് നിര്‍മ്മിക്കാന്‍ ചാടി പുറപ്പെടുകയായിരുന്നു. മഹേഷ് നാരായണന് തന്നെയാണ് മലയന്‍കുഞ്ഞിന്റെ ക്യാമറാമാനും.
എത്രാമത്തെ ചിത്രമാണ് നിര്‍മ്മിക്കുന്നതെന്ന് ഓര്‍മ്മയുണ്ടോ?
സിദ്ധിക്ക്-ലാലിനെ സ്വതന്ത്ര സംവിധായകരാക്കാന്‍ റാംജിറാവ് സ്പീക്കിംഗ് നിര്‍മ്മിച്ചത് ഞാനാണ്. കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടിയും ക്രോണിക്ക് ബാച്ച്ലറും ചന്ദ്രലേഖയും ലൈഫ് ഇസ് ബ്യൂട്ടിഫുളും ഏറ്റവും ഒടുവില്‍ കയ്യെത്തുംദൂരത്ത് ഒക്കെ എന്റെ നിര്മ്മാണചിത്രങ്ങളായിരുന്നു.
ഫഹദിനെ കൂടാതെ വേറെ ആര്‍ട്ടിസ്റ്റുകള്‍ ആരൊക്കെയാണ്?
എന്റെ കൈയില്‍ കിട്ടിയിരിക്കുന്ന ലിസ്റ്റില്‍ സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രന്‍സും ഷറഫുദ്ദീനുമുണ്ട്.
ഷൂട്ടിംഗ് എന്ന് തുടങ്ങും?
തീയേറ്റര്‍ റിലീസാണ് ഉദ്ദേശിക്കുന്നത്. ജനുവരിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാറുമെന്ന് പ്രതീക്ഷയില്‍ ഫെബ്രുവരിയിലാണ് ഷൂട്ടിംഗ് തീരുമാനിച്ചിരിക്കുന്നത്.
നിര്മ്മാണതീരുമാനത്തെ അംഗീകരിക്കുന്നു, പക്ഷേ ഞങ്ങള്‍ കാത്തിരിക്കുന്നത് ഫാസിലിന്റെ ഒരു സംവിധാനചിത്രത്തിനുവേണ്ടിയാണ്?
നമുക്ക് നോക്കാം. ചിരിയോടെ ഫാസില്‍ പറഞ്ഞുനിര്‍ത്തി.
Recent Comments