ഗുരുവായൂര്‍ അമ്പലനടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയ്ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി. ഉടന്‍ വരാനിരിക്കുന്ന മകളുടെ കല്യാണത്തിന് ആവശ്യമായ 200 കിലോ മുല്ലപ്പൂവും 100 കിലോ പിച്ചിപ്പൂവും ഓര്‍ഡര്‍ ചെയ്താണ് ധന്യയെ സുരേഷ് ഗോപി സഹായിച്ചത്.
എസ് ജി കോഫീ ടൈം എന്ന പരിപാടിയുടെ ഭാഗമായാണ് സുരേഷ് ഗോപി ഗുരുവായൂരില്‍ എത്തിയത്. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും വികസന കാഴ്ചപ്പാടുകളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച അഭിപ്രായങ്ങളോടും ആശങ്കകളോടും അദ്ദേഹം നേരിട്ട് പ്രതികരിച്ചു.
വെറുതെ കാശ് കൊടുക്കുന്നതിന് പകരം അവരുടെ അധ്വാനത്തിനുള്ള പ്രതിഫലമായിട്ടാണ് ഈ സഹായത്തിനെ സുരേഷ് ഗോപി നോക്കി കാണുന്നത്. മകളുടെ മാംഗല്യത്തിലേക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് വരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
കുഞ്ഞിനെ പൂട്ടിയിട്ട് ജോലിക്കിറങ്ങുന്നതിന് പകരം നെഞ്ചോട് ചേര്‍ത്ത് പിടിക്കുമ്പോള്‍ ഉത്തരവാദിത്വം എന്താണ് എന്നത് കുഞ്ഞിന്റെ ചോരയില്‍ പതിയുമെന്നും ഇത് കാണുന്ന മക്കള്‍ക്ക് അമ്മമാരോട് സ്നേഹം വര്‍ദ്ധിക്കുമെന്ന സന്ദേശം ആണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
16-ാം തീയതി രാത്രി പൂക്കള്‍ എത്തിച്ചു നല്‍കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ധന്യ പറഞ്ഞു. ഇതിന് ആവശ്യമായ കാര്യങ്ങള്‍ എത്തിച്ചു തരാമെന്ന് അറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
Recent Comments