ഒരു നടന് ചെയ്ത കഥാപാത്രം മറ്റൊരു നടന് ചെയ്തിരുന്നെങ്കില്‍ എന്ന ചര്‍ച്ചകള്‍ പലപ്പോഴും ഉടലെടുക്കാറുണ്ട്. പക്ഷേ സാധാരണയായി രണ്ട് നടന്മാരുടെയും താരമൂല്യത്തിലൂന്നിയുള്ള ഒരു താരതമ്യം ആയിരിക്കും നടക്കുന്നത്. എന്നാല്‍ അഭിനയം മാത്രം മാറ്റുരച്ചു നോക്കുകയാണെങ്കില്‍ ധാരാളം കഥാപാത്രങ്ങള്‍ക്ക് നിലവിലുള്ളതിനെക്കാള്‍ മിഴിവ് തോന്നിക്കും.
അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ബ്ലെസിയുടെ പ്രണയത്തിലെ അച്യുതമേനോന്. സിനിമയില്‍ ഈ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് അനുപം ഖേറും ശബ്ദം നല്‍കിയിരിക്കുന്നത് റിസ ബാവയുമാണ്. കഥയുടെ കേന്ദ്രബിന്ദു ജയപ്രദ അവതരിപ്പിക്കുന്ന ഗ്രേസ് എന്ന കഥാപാത്രമാണെങ്കിലും തിരക്കഥ സഞ്ചരിക്കുന്നത് അനുപം ഖേറിന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ്. മോഹന്‍ലാലിന്റെ ഒപ്പത്തിന് ഒപ്പം പിടിച്ചു നില്ക്കാന് കഴിയുന്ന പകിട്ടുള്ള നടന് എന്ന രീതിയിലാണ് പ്രണയത്തില്‍ അനുപം ഖേറിനെ കാസ്റ്റ് ചെയ്തതെന്ന് ബ്ലെസി തന്നെ പറഞ്ഞിട്ടുമുണ്ട്.
ചിത്രത്തില്‍ മോഹന്‍ലാല്‍ ശരീരം തളര്‍ന്നുപോയ കഥാപാത്രമായി അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഫിലോസഫി നിറഞ്ഞ ഡലോഗുകളും അതീവ ഇമാേഷണല് രംഗങ്ങളും അനായാസേനയാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അനുപം ഖേറിന്റെ അഭിനയം പ്രേക്ഷകരെ ഒന്നടങ്കം നിരാശപ്പെടുത്തി. മോഹന്‍ലാലിന്റെ അഭിനയത്തിന് മുമ്പില്‍ അനുപം ഖേര്‍ ദയനീയമായി പരാജയപ്പെട്ടു എന്നും പില്ക്കാലത്ത് നിരീക്ഷണങ്ങളുണ്ടായി. മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കാള്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടായിട്ടും എവിടെയാണ് അനുപം ഖേറിന് പിഴച്ചത് എന്ന് നോക്കാം.
ആ കഥാപാത്രഞ്ഞെ മനസ്സിലാക്കാന്‍ അനുപം ഖേറിന് കഴിഞ്ഞില്ല എന്നതാണ് പ്രഥമ കാരണം. തിരക്കഥയില്‍ ഉടനീളം പ്രതിപാദിക്കുന്ന അച്യുതമേനോന് എന്ന കഥാപാത്രത്തിന്റെ കുട്ടിത്തം അഭിനയത്തില്‍ ഒരിടത്തും വന്നിട്ടില്ല. എന്നാല്‍ അദ്ദേഹം ശ്രമിച്ചത് അച്യുതമേനോന് എന്ന കഥാപാത്രത്തിന് വാര്‍ദ്ധക്യത്തില്‍ തന്റെ മുന്‍ ഭാര്യയോട് തോന്നുന്ന പ്രണയം കാണിക്കാനാണ്. അതിനായി ഇംഗ്ലീഷ് സിനികളിലെ പ്രായമായ കഥാപാത്രങ്ങള്‍ പെരുമാറുന്ന പോലെ സട്ടിലായി (subtle) അഭിനയിക്കാനാണ്. പക്ഷേ അതും കാര്യമായി പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹം ഹിന്ദിയില്‍ ഇത്തരമൊരു അഭിനയശൈലിയുള്ള നടനല്ല. ഈ കഥാപാത്രം ആവശ്യപ്പെടുന്ന സ്വഭാവികമായ ശൈലികൃത അഭിനയം അദ്ദേഹം ഹിന്ദിയില്‍ കാഴ്ചവെച്ചിട്ടുണ്ട്. മലയാള ഭാഷ പറയുമ്പോള്‍ സ്വഭാവികത നഷ്ടപ്പെടുന്നതുമാവാം ഇതിന് ഒരു കാരണം.
നേരത്തെ സൂചിപ്പിച്ച സ്വഭായികമായ ശൈലികൃത അഭിനയം കൈവശമുള്ള മലയാളത്തിലെ ഒരു നടനാണ് സായ് കുമാര്‍. അതുകൊണ്ട് തന്നെ ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ നടന് സായ് കുമാറാണെന്ന് തോന്നുന്നു. ഒരു സ്വല്പം കുസൃതി ഉള്ളില്‍ ഒളിപ്പിക്കുന്ന പ്രായമായ വ്യക്തിയുടെ മാതൃകയില്‍ വരുന്ന സായ് കുമാറിന്റെ വേഷങ്ങള്‍ എവിടെയൊക്കെയോ നമ്മള് കണ്ടിട്ടുള്ളതാണ്. എന്നാല്‍ പൂര്‍ണ്ണമായും അത്തരത്തില്‍ ഒരു കഥാപാത്രങ്ങള്‍ ചെയ്തിട്ടുമില്ല. അതുമാത്രമല്ല മുതിര്‍ന്നതിന് ശേഷമുള്ള സായ് കുമാറിന്റെ റൊമാന്റിക്ക് ഭാവങ്ങള്‍ ഒരു ചിത്രത്തിലും വന്നിട്ടില്ല. അത് പ്രണയം സിനിമയില്‍ വന്നിരുന്നെങ്കില്‍ പുതുമയുള്ള അനുഭവമായി വിലയിരുത്തപ്പെടുമായിരുന്നു.
ചിത്രത്തില്‍ കൊച്ചുമകളുടെ കാമുകന് അച്യുതമേനോന് ഒരു കണ്ണ് മാത്രം അടച്ച് (wink) കാണിക്കുന്ന രംഗമുണ്ട്. ആ ഒറ്റ സീനില്‍ തന്നെ ആ കഥാപാത്രത്തിന്റെ നിര്‍വചനമുണ്ട്. അനുപം ഖേര്‍ അത് അഭിനയിച്ചപ്പോള്‍ വളരെ പരിഷ്കൃതനായ വ്യക്തി ചെയ്തത് പോലെയുണ്ട്. എന്നാല്‍ കഥാപാത്രം ഒരു ഗ്രാമീണ ജീവിതം ജീവിക്കുന്ന (ഡയലോഗുകളില്‍ പരാമര്‍ശിക്കുന്നുണ്ട്) ഒരു തനി നാടന്‍ വ്യക്തിയാണ്.
വീണ്ടും അനുപം ഖേറിലേക്ക് വന്നാല്‍, സാഹചര്യത്തിന് അനുസരിച്ച് കഥാപാത്രത്തില്‍ ഉടലെടുക്കുന്ന ഭാവതലത്തിലെ വ്യത്യാസങ്ങള്‍ ഒരിടത്തും കാണുന്നില്ല. മോഹന്‍ലാലിന്റെ കഥാപാത്രം തന്റെ ഭാര്യയായ ജയപ്രദയുടെ കഥാപാത്രവുമായി പരസ്യമായി സ്നേഹം പങ്കിടുമ്പോള്‍ (ആദ്യ ഘട്ടത്തില്‍) അച്യുതമേനോനില്‍ അസൂയയും കുറ്റബോധവും ദേഷ്യവുമെല്ലാം ഉടലെടുക്കുന്നുണ്ട്. എന്നാല്‍ അനുപം ഖേര്‍ മുഖം മാറ്റി കളയുകയാണ് ആ ഷോട്ടില്‍ ചെയ്തിരിക്കുന്നത്. ഈ വികാരങ്ങളൊന്നും മുഖത്ത് കൊണ്ടുവരാന്‍ സാധിക്കാത്തത് അദ്ദേഹത്തിന്റെ പരാജയമാണ്.
സമാനമായി അച്യുതമേനോന് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ സാന്നിധ്യം ഉള്ളപ്പോഴും അത് മറന്നുകൊണ്ട് ഗ്രേസുമായി ഇടപഴകാന്‍ ശ്രമിക്കുന്നുണ്ട്. ഒരു യുവാവ് യുവതിയെ സമീപിക്കുന്നതിലുള്ള അതേ വ്യഗ്രത തിരക്കഥയിലെ സിറ്റ്വേഷനില്‍ കാണാവുന്നതാണ്. എന്നാല്‍ ഭര്‍ത്താവിന്റെ സാന്നിധ്യം മറന്ന് കൊണ്ട് മാത്രം സംസാരിക്കുന്നപോലെയാണ് അനുപം ഖേറിന്റെ ശരീര ഭാഷ. അതില്‍ ആ വ്യഗ്രതയുടെ അംശംപോലും കാണാനില്ല.
ഇതെല്ലാം സൂക്ഷമതയോടെ ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്ന നടനാണ് സായ് കുമാര്‍. അതേ വര്‍ഷം ഇറങ്ങിയ ട്രാഫിക്കില്‍ വിനീത് ശ്രീനിവാസന്റെ അച്ഛന് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അച്ഛന് കഥാപാത്രങ്ങളും അവരുടെ വിലാപങ്ങളും പല നടന്മാരും അവതരിപ്പിച്ചിട്ടുണ്ട്. തിലകന് മുതല്‍ സുരാജ് വെഞ്ഞാറമൂട് വരെ. പക്ഷേ ഇതില്‍ നിന്നുമൊക്കെ തീര്‍ത്തും വ്യത്യസ്തമായി ഏതാനും സീനുകളിലൂടെ സായ് കുമാര്‍ ആ കഥാപാത്രം മികച്ചതാക്കി. സ്ട്രോങ്ങായ വ്യക്തിയായിട്ടും അയാള്‍ വിങ്ങി പൊട്ടുന്നത് കഥാപാത്രത്തിന്റെ സത്ത മനസ്സിലാക്കി അദ്ദേഹം അവതരിപ്പിച്ചു. ഇത്തരം കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളെ മനസ്സിലാക്കാനും പ്രകടിപ്പിക്കാനും കഴിയുന്ന സായ് കുമാറിന് പ്രണയത്തിലും നിഷ്പ്രയാസം അത് സാധിക്കുമായിരുന്നു.
അഭിനയം മോശമായെങ്കിലും സിനിമയെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയതില്‍ റിസ ബാവ കൈയ്യടി അര്‍ഹിക്കുന്നു. പലപ്പോഴും കഥാപാത്രത്തിന്റെ പ്രകടനത്തില്‍ വരേണ്ട പ്രസാദാത്മകതയും ഓജസ്സും ശബ്ദത്തിലൂടെ സന്നിവേശിപ്പിച്ചത് റിസ ബാവയാണ്. സായ് കുമാറിന് നാടകങ്ങളില്‍ പകരക്കാരനായാണ് റിസബാവ വന്നതെന്നത് മറ്റൊരു കൗതുകം.
കേവലം ഒരു കൗതുകം മാത്രമാണ് ഈ വാദത്തിന് പിന്നില്‍. താരമൂല്യത്തിനും ബാക്കിയുള്ള അളവുകോലിനിനും സിനിമയില്‍ അതിന്റേതായ സ്ഥാനമുണ്ടെന്ന് നിഷേധിക്കുന്നില്ല. എന്നിരുന്നാലും പൊലിഞ്ഞുപോകുന്ന റിലീസ് ദിനം മാത്രമാണ് താരമൂല്യത്തിന്റെയും ബാക്കിയുള്ളവയുടെയും ആയുസ്സ് എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
Recent Comments