അടുത്തിടെ തമിഴ് പ്രേക്ഷകരെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു അവതാരകയും ടി.വി താരവുമായിരുന്ന വി.ജെ. ചിത്രയുടെ മരണം. നല്ല തിരക്കില്‍ നില്‍ക്കുമ്പോഴായിരുന്നു ചിത്ര യാത്ര പറഞ്ഞ് പോയത്.
തട്ടകം മിനിസ്ക്രീന്‍ ആയിരുന്നുവെങ്കിലും എല്ലാവരേയുംപോലെ അവര്‍ക്കും വെള്ളിത്തിരയെന്ന മാസ്മരികതയില്‍ എത്തിപ്പെടാനായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് വളരെയേറെ തിരക്കുണ്ടായിട്ടും ചിത്ര ഒരു സിനിമയ്ക്കുവേണ്ടി ഡേറ്റുകള്‍ നല്‍കിയത്.
ജെ. ശബരീസിന്റെ സംവിധാനത്തില്‍ കാള്‍സ് എന്ന സിനിമയിലായിരുന്നു ചിത്ര അഭിനയിച്ചത്. ഒപ്പം പ്രശസ്ത താരങ്ങളായ ഡെല്‍ഹി ഗണേഷ്, നിഴല്‍കള്‍ രവി, ദേവദര്‍ശിനി, ജീവാരവി എന്നിവരുമുണ്ടായിരുന്നു. 2019 ജൂലൈ മാസത്തില്‍ ചിത്രീകരണം തുടങ്ങിയ കാള്‍സ് 2020 ജനുവരി അവസാനം പൂര്‍ത്തിയാകുകയും ചെയ്തു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരുന്ന വേളയിലായിരുന്നു രാജ്യം ലോക്ഡൗണിലാകുന്നത്. അല്ലായിരുന്നുവെങ്കില്‍ സിനിമ ജൂണില്‍ പ്രദര്ശനത്തിനെത്തേണ്ടതായിരുന്നു. അതിലൂടെ തമിഴകത്ത് മറ്റൊരു താരോദയംകൂടി സംഭവിക്കുമായിരുന്നുവെന്ന് സംവിധായകനായ ശബരീശ് പറഞ്ഞു. കാരണം അത്രയേറെ തന്മയത്വത്തോടുകൂടിയായിരുന്നു ആ കഥാപാത്രത്തെ ചിത്ര അവതരിപ്പിച്ചത്.
ലോക്ഡൗണിനുശേഷം സിനിമാമേഖല സജീവമായ സാഹചര്യത്തില്‍ കാള്‍സിന്റെ ജോലികളും പൂര്‍ത്തിയായി. 2021 ജനുവരി 1 ന് ട്രെയിലര്‍ റിലീസ് ചെയ്ത് ചിത്രം ഫെബ്രുവരി ആദ്യം തീയേറ്ററിലെത്തിക്കാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരുന്നത്. തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിനായി ചിത്ര ഏറെ ആഗ്രഹത്തോടെ കാത്തിരുന്നു. തന്റെ സഹപ്രവര്‍ത്തകരോടൊക്കെ അവരത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ചിത്രയുടെ ദാരുണമായ അന്ത്യം.
ചിത്രയുടെ മരണമേല്‍പ്പിച്ച ആഘാതത്തിനിടയിലും അവരുടെ സ്വപ്നമായ കാള്‍സ് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
നസ്രത്ത്പേട്ടിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 9 നാണ് ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിറകില്‍ ഭര്‍ത്താവ് ഹേമന്താണെന്ന് പോലീസ് കണ്ടെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
Recent Comments