ബിജു മേനോന്, ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന ജിസ് ജോയ് ചിത്രമാണ് തലവന്‍. നേര്‍ക്കുനേര്‍ നിന്ന് പോരടിക്കുന്ന പൊലീസ് ഓഫീസര്‍മാരായാണ് ഇരുവരും ചിത്രത്തില്‍ വേഷമിടുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസ്റ്റോസിയേഷന്‍ വിത്ത് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ്. കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന് ജിസ് ജോയ്.
ഒരു ജിസ് ജോയ് അഭിമുഖത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണല്ലോ അസിഫ് അലിയെ കുറിച്ചുള്ള ചോദ്യം. ഇത്രയും സിനിമകള്‍ക്ക് ശേഷം ആസിഫ് അലി എന്ന നടന്റെ വളര്‍ച്ചയെ എങ്ങനെ നോക്കി കാണുന്നു?
ആസിഫ് അലി നല്ല നടനാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. കെട്ടിയോളാണെന്റെ മാലാഖ എന്ന ഒറ്റ പടം മതി അത് മനസ്സിലാക്കാന്‍. പിന്നെ എല്ലാ നടന്മാരുടെയും പോലെ മുമ്പില്‍ എത്തുന്ന കഥാപാത്രങ്ങളില്‍ നിന്നല്ലെ തിരഞ്ഞെടുക്കാന്‍ കഴിയുകയുള്ളു. ആ സിനിമ എത്രത്തോളം നന്നാകുന്നു എന്ന നിലയ്ക്കായിരിക്കും ആളുകള്‍ ആ കഥാപാത്രത്തെ സ്വീകരിക്കുന്നത്. ഞാന്‍ ആസിഫിനെ വിലയിരുത്തുന്നത് രണ്ടു രീതിയിലുളള അഭിനയവും ഒരുപോലെ ചെയ്യാന്‍ കഴിയുന്ന അപൂര്‍വം യുവനടന്മാരില് ഒരാളായിട്ടാണ്. സ്ലീവാച്ചനെ പോലെ ബിഹേവ് ചെയ്യുകയും ഉയരയിലെ ഗോവിന്ദിനെ പോലെ ഡ്രാമ അഭിനയിക്കാനും ആസിഫിന് കഴിയും.
ശശികുമാര്‍- പ്രേംനസീര്‍, രാജസേനന്-ജയറാം കൂട്ടുകെട്ടുകളുടെ റെക്കോര്‍ഡ് ജീസ് ജോയ്-ആസിഫ് അലി സഖ്യം സമീപ ഭാവിയില്‍ തകര്‍ക്കുമോ?
അത് അങ്ങനെയല്ല. ഞങ്ങള്‍ അവരെ പോലെ അത്രയധികം സിനിമകള്‍ ചെയ്തിട്ടില്ലല്ലോ. അടുത്ത സുഹൃത്ത് എന്ന നിലയില്‍ എല്ലാ കഥയും ഞാന്‍ അവനോടാണ് (ആസിഫ് അലി) ആദ്യം പറയുന്നത്. അവന് അതില്‍ താല്പര്യം പ്രകടിപ്പിക്കുമ്പോള്‍ സ്വഭാവികമായും ഞാന്‍ വെറൊരു നടനെ കുറിച്ച് ആലോചിക്കാറില്ല. ദൈവം സഹായിച്ച് ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച സിനിമകള്‍ എല്ലാം നന്നായി സ്വീകരിക്കപ്പെട്ടവയാണ്. ഞങ്ങള്‍ രണ്ടു പേര്‍ക്കും പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായം ആ സിനിമകളിലൂടെ ലഭിച്ചു. അത് കൊണ്ട് തുടരുന്നു എന്നുമാത്രം.
സമീപ കാലത്ത് രണ്ട് നായകന്മാരെ വെച്ച് കോണ്ഫ്ളിറ്റുകള് നിറഞ്ഞ ദ്വന്ദ്വ സ്വഭാവത്തില്‍ വരുന്ന കഥാപരിസരമുള്ള സിനിമകള്‍ ധാരാളം ഇറങ്ങുന്നുണ്ടല്ലോ. ബിജു മേനോന്റെ തന്നെ അയ്യപ്പനും കോശിയും മുതല്‍ ഈ അടുത്ത് റിലീസായ ഗരുഡനിലും സമാനമായ മാതൃക പിന്തുടരുന്നുണ്ട്. ഇതില്‍ നിന്നെല്ലാം തലവന്‍ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
കഥാപരമായാണ് ആ വ്യത്യാസം വരുന്നത്. പിന്നെ ഗരുഡന് ഷൂട്ട് ചെയ്യുന്നതിന് മുമ്പാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. പല തരത്തിലുള്ള ശത്രുതകള്‍ ഉണ്ടാകാമല്ലൊ. മുമ്പ് ഇറങ്ങിയ ചിത്രങ്ങളുമായി കഥയില്‍ ഒരു സാമ്യവും തലവനില്‍ ഇല്ല.
ജിസ് ജോയ് സിനിമകളിലെ പാട്ടുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ഈ ചിത്രത്തിലെ പാട്ടുകളെ കുറിച്ച്?
ഇതില്‍ രണ്ട് പാട്ടുകളാണുളളത്. ഒരു പാട്ട് ബിജു മേനോന് തന്നെയാണ് പാടിയിരിക്കുന്നത്. വളരെ രസമുള്ള പാട്ടാണ് അത്. പിന്നെ ഇന്നലെ പോസ്റ്റര്‍ റിലീസിന്റെ കൂടെയിട്ട മൂഡ് സോങ്ങാണ്.
ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുമ്പോള്‍ വളരെ ഭാഗ്യമുള്ള കോമ്പിനേഷനായാണ് മാറിയിട്ടുള്ളത്. വെള്ളിമൂങ്ങയും അനുരാഗ കരിക്കിന് വെള്ളവും എല്ലാം വലിയ ഹിറ്റുകളായിരുന്നല്ലൊ. ജിസ് ജോയ് സിനിമയിലെ ഭാഗ്യത്തില്‍ വിശ്വസിക്കുന്ന ഒരാളാണോ?
ഇവര്‍ രണ്ടു പേരും ഒരുമിച്ചാല്‍ നന്നാകും എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന ആ ഇമേജ് തീര്‍ച്ചയായും ഭാഗ്യമാണ്. പിന്നെ എന്തു തന്നെയാണെങ്കിലും സിനിമകള്‍ നന്നാവുക എന്നതാണ് ആത്യന്തികമായി സംഭവിക്കേണ്ടത്. ഇവര്‍ ഒരുമിച്ച സിനിമകള്‍ നല്ലതായത് കൊണ്ടാണ് ആ പടങ്ങളെല്ലാം വിജയിച്ചത്. അതുകൊണ്ട് ഞാന്‍ കണ്ടന്റിലാണ് ആദ്യം വിശ്വസിക്കുന്നത്. അതിന് ശേഷമാണ് ഭാഗ്യം വരുന്നത്.
ചിത്രം പോലീസുകാരുടെ കഥയാണല്ലോ പറയുന്നത്. ചിത്രത്തില്‍ സിനിമാറ്റിക്ക് ലിബേര്‍ട്ടി എടുത്തിട്ടുണ്ടോ?
സിനിമാറ്റിക്ക് ലിബേര്‍ട്ടി എടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ട്. തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്. ഈ നടപടികളെ കുറിച്ച് തിരക്കഥയില്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ തരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന് ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Recent Comments