പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് സലാര്‍. ചിത്രത്തിന്റെ മലയാളം ഡബ്ബ് വേര്‍ഷനിലെ ‘സൂര്യാംഗം ചിറക് തുന്നി, സ്നേഹാര്‍ദ്രം മിഴികള്‍ ചിമ്മി…’ എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് ഇന്ദുലേഖ വാര്യരാണ്. അഭിനേതാവ് ജയരാജ് വാര്യരുടെ മകളാണ് ഇന്ദുലേഖ. രവി ബസ്രൂര് ഈണമിട്ട സലാറിലെ ഈ ഗാനം എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗായിക ഇന്ദുലേഖ വാര്യര്‍.
ഇങ്ങനെയൊരു അവസരം പ്രതീക്ഷിച്ചിരുന്നോ?
ഇല്ല. ഈ പാട്ടിന്റെ ലിറിക്സ് എഴുതിയ രാജീവ് അങ്കിള്‍ (രാജിവ് ഗോവിന്ദന്) ആണ് എന്നെ ട്രാക്ക് പാടാന്‍ വിളിക്കുന്നത്. സംഗീത സംവിധായകന് അദ്ദേഹത്തോട് പറഞ്ഞത് ലിറിക്സ് നന്നായി ഉച്ഛരിക്കാന്‍ കഴിയുന്ന ഒരു ഗായികയെ വിളിക്കാനായിരുന്നു. പിന്നീട് ഞാന്‍ പാടിയ ട്രാക്ക് എല്ലാവര്ക്കും ഇഷ്ടപ്പെട്ടത് കാരണം ചിത്രത്തില്‍ അത് തന്നെ ഉപയോഗിച്ചു.
സംഗീത സംവിധായകന് രവി ബസ്രൂറിനെ കുറിച്ച്?
വളരെ ഹംബിളായിട്ടുള്ള സംഗീതഞ്ജനാണ്. ബസ്രൂര് എന്ന അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തിലാണ് സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. അവിടെ എല്ലാവര്ക്കും തുല്യ പരിഗണനയും ഒരേ ഭക്ഷണവുമൊക്കെയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ തന്നെയിരുന്നാണ് അദ്ദേഹവും ഭക്ഷണം കഴിക്കുന്നത്. ആ വിനയം കാരണം പാടാനും വളരെ കംഫര്‍ട്ടബിളായിരുന്നു. ഒരു കറക്ഷന് പറഞ്ഞാലും വീണ്ടും പാടാനുള്ള കോണ്‍ഫിഡന്‍സ് കിട്ടുന്നത് അദ്ദേഹത്തിന്റെ ഈ പെരുമാറ്റം കാരണമാണ്.
പ്രശാന്ത് നീലിനെ കാണാനിടയായത്?
അടുത്തുതന്നെയുള്ള സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ എഡിറ്റിങ്ങ് നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അവിടെയുണ്ടായിരുന്നത്. രാജീവ് അങ്കിള്‍ എന്നെ പ്രശാന്ത് സാറിന് പരിചയപ്പെടുത്തി കൊടുത്തു. അങ്ങനെ അവിചാരിതമായി അദ്ദേഹത്തെ കാണാന്‍ പറ്റി.
സലാറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍?
എല്ലാവരെയും പോലെ ഞാനും എക്സൈറ്റഡാണ്. ഹോംബാലെ ഫിലിംസും പ്രശാന്ത് നീലും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം കാണാന്‍ കാത്തിരിക്കുന്ന ആളുകളുടെ കൂട്ടത്തില്‍ ഞാനുമുണ്ട്.
വീട്ടുകാരുടെ പ്രതികരണമെന്തായിരുന്നു? പ്രത്യേകിച്ച് അച്ഛന്റെ?
അച്ഛനോട് ഞാന്‍ പറഞ്ഞിരുന്നില്ല. ട്രാക്ക് പാടി എന്ന് മാത്രമാണ് പറഞ്ഞത്. വേറെയാരെങ്കിലും ഒര്‍ജിനല്‍ സോങ്ങ് പാടിയാല്‍, ഞാന്‍ പറഞ്ഞതെല്ലാം വെറുതെയായി പോകും എന്ന് പേടിച്ചാണ് പറയാതിരുന്നത്. പാട്ട് ഇറങ്ങുന്ന തലേ ദിവസം വൈകുന്നേരമാണ് ഞാന്‍ അച്ഛനോട് സൂചിപ്പിച്ചത്.
അമ്മയോട് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഹസ്ബന്റായിരുന്നു ഏറ്റവും എക്സൈറ്റഡ്. ആളൊരു കെജിഎഫ് ആരാധകനാണ്. ട്രാക്കാണെങ്കിലും കുഴപ്പമില്ല പോയി പാടണം എന്ന് എന്നോട് പറഞ്ഞു. ഇപ്പോഴും ചിത്രത്തിനായി ആള് കാത്തിരിക്കുകയാണ്.
ഇതിനോടകം മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗാണ്ടര്‍, കെവി രാമറാവു എന്നിവര്‍ ചേര്‍ന്നാണ് സലാര്‍ നിര്‍മിക്കുന്നത്. ഡിസംബര്‍ 22-ന് ലോകവ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്തും.
Recent Comments