അഖില്പോളിനെ വിളിക്കുമ്പോള്‍ അദ്ദേഹം ഏതോ ഷോപ്പിംഗ് മാളിലായിരുന്നു. ഫോറന്‍സിക്കിന്റെ ഹിന്ദി റീമേക്കിന്റെ കാര്യങ്ങള്‍ അറിയാനാണ് സത്യത്തില്‍ അഖിലിനെ വിളിച്ചത്. പക്ഷേ അഖില്‍ പറഞ്ഞത് മറ്റൊരു സന്തോഷ വാര്‍ത്തയായിരുന്നു.
‘എന്റെ വിവാഹമാണ്. ഡിസംബര്‍ 28 ന്. വധു ബെറ്റ്സി. ഡോക്ടറാണ്. ഇപ്പോള്‍ പി.ജിക്ക് പഠിക്കുന്നു. മാട്രിമോണിയല്‍ കോളംവഴി വന്ന ആലോചനയാണ്. കണ്ണൂരാണ് ബെറ്റ്സിയുടേയും സ്വദേശം. അടുത്ത ഫെബ്രുവരിയിലായിരുന്നു കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നത്. അപ്പോഴാണ് പി.ജിയുടെ നീറ്റ് എക്സാം റദ്ദ് ചെയ്യപ്പെട്ടത്. ഇനി ഏപ്രിലിലോ മറ്റോ നടക്കാനാണ് സാധ്യത. പരീക്ഷ എഴുതാന്‍ പ്രയാസങ്ങള്‍ ഉണ്ടാകരുതെന്ന് കരുതി വിവാഹം നേരത്തെ ആക്കിയെന്നേയുള്ളൂ. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന അന്‍പത് പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. കല്യാണ ആവശ്യത്തിനായി തുണി എടുക്കാന്‍ എത്തിയതാണ്.’
‘ഫോറന്‍സിക്കിന്റെ റൈറ്റ്സ് വളരെ മുമ്പുതന്നെ വിറ്റുപോയിരുന്നു. റീമേക്കും ഡബ്ബിംഗും പ്രത്യേകമാണ് നല്‍കിയിരിക്കുന്നത്. നല്ലൊരു ടീമാണ് അത് ഏറ്റെടുത്തിരിക്കുന്നത്. ടൊവിനോ ചെയ്ത വേഷം വിക്രാന്ത് മാസേ ചെയ്യുന്നുവെന്നാണറിയുന്നത്. ഏതായാലും ഹിന്ദിയിലും അതൊരു മികച്ച സംരംഭമായി മാറാന്‍ പ്രാര്‍ത്ഥിക്കുന്നു.’ ഒറ്റശ്വാസത്തില്‍ അഖില്‍ പറഞ്ഞുനിറുത്തി.
അഖിലിന്റെ ഫോണ്‍ കട്ട് ചെയ്തതിനുപിന്നാലെ രാജു മല്യത്തിനെയാണ് വിളിച്ചത്. രാജു മല്യത്താണ് ഫോറന്‍സിക്കിന്റെ നിര്‍മ്മാണ പങ്കാളികളില്‍ ഒരാള്‍.
‘നിങ്ങള്‍ കേട്ട വാര്‍ത്ത ശരിയാണ്. അഞ്ചു മാസം മുമ്പാണ് രണ്ട് റൈറ്റ്സുകളും വിറ്റുപോയത്. റീമേക്ക് റൈറ്റ്സ് ഒരു കോടിക്കും ഡബ്ബിംഗ് റൈറ്റ്സ് എമ്പത് ലക്ഷത്തിനുമാണ് നല്‍കിയത്. അശോക് എന്നൊരാളാണ് റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹം തെലുങ്കനാണ്. ഹിന്ദിയില്‍ ഒരു ചിത്രം ചെയ്തിട്ടുണ്ട്. അദ്ദേഹമാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. ഡി ഫോര്‍ ചാനലിനാണ് ഡബ്ബിംഗ് റൈറ്റ്സ് നല്‍കിയിരിക്കുന്നത്.’
‘ഭ്രമരത്തിനുശേഷം ബ്ലെസ്സിയും മോഹന്‍ലാലും ഒരുമിക്കുന്ന ഒരു ചിത്രവും ഫോറന്‍സിക്കിനുശേഷം അഖിലും ടൊവിനോയും ഒരുമിക്കുന്ന ഒരു ചിത്രവുമാണ് നിര്‍മ്മാണത്തിലിരിക്കുന്ന രാഗംമൂവീസിന്റെ രണ്ട് സിനിമകള്‍.’ രാജു പറഞ്ഞു.
Recent Comments