സംഗീത ലോകത്തെ വിഖ്യാത സഖ്യമായ ജയവിജയന്മാരിലെ പത്മശ്രീ കെ.ജി. ജയന് തൊണ്ണൂര് വയസ്സ് തികയുകയാണ്. വൃശ്ചികമാസത്തില്‍ ഭരണി നാളില്‍ ജനിച്ച ജയന്റെ നവതി ഇന്ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ജന്മനാടായ കോട്ടയത്ത് ആഘോഷിക്കുന്നു.
കടമ്പൂത്ര മഠത്തിലാണ് ഗോപാലന് തന്ത്രിയുടെയും നാരായണിയമ്മയുടെയും മക്കളായി ജയവിജയന്മാരുടെ ജനനം. 1950-കളില്‍ എപ്പോഴോ ശബരിമലയ്ക്കു പോയപ്പോഴാണ് മനസില്‍ അയ്യപ്പനെ ദര്‍ശിച്ച് ജയന് കൊടിമരച്ചുവട്ടിലിരുന്ന് ആദ്യമായി പാടിയത്. അച്ഛന് ഗോപാലന് തന്ത്രിയാണ് ആറാം വയസില്‍ പാട്ടു പഠിപ്പിക്കാന്‍ രാമന് ഭാഗവതരുടെ അടുത്തെത്തിച്ചത്. പിന്നീട് സ്വാതി തിരുന്നാള്‍ മ്യൂസ്സിക് അക്കാദമിയില്‍ നിന്നും ഫസ്റ്റ് ക്ലാസ്സോടെ ഗാനഭൂഷണം പരീക്ഷ പാസായി. ബാലമുരളീകൃഷ്ണയ്ക്കു കീഴില്‍ ആറു വര്‍ഷവും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ 18 വര്‍ഷവും സംഗീതം അഭ്യസിച്ചു.
ജയനെയും വിജയനെയും ‘ജയ വിജയ’ ആക്കി മാറ്റിയത് നടന് ജോസ് പ്രകാശ് ആയിരുന്നു. ജോസ് പ്രകാശ് അഭിനയിച്ച ‘പ്രിയ പുത്രന്’ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ജയവിജയന്മാരായിരുന്നു. 1968 ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന മലയാള ചിത്രത്തിലൂടെയാണു സിനിമാരംഗത്തെത്തിയത്. ഏകദേശം മുപ്പതോളം സിനിമകള്‍ക്ക് സംഗീതം നല്കി. നക്ഷത്രദീപങ്ങള്‍ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയവ ഇന്നും ഗാനാസ്വദകരുടെ ഇഷ്ടഗീതങ്ങളായി നില്ക്കുന്നു.
എച്ച്എംവി റെക്കോഡിംഗ് സ്റ്റുഡിയോ ജനറല്‍ മാനേജര്‍ തങ്കയ്യയുടെ നിര്‍ദ്ദേശപ്രകാരമാണ് ഭക്തിഗാനങ്ങള്‍ ജയവിജയന്മാര് തന്നെ പാടിത്തുടങ്ങിയത്. ഇതിനു ശേഷം ഇരുവരും ചേര്‍ന്നു പാടിയ ശ്രീകോവില്‍ നട തുറന്നൂ എന്ന ഗാനവും ഏറെ പ്രശസ്തമായി. പിന്നീട് തുടരെത്തുടരെ അയ്യപ്പഭക്തിഗാനങ്ങളുമായി ജയവിജയന്മാര് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. മകരവിളക്കിന് അയ്യപ്പനെ തങ്ക അങ്കിയണിയിച്ച് ദീപാരാധന നടത്തും മുമ്പ് ജയന്റെ അയ്യപ്പഗാനാലാപനം അരങ്ങേറിയത് വര്‍ഷങ്ങളോളമായിരുന്നു.
1988-ല്‍ ഇരട്ട സഹോദരനായ കെ.ജി വിജയന്റെ അകാല മരണം ജയനെ തളര്‍ത്തിയെങ്കിലും അയ്യപ്പഗാനങ്ങളിലൂടെ ജയന് ആ ദുഃഖം മറന്നു പാടി. രാജ്യം പത്മശ്രീ നല്കി ആദരിച്ച ജയനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അയ്യപ്പ ഗാനമികവിന് ഹരിവരാസന പുരസ്ക്കാരം നല്കി ആദരിച്ചു. സംഗീത നാടക അക്കാഡമി അവാര്‍ഡും ലഭിച്ചു. കെ.ജി. ജയന്റെ ഭാര്യ പരേതയായ സരോജിനി അദ്ധ്യാപികയായിരുന്നു. മക്കള്‍ ബിജു കെ. ജയനും, സിനിമ താരം മനോജ് കെ. ജയനുമാണ്.
Recent Comments