മ്യൂസിക് കംപോസിംഗ് സമയത്ത് സയനോര തന്നെയാണ് ഈണത്തിനൊപ്പിച്ച് അതിലെ വരികള്‍ കൂടി എഴുതിയത്. പിന്നീട് അവര്‍ തന്നെ അത് പാടി വിജയ് യേശുദാസിന് അയച്ചുകൊടുത്തു.
അതൊരു ഡ്യൂയറ്റ് ലൗവ് സോങ് ആയിരുന്നു. മെയില്‍ വോയ്സ് പാടേണ്ടത് വിജയ് യേശുദാസാണ്. ഫീമെയില്‍ വോയ്സ് ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നില്ല.
വിജയ് പാട്ടു കേട്ടു. ഒപ്പം പാട്ട് അപ്പയ്ക്കും (യേശുദാസ്) അയച്ചുകൊടുത്തു. പാട്ടു കേട്ടുകഴിഞ്ഞപ്പോള്‍ യേശുദാസ് പറഞ്ഞു. ഫീമെയില്‍ വോയ്സിന് വേണ്ടി ഇനി ആരെയും തേടിപോവേണ്ടതില്ല. അത് സയനോര തന്നെ പാടിയാല്‍ മതി. അങ്ങനെ വിജയ് യേശുദാസും സയനോര ഫിലിപ്പും ചേര്‍ന്ന് ആ പ്രണയഗാനം പാടി.
‘താണ്ടൊടിഞ്ഞ താമരയില്‍
വന്നിരുന്ന പൂങ്കുയിലേ
നെഞ്ചിലൂറും പൊന്‍ കനവേ
തേന്‍ കുടിക്കാന്‍ വായോ.’
നാളെ ലോഞ്ചിന് ഒരുങ്ങുന്നത്, ‘ആഹാ’ എന്ന സിനിമയുടെ തീംസോങ് ആണെങ്കില്‍ അതില്‍തന്നെയുള്ള മറ്റൊരു പ്രണയഗാനത്തിന്റെ പിറവിയുടെ കഥ ഇങ്ങനെയാണ്.
‘ദാസേട്ടനില്നിന്ന് ഇങ്ങനെയൊരു അംഗീകാരം ലഭിക്കുന്നത് എനിക്ക് കിട്ടാവുന്ന വലിയ ബഹുമതിയാണ്.’ ആഹായുടെ സംഗീത സംവിധായിക കൂടിയായ സയനോര പറഞ്ഞു.
ഞാന്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. മാംഗല്യം താന്തുനാനേയും കുട്ടപ്പന്‍പിള്ളയുടെ ശിവരാത്രിയുമായിരുന്നു മറ്റ് രണ്ട് ചിത്രങ്ങള്‍. കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലെ പാട്ടുകള്‍ കേട്ടിട്ടുതന്നെയാവണം ആഹായുടെ സംവിധായകന് ബിപിന്‍ പോള്‍ സാമുവല്‍ എന്നെ ഈ ദൗത്യം ഏല്‍പ്പിച്ചതെന്ന് കരുതുന്നു.
‘ആഹാ’യില്‍ നാല് പാട്ടുകളാണ് ഉള്ളത്. നാലും നാല് ഗണത്തില്‍പ്പെട്ട പാട്ടുകളാണ്. ആദ്യത്തേത് റാപ്പാണ്. പിന്നീടൊരു ലൗവ്സോങ്. മൂന്നാമത്തേത് ക്രിസ്ത്യന്‍ വെഡ്ഡിംഗ് സോങ് ആണ്. അവസാനത്തേത് തീംസോങ്ങും. ഇതില്‍ തീംസോങിന്റെ ലോഞ്ചാണ് നാളെ നടക്കാന്‍ പോകുന്നത്. മമ്മൂക്കയും ലാലേട്ടനും പൃഥ്വിരാജും കാര്‍ത്തിയും വിജയ്സേതുപതിയുമടക്കം വലിയൊരു താരനിരയാണ് തീംസോങ് പുറത്തിറക്കുന്നത്. അതും എന്റെ ഒരു പാട്ടിന് ലഭിക്കാവുന്ന സ്വപ്നതുല്യമായ തുടക്കമാണ്.
‘തീംസോങ് പാടിയിരിക്കുന്നത് അര്ജുന് അശോകന് ആണ്. സ്റ്റാന്റ് അപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാനാദ്യമായി അര്‍ജുനെ പരിചയപ്പെടുന്നത്. ആ സിനിമയില്‍ ഞങ്ങളുടെ മ്യൂസിക് ബാന്റ് കൂടി ഉള്‍പ്പെടുന്ന രംഗങ്ങള്‍ ഉണ്ട്. അന്ന് അവിടെവച്ച് അര്ജ്ജുന് മറ്റ് ഏതോ സിനിമയ്ക്കുവേണ്ടി പാടിയ ഒരു പാട്ട് എന്നെ
കേള്‍പ്പിക്കുന്നു. വളരെ നല്ല വോയ്സ് ആയിരുന്നു അര്‍ജുന്റേത്. നാളുകള്‍ക്കിപ്പുറം ആഹായുടെ തീംസോങിനുവേണ്ടി നല്ല ഉറച്ച ശബ്ദമുള്ള ഒരു ഗായകനെ തേടി നടക്കുന്ന സമയത്താണ് പെട്ടെന്ന് അര്‍ജ്ജുനെ ഓര്‍ത്തത്.
സംവിധായകന് ബിപിനോടും കാര്യം പറഞ്ഞു. അദ്ദേഹത്തിനും സന്തോഷമായി. കാരണം ‘ആഹാ’ എന്ന സിനിമയില്‍ ആര്‍ജ്ജുനും അഭിനയിക്കേണ്ടതായിരുന്നു. ഡേറ്റ് ക്ലാഷ് കാരണം അത് നടന്നില്ല. അങ്ങനെയുള്ളപ്പോള്‍ അര്‍ജുന്റെ സാന്നിദ്ധ്യം പാട്ടുവഴിയെങ്കിലും ഉണ്ടാകുന്നതില്‍ അവര്‍ക്കെല്ലാം സന്തോഷമേ ഉണ്ടായിരിക്കുന്നുള്ളൂ. അര്ജുന് വന്ന് ആ ഗാനം പാടി. ഞങ്ങളുടെ തീരുമാനം തെറ്റായില്ലെന്ന് ആ പാട്ട് കേട്ടുകഴിയുമ്പോള്‍ നിങ്ങള്‍ക്കും ബോദ്ധ്യമാകും.’
ആഭാസം എന്ന ചിത്രത്തിന്റെ സംവിധായകന് ജുബിത്ത് ആണ് തീംസോങ് എഴുതിയിരിക്കുന്നത്. റാപ്പിന്റേയും ഗാനരചയിതാവ് ജൂബിത്താണ്.
റാപ്പ് പാടിയിരിക്കുന്നത് അഭിജിത്ത് ആണ്. പിന്നെ ഉള്ളത് ട്രെഡിഷ്യണല് ക്രിസ്റ്റ്യന്‍ വെഡ്ഡിംഗ് സോങ് ആണ്. അത് നാലുപേര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. കല്ലറ ഗോപന് ചേട്ടന്റെ മകള്‍ നാരായണി, മാത്തന്, വിഷ്ണുരാജ്, രാജലക്ഷ്മി.
‘ഈ വെഡിംഗ് സോങ് തന്നെയാണ് കംപോസ് ചെയ്യാന്‍ കൂടുതല്‍ സമയം എടുത്തതും. ഒരു പരമ്പരാഗത സ്വഭാവം ആ ഗാനത്തിന് ഉണ്ടാകണം. എന്നാല്‍ അത് അങ്ങനെ ആകാനും പാടില്ല. അതൊരു വെല്ലുവിളിതന്നെയായിരുന്നു. അതിനോട് നീതി പുലര്‍ത്തി എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതും. അന്തിമമായി വിലയിരുത്തേണ്ടത് നിങ്ങള്‍ സംഗീത പ്രേമികളാണ്.’ സയനോര പറഞ്ഞുനിറുത്തി.
Recent Comments