നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സുബീഷ് സുധി നായകനായി എത്തുന്ന ആദ്യചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം. നിസാം റാവുത്തര്‍ രചന നിര്‍വഹിച്ച ചിത്രത്തിന്റെ സംവിധായകന് ടിവി രഞ്ജിത്താണ്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ സുബീഷ് സുധി ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ചിത്രത്തിന്റെതായി പുറത്ത് വന്നിരിക്കുന്നത്. ഏത് തരത്തിലുള്ള ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കേണ്ടത്?
ഓരോ സിനിമകളെയും തരം തിരിക്കാറുണ്ടല്ലോ. ചില പടങ്ങള്‍ യൂത്തിനുള്ളതാണ്, ചിലത് മുതിര്ന്നവര്ക്കുള്ളതാണെന്നൊക്കെ. പക്ഷേ ഈ സിനിമ അങ്ങനെയല്ല. എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപ്പെടും.
ചിത്രത്തിന്റെ പേര് കേട്ടാല്‍ ഒരു സോഷ്യല്‍ സറ്റയര്‍ പോലെയുണ്ടല്ലോ?
സോഷ്യല്‍ സറ്റയറുമുണ്ട് ഒപ്പം തന്നെ ഫാമിലിയുമുണ്ട്. എല്ലാത്തിന്റെയും ഒരു മിശ്രണമാണ് ചിത്രം.
നായക വേഷം കൈകാര്യം ചെയ്യുന്നതുകൊണ്ട് ഒരു അമിത ഭാരം അനുഭവപ്പെട്ടിരുന്നോ?
അതിനാണ് എക്സ്പീരിയന്‍സ്. പത്ത് പതിനെട്ട് വര്‍ഷമായി ഞാന്‍ മലയാള സിനിമയിലുണ്ട്. ചെറിയ വേഷങ്ങളും വലിയ വേഷങ്ങളുമൊക്കെ ചെയ്തിട്ട്. ആ എക്സ്പീരിയന്‍സ് നായകവേഷം കൈകാര്യം ചെയ്യുന്നതില്‍ ഗുണം ചെയ്തു. പിന്നെ സിനിമയോടുള്ള അടങ്ങാത്ത ആവേശവും മുതല്‍കൂട്ടായി. സ്വഭാവികമായ തയാറെടുപ്പല്ലാതെ വേറൊന്നും വേണ്ടി വന്നില്ല. അതും രണ്ടോ മൂന്നോ ദിവസം.
ഇനിയൊരു നായകവേഷം വന്നാലും ചെയ്യുമോ?
അത് ചെയ്യും. അതിന് മടിയൊന്നുമില്ല.
ഗ്രാമീണ വേഷങ്ങളിലാണല്ലോ കൂടുതലും കണ്ടിരിക്കുന്നത്. ആ ഇമേജിനെ പൊളിച്ചെഴുതണമെന്ന് തോന്നിയിട്ടുണ്ടോ?
ഒരു അഭിനേതാവാകുമ്പോള്‍ എല്ലാ തരം വേഷങ്ങളും ചെയ്യാന്‍ ആഗ്രഹം ഉണ്ടാകും. അങ്ങനെയുള്ള വേഷങ്ങള്‍ തന്നാലെ ചെയ്യാന്‍ കഴിയുകയുള്ളൂ. സിനിമയില്‍ ഒരു ഭാഷയില്‍ തന്നെ ഒതുങ്ങാതെ വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
സിനിമയുടെ പിന്നണി പ്രവര്‍ത്തകരെക്കുറിച്ച്?
സംവിധായകനായ രഞ്ജിത് ടിവി വളരെ പരിചയ സമ്പന്നനായ അസോസിയേറ്റ് ആയിരുന്നു. എടുത്ത് പറയേണ്ടത് രചന നിര്‍വഹിച്ച നിസാം റാവുത്തറിനെ കുറിച്ചാണ്. അദ്ദേഹം ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്. ജയജയജയ ജയഹേ ചെയ്ത അങ്കിത് മേനോനാണ് പശ്ചാത്തല സംഗീതം. അങ്ങനെ പരിചയ സമ്പന്നരായവരാണ് പിന്നണിയിലുള്ളത്. അതുപോലെ അജു വര്‍ഗീസ്, വിജയ് ബാബു, ഹരീഷ് കണാരന്, ജോയ് മാത്യു, ഷെല്ലി കിഷോര്‍, ഗൗരി ജി. കിഷന് തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്.
ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്, ടിവി കൃഷ്ണന് തുരുത്തി, രഘുനാഥന് കെസി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വഹിക്കുന്നു. ജിതിനാണ് ചിത്രത്തിന്റെ ചിത്രസംയോജകന്‍.
Recent Comments