ഡിസംബര്‍ 20 ന് നന്ദനം റിലീസ് ചെയ്തിട്ട് 21 വര്‍ഷം തികഞ്ഞു. സിനിമയുടെ എല്ലാ ഘടകങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതു കൊണ്ട് തന്നെ കലാപരമായും വാണിജ്യപരമായും ചിത്രത്തിന് ശ്രദ്ധ ലഭിച്ചു. രഞ്ജിത്തിന്റെ സസൂക്ഷമായ തിരക്കഥയാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ നന്ദനത്തിന്റെ മേന്മകളെ അക്കമിട്ടു നിരത്തുമ്പോള്‍ പശ്ചാത്തല സംഗീതത്തിന്റെ കാര്യം പലപ്പോഴും വിസ്മരിക്കപ്പെടാറുണ്ട്.
രാജാമണിയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. 700-ല്‍പ്പരം ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ചെയ്ത അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വര്‍ക്കുകളില്‍ ഒന്നാണ് നന്ദനം. തീര്‍ത്തും വ്യത്യസ്തമായ ഒരു സൗണ്ട് സ്കേപ്പാണ് ചിത്രത്തിന് രാജാമണി നല്‍കിയിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപം നില്ക്കുന്ന അനുഭൂതി പശ്ചാത്തല സംഗീതത്തിന് നല്കാന് സാധിക്കുന്നുണ്ട്. ഇമോഷന്‍സിന്റെ വേലിയേറ്റങ്ങള്‍ തിരക്കഥയില്‍ പലയിടത്തായി ഉണ്ടെങ്കിലും പശ്ചാത്തല സംഗീതം ഉടനീളം ഒരു ശാന്തത സൂക്ഷിക്കുന്നുണ്ട്.
ചിത്രത്തിലെ പല സീനുകളും ഗുരുവായൂരപ്പന് എന്ന ശക്തിയെ കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. ചില സീനുകളില്‍ പ്രത്യക്ഷത്തിലും മറ്റു ചിലതില്‍ പരോക്ഷമായും ഗുരുവായൂരപ്പന് കടന്ന് വരുന്നു. പലയിടത്തും ഗുരുവായൂരപ്പന്റെ സാന്നിധ്യം ഒരു നായക പരിവേഷത്തിന് തുല്യമായി എലിവേറ്റ് ചെയ്യപ്പെടുന്നുണ്ട്. അവിടെയെല്ലാം ‘കണി കാണും നേരം’ ഗാനത്തിന്റെ ഇന്‍സ്ട്രമെന്റല്‍ വേര്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വളരെ കൃത്യമായാണ് രാജാമണി ഓരോ സീനിലും പ്ലേസ് ചെയ്തിരിക്കുന്നത്.
ബാലാമണിയുടെ പ്രണയത്തിന്റെ തീം മ്യൂസിക്കും വളരെയധികം ശ്രദ്ധ നേടിയിരുന്നു. പ്രണയത്തിന്റെ സങ്കടത്തിലും സന്തോഷത്തിലും ഇതേ തീം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഈ ട്യൂണ്‍ നിര്ദ്ദേഷിച്ചത് വിഖ്യാത സംഗീതഞ്ജന്‍ ബി. എ ചിദംബരനാഥാണ്.
മുറപ്പെണ്ണ് അടക്കം നിരവധി ചിത്രങ്ങളില്‍ വളരെ മനോഹരമായ ഗാനങ്ങളൊരുക്കിയ ആളാണ് ചിദംബരനാഥ്. പുതുതലമുറയ്ക്ക് ചിദംബരനാഥിനെ അറിയില്ലെങ്കിലും ‘കരയുന്നോ പുഴ ചിരിക്കുന്നോ’ തുടങ്ങിയ ചിദംബരനാഥിന്റെ പാട്ടുകള്‍ അവര്‍ക്ക് അന്യമല്ല. രാജാമണിയുടെ പിതാവ് എന്നതില്‍ ഉപരി ലെജന്റസായ സംഗീത സംവിധായകരുടെ പട്ടികയില്‍ ഇടമുള്ളയാളാണ് ചിദംബരനാഥ്.
വളരെ നിഷ്കളങ്കമായ പ്രണയത്തിനെ കാണിക്കാന്‍ ഒരു തീം മ്യൂസിക്ക് വേണം അതായിരുന്നു രാജാമണിയുടെ മുന്നിലെ വെല്ലുവിളി. ആശയക്കുഴപ്പത്തിലായ രാജാമണി നേരെ ചെന്ന് അച്ഛന് ചിദംബരനാഥിനോട് കാര്യം പറഞ്ഞു. ആവശ്യം അറിയിച്ചപ്പോള്‍ ഉടനെ തന്നെ കര്‍ണ്ണരഞ്ജിനി രാഗത്തില്‍ ഒരു കീര്‍ത്തനമാണ് ചിദംബരനാഥ് മറുപടിയായി കൊടുത്തത്. കീര്‍ത്തനത്തിലെ കര്‍ണ്ണരഞ്ജിനി രാഗം ആവാഹിച്ച് രാജാമണി ചെയ്ത തീം മ്യൂസിക്കാണ് ഇപ്പോള്‍ നമ്മള് കേള്‍ക്കുന്നത്.
Recent Comments