അനശ്വര നടന് ജയന് വിടപറഞ്ഞിട്ട് ഇന്നേക്ക് 43 വര്‍ഷം. 43 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള സിനിമയില്‍ ജയനെന്ന ആക്ഷന്‍ ഹീറോ അനശ്വരനാണ്. മരണത്തിനിപ്പുറവും മലയാളികള്‍ ഇങ്ങനെ നെഞ്ചേറ്റിയ, ആവേശംകൊണ്ട മറ്റൊരു നടനില്ല. എല്ലാ കാലത്തും യുവതലമുറയുടെ പ്രതിനിധിയായ നടന്മാര് ഉണ്ടാകാറുണ്ട്. എന്നാല്‍ എല്ലാ തലമുറകളുടെയും താരമായി ജീവിക്കാതെ ജീവിക്കുന്ന ഒരു നടന് മാത്രമെ നമുക്കുണ്ടായിട്ടുള്ളു.
കൊല്ലം ജില്ലയിലെ തേവള്ളിയിലെ ഓലയിലാണ് കൃഷ്ണന് നായര്‍ എന്ന ജയന്റെ ജനനം. ജയന്റെ വീട്ടിലെ വിളിപേര് ബേബി എന്നായിരുന്നു. വീടിനടുത്തുണ്ടായിരുന്ന ഗവണ്മെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്. സ്കൂളിലെ എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. ഇന്ത്യന്‍ നേവിയില്‍നിന്ന് രാജിവെക്കുമ്പോള്‍ ജയന് ചീഫ് പെറ്റി ഓഫീസര്‍ പദവിയില്‍ എത്തിയിരുന്നു. പതിനഞ്ച് വര്‍ഷത്തെ നാവികജീവിതത്തിനു ശേഷമായിരുന്നു അദ്ദേഹം സിനിമാരംഗത്തേയ്ക്കെത്തുന്നത്.
അമ്മാവന്റെ മകളായിരുന്ന അഭിനേത്രി ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തുന്നത്. 1974 ല്‍ റിലീസ് ചെയ്ത ശാപമോക്ഷമായിരുന്നു ആദ്യ ചിത്രം. ചെറിയ വില്ലന്‍വേഷങ്ങളില്‍ നിന്നു പ്രധാന വില്ലന്‍ വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായകവേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരന് സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായെത്തിയ ആദ്യചിത്രം. ഐ.വി. ശശി-ടി. ദാമോദരന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘അങ്ങാടി’ ജയനെ ആസ്വാദകഹൃദയങ്ങളില്‍ പതിച്ചുവച്ചു. ബെല്‍ബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയര്‍ സ്റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഫാഷന്റെ അവസാനവാക്കായി മാറി.
കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ടുതന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോയും സൂപ്പര്‍സ്റ്റാറുമായി. സത്യനും നസീറും കഴിഞ്ഞാല്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇന്‍ഡിവിജ്വലായി ഒരു ‘കോളിളക്ക’മുണ്ടാക്കി കടന്നുപോയത് ജയനാണ്.
അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയന് കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കില്‍ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്റെ കടന്നുവരവോടുകൂടിയായിരുന്നു. ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തില്‍ സംക്രമിപ്പിച്ച് ജയന് അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി.
രാത്രി എത്ര വൈകുംവരെ ഷൂട്ടിങ് ഉണ്ടായാലും വെളുപ്പിന് നാലുമണി മുതല്‍ ജയന്റെ ഒരു ദിവസം ആരംഭിച്ചിരിക്കും. വ്യായാമം ചെയ്യാനാണ് അതിരാവിലെ എഴുന്നേല്‍ക്കുന്നത്. ജയന്റെ ശബ്ദവും അതുവരെ മലയാള സിനിമ കേള്‍ക്കാത്ത തരത്തില്‍ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി എന്നതാണ് വാസ്തവം.
അപകടകരമായ ഏതു സീനിലും വളരെ കൃത്യതയോടെ ജയന് ഇടപെട്ടിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ അപകടകരമായ ധാരാളം രംഗങ്ങള്‍ ജയന് ഡ്യൂപ്പില്ലാതെ ചെയ്തു. ഓരോ പ്രകടനവും അമ്പരപ്പിക്കുന്നതായിരുന്നു. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനില്‍ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റന്‍ ഗ്ലാസ് ഡോറുകള്‍ തകര്‍ത്തു മുന്നേറാനോ വലിയ കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. എന്നാല്‍ ചെറിയൊരു പാളിച്ച അപ്രതീക്ഷിതമായി സംഭവിച്ചു.
കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് 1980 നവംബര്‍ 16-ാം തിയതി അദ്ദേഹം അകാലമൃത്യുവടയുന്നത്. ഉയരങ്ങളില്‍നിന്നുള്ള വീഴ്ച ജയനെ കവര്‍ന്നെടുത്ത ദിവസം എല്ലാ ജയന് ആരാധകരുടെ മനസ്സിലും മായ്ക്കാനാവാത്ത തരത്തില്‍ പതിഞ്ഞിരിക്കുന്നു. നാല്‍പ്പത്തി ഒന്നാം വയസ്സില്‍ തന്നെ അപകടം ജീവിതത്തിന് തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളില്‍ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യന്‍ സിനിമയില്‍ ജയനു മാത്രം സാധ്യമായ അപൂര്‍വ്വതയാണ്.
Recent Comments