ബോളിവുഡ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്‍ബീര്‍ കപൂറിന്റെ ‘അനിമല്‍’ നാളെ തിയറ്ററുകളില്‍ റിലീസിന് എത്തുകയാണ്. അര്ജുന് റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകന്. ടി-സീരീസ്, സിനി 1 സ്റ്റുഡിയോസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വന്‍ ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത് മുതല്‍ ഉത്തരേന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം രണ്‍ബീര്‍ കപൂറിന്റെ എക്കാലത്തെയും വലിയ ഓപ്പണറായി മാറുകയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇതിനകം തന്നെ 9.75 കോടിയിലധികം രൂപയാണ് അഡ്വാന്‍സ് ബുക്കിങ്ങില്‍ നേടിയിട്ടുള്ളത്.
ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.മൂന്ന് മണിക്കൂര്‍ 22 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.ചിത്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ഹിന്ദി കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലും ചിത്രത്തിന് റിലീസുണ്ട്. ചിത്രത്തിന് സ്വീകാര്യത ഏറിയതോടെ മുംബൈയിലും ഡല്‍ഹിയിലുമുള്ള തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ചില തിയേറ്ററുകളില്‍ 2200 രൂപ വരെ ടിക്കറ്റിന് ഈടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ്.ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ രണ്ട് ലുക്കുകളിലാണ് രണ്‍ബീര്‍ എത്തുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.
അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന് ഭരത്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്ഷവര്ദ്ധന്, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകരാണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
Recent Comments