പ്രശസ്ത കലാസംവിധായകനും വസ്ത്രാലങ്കാരകനുമായ പി. കൃഷ്ണമൂര്‍ത്തി ഓര്‍മ്മയായത് ഇന്നാണ്. കൃഷ്ണമൂര്‍ത്തിയോടൊപ്പം വര്‍ക്ക് ചെയ്ത ആ നല്ല നാളുകളെ പ്രൊഡക്ഷന്‍ കണ്ട്രോളര് കൂടിയായ സിദ്ധുപനയ്ക്കല്‍ ഓര്‍ക്കുന്നു. ഹൃദയസ്പര്‍ശിയായ വാക്കുകളിലൂടെ….
രണ്ടുപേര്‍ വരയ്ക്കുന്നതാണ് ഞാന്‍ അത്ഭുതത്തോടെ കണ്ടു നിന്നിട്ടുള്ളത്. ഒന്ന് സംവിധായകന് ഭരതന് സാര്‍, രണ്ടാമത്തെയാള്‍ കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തി സാര്‍. സ്വാതിതിരുനാള്‍ സിനിമയുടെ അവസാനഘട്ടത്തിലാണ് സുകുമാരന്‍ സാറിന്റെ ശുപാര്‍ശയില്‍ ഞാന്‍ സെവന് ആര്‍ട്സില്‍ എത്തുന്നത്. ആ പടത്തിന്റെ കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തി സാറായിരുന്നു.
രണ്ടാമത്തെ ചിത്രം വൈശാലി. ഇടുക്കിയിലെ കുളമാവില്‍ രണ്ടു വഞ്ചികള്‍ക്ക് മുകളിലായി ഉയര്‍ന്നുവന്ന ചങ്ങാടവും, മൈസൂരിലെ പാണ്ഡവപുരത്ത് പാഴടഞ്ഞ ക്ഷേത്രം ലോമപാദ രാജാവിന്റെ കൊട്ടാരമായി മാറുന്നതും അത്ഭുതത്തോടെ കണ്ടു. ഋശ്യശൃംഗനെ വശീകരിക്കാന്‍ വൈശാലി തിരഞ്ഞെടുത്ത കരിങ്കല്‍ ഗുഹയ്ക്കുള്ളിലെ ചുമര്‍ചിത്രങ്ങള്‍ സ്പ്രേ ഗണ്‍ ഉപയോഗിച്ച് കൃഷ്ണമൂര്‍ത്തി സാര്‍ വരയ്ക്കുന്നത് അതിശയത്തോടെ നോക്കി നിന്നു. അംബാ സമുദ്രത്തിലെ പാറക്കെട്ടുകളില്‍ ഉയര്‍ന്ന രാജശില്പിയിലെ ക്ഷേത്രം ആ കലാകാരന്റെ കരവിരുത്തിന്റെ മറ്റൊരുദാഹരണമാണ്. പെരുന്തച്ചനെ അഭ്രപാളികളിലെ വിസ്മയമാക്കാന്‍ സാധിച്ചത് എം ടി സാറിനൊപ്പം അജയേട്ടനും മൂര്ത്തീസാറും കൈകോര്‍ത്തപ്പോഴായിരുന്നു. മലയാളത്തിലെ ക്ലാസിക്കുകള്‍ എന്ന് പറയാവുന്ന സിനിമകളിലൂടെ ആ കലാകാരനെ അടുത്തറിയാന്‍ സാധിച്ചത് അനുഗ്രഹം. വടക്കന്‍ വീരഗാഥയുടെ വന്‍ വിജയത്തില്‍ ഈ കലാകാരനുള്ള പങ്ക് വിസ്മരിക്കാവുന്നതല്ല.
വളരെ സിംപിള്‍ ആയ മനുഷ്യന്. രാവിലെ ഷൂട്ടിങ്ങിന് പുറപ്പെടുമ്പോള്‍ കാര്‍ വരാനൊന്നും. അദ്ദേഹം കാത്തുനില്ക്കാറില്ല. തോളിലൊരു സഞ്ചിയും തൂക്കി ലൊക്കേഷനിലേക്ക് നടന്നു തുടങ്ങിയിട്ടുണ്ടാവും. നമ്മള് വഴിയില്‍നിന്ന് അദ്ദേഹത്തെ കാറില്‍ പിടിച്ചു കയറ്റണം.
എം.ടി. സാറിന്റെ മാണിക്യക്കല്ല് എന്ന സിനിമയ്ക്ക് വേണ്ടിയും കുറെനാള്‍ അദ്ദേഹവുമായി സഹകരിച്ചു. എന്തുകൊണ്ടോ പിന്നീട് ആ സിനിമ നടന്നില്ല. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി അമ്പതില്‍ കൂടുതല്‍ സിനിമകള്‍ വര്‍ക്ക് ചെയ്തിട്ടുണ്ട് അദ്ദേഹം.
കലാസംവിധായകന്‍ മാത്രമായിരുന്നില്ല കൃഷ്ണമൂര്‍ത്തി സാര്‍, കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയായിരുന്നു. കലാ സംവിധാനത്തിന് മൂന്നുതവണയും, കോസ്റ്റ്യൂം ഡിസൈനിങിന് രണ്ട് രണ്ടുതവണയും ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. വര്‍ക്ക് ചെയ്തിട്ടുള്ള ഭാഷകളിലെല്ലാം സംസ്ഥാന പുരസ്കാരങ്ങള്‍ പലതവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പുരസ്കാരങ്ങളും ബഹുമതി പത്രങ്ങളും നിറഞ്ഞ ചെന്നൈയിലെ ആദമ്പക്കത്തെ വീട്ടില്‍ താലോലിക്കാന്‍ ഒരു സന്താനം ഉണ്ടായില്ല എന്നത് ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ സ്വകാര്യ ദുഃഖമായിരുന്നു. ആയഞ്ഞ ജുബ്ബയും പൈജാമയും നീളന്‍ മുടിയും തോളിലൊരു സഞ്ചിയും തൂക്കി വേഗം നടക്കുന്ന മൂര്ത്തിസാറിനെയാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. മൂര്ത്തീസാര് നടക്കുകയാണ്. വേഗത്തില്‍ നടന്ന് നമ്മുടെ കണ്‍വെട്ടത്തുനിന്ന് അദ്ദേഹം അപ്രത്യക്ഷനായിക്കഴിഞ്ഞു. ഒരുപക്ഷെ തന്നെ കൂട്ടാതെ നേരത്തെ കടന്നുപോയ ഭരതന് സാറിനെയും ലെനില്‍ രാജേന്ദ്രന് സാറിനെയും അജയന് ചേട്ടനെയും തേടി മൂര്ത്തീസാര് യാത്രപോയതുമാവാം. വൈശാലിയും, സ്വാതിതിരുനാളും, പെരുന്തച്ചനുമൊന്നും അദ്ദേഹത്തിന് മറക്കാനാവില്ലല്ലോ. വീട്ടില്‍ ശേഷിച്ച പ്രിയതമയും, ചിത്രങ്ങളും, ശില്പങ്ങളും, പുരസ്കാരങ്ങളും അനാഥരായി.
Recent Comments