മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ മനസില്‍ എന്നും ഇടംപിടിച്ച സിനിമയായിരുന്നു ഹരികൃഷ്ണന്‍സ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് താരം ജൂഹി ചൗളയാണ് നായികാ കഥാപാത്രത്തെ അവതിരിപ്പിച്ചത്. 1998 ലെ ഓണക്കാലത്തായിരുന്നു ഹരികൃഷ്ണന്സിന്റെ റിലീസ്.
ചിത്രത്തില്‍ അഞ്ചോളം ഗാനങ്ങളാണ് ഔസേപ്പച്ചന്-കൈതപ്രം ടീം ഒരുക്കിയത്. അതിലെ അഞ്ചും ഹിറ്റായിരുന്നു. സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടയില്‍ തന്നെയാണ് പാട്ടുകളും ചിട്ടപ്പെടുത്തിയത്. ക്ലൈമാക്സ് രംഗത്ത് ദേവിയെ പ്രീതിപ്പെടുത്തേണ്ട ഏറ്റവും പ്രാധാന്യമുള്ള പാട്ടായിരുന്നു ‘സമയമിതപൂര്‍വ സായാഹ്നം’.
ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ഒരു ദിവസം ഔസേപ്പച്ചന് ലൊക്കേഷനില്‍ ചെന്നു. മമ്മൂട്ടിയുമായി സംസാരിക്കാനിടയായി. അവസാനഭാഗത്ത് വരുന്ന ഗാനം ഗംഭീരമാകണമെന്നും സംഗതികളൊക്കെ കലര്‍ത്തി ആളുകളെ ഞെട്ടിക്കണം എന്നും മമ്മൂട്ടി ഔസേപ്പച്ചനോട് പറഞ്ഞു. മമ്മൂട്ടിയുടെ സ്നേഹത്തോടെയുള്ള ആ വാക്കുകള്‍ ഔസേപ്പച്ചനില്‍ ആവേശമാണ് ഉണ്ടാക്കിയത്.
പാട്ടിന്റെ കമ്പോസിങ്ങിനായി ആലപ്പുഴയിലെ ഒരു ഹോട്ടലിലാണ് കൈതപ്രവും ഔസേപ്പച്ചനും താമസിച്ചത്. ഫാസിലാണെങ്കില്‍ ചേര്‍ത്തലയില്‍ ഷൂട്ടിങ്ങിലുമായിരുന്നു. ഒരു ദിവസം വീട്ടില്‍ നിന്ന് ലൊക്കേഷനിലേക്ക് പോകുന്ന വഴി കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഫാസില്‍ ഹോട്ടലില്‍ കയറി.
സ്വരങ്ങള്‍ വെച്ചൊരു ട്യൂണ്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ക്കത് (ഫാസിലിന്) കേള്‍ക്കാനുള്ള സാവകാശമില്ലല്ലോ. അതുകൊണ്ട് അതിനകത്ത് വരികള്‍ കൂടെ ചേര്‍ത്ത് കേള്‍പ്പിക്കാം.’ ഔസേപ്പച്ചന് പറഞ്ഞു. ആ സമയം കൈതപ്രം വളരെ അസ്വസ്ഥനായി കാണപ്പെട്ടു.’ വരികളില്‍ എന്ത് എഴുതുമെന്ന ആശങ്കയിലായിരുന്നു കൈതപ്രം.
കൈതപ്രത്തിന് എന്തെങ്കിലും ആശയം പറഞ്ഞ് കൊടുത്തിട്ടു പോകാന്‍ ഔസേപ്പച്ചന് ഫാസിലിനോട് ആവശ്യപ്പെട്ടു. ‘നിങ്ങള്‍ ഏതോ സ്വരങ്ങള്‍ വെച്ച് ട്യൂണ്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നല്ലേ പറഞ്ഞത്. അതിലെ ആദ്യസ്വരം എന്താണ്?’ ഫാസില്‍ ഔസേപ്പച്ചനോട് ചോദിച്ചു.
‘സ’.
രണ്ടാമത്തെ സ്വരമോ?
അത് ‘മ’.
അതുകേട്ട് ഫാസില്‍ കൈതപ്രത്തിനോട് പറഞ്ഞു. ‘തിരുമേനി, ആദ്യത്തെ അക്ഷരം സ, രണ്ടാമത്തെ അക്ഷരം മ. ഇനി നിങ്ങളങ്ങ് പാട്ടുണ്ടാക്കിക്കോ’. ഫാസില്‍ കൈതപ്രത്തിനോട് പറഞ്ഞിട്ട് അവിടെനിന്ന് ഇറങ്ങി.
ഷൂട്ടിങ്ങിനിടയ്ക്ക് ഫാസിലിന് ഔസേപ്പച്ചന്റെ ഫോണ്‍ വന്നു. പാട്ട് മുഴുവനാക്കിയെന്ന് പറയാനാണ് വിളിച്ചത്. രണ്ട് മണിക്കൂറിനുള്ളില്‍ കമ്പോസിങ് പൂര്‍ത്തിയായിരിക്കുന്നു. അങ്ങനെ പിറന്ന പാട്ടാണ് ‘സമയമിതപൂര്‍വ സായാഹ്നം…’
ആ ഗാനചിത്രീകരണ വേളയില്‍ ഔസേപ്പച്ചന് ലൊക്കേഷനില്‍ പോയിരുന്നു. പാട്ടിന് ലിപ് കൊടുക്കുമ്പോള്‍ നിര്‍ദേശം നല്‍കാനായി ചെന്ന ഔസേപ്പച്ചനോട്, ഇങ്ങനൊരു പണി തരണ്ടായിരുന്നു എന്ന് മമ്മൂട്ടി തോളത്ത് തട്ടി പറഞ്ഞു.
ചിത്രം പ്രദര്‍ശനത്തിനെത്തി. ആദ്യ ദിവസങ്ങളില്‍ പടം കണ്ട കൈതപ്രം ഞെട്ടി. ദേവി എഴുന്നെള്ളിക്കുമ്പോള്‍ കുഞ്ചാക്കോ ബോബന്റെ പാട്ട് നിന്നു പോയിട്ട് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് പാടി മുഴുവിപ്പിക്കുന്ന ഒരു ഗാനമാണിതെന്ന കാര്യം കൈതപ്രത്തിന് അറിയില്ലായിരുന്നു. സാധാരണ സെമി ക്ലാസിക്കല്‍ ഗാനം പോലെ എഴുതി കൊടുത്ത വരികള്‍ ക്ലൈമാക്സില്‍ ഇങ്ങനെ പ്ലേസ് ചെയ്തതില്‍ കൈതപ്രം ആശ്ചര്യപ്പെട്ടു. ഉടനെ ഫാസിലിനെ വിളിച്ചു. ‘ഇയാള്‍ എന്തൊക്കെയാടോ ഈ കാണിച്ച് വെച്ചിരിക്കുന്നത്?’ കൈതപ്രം ഫാസിലിനോട് ചോദിച്ചു. ആ വാക്കുകളിലെ സ്നേഹം തിരിച്ചറിഞ്ഞ ഫാസില്‍ ഒരു പ്രശംസയായി അത് സ്വീകരിച്ചു.
Recent Comments