സ്റ്റണ്ട് മാസ്റ്റര്‍ ജോളി ബാസ്റ്റിന് അന്തരിച്ചു. 57 വയസ്സായിരുന്നു. ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടത് മൂലം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയില്‍ വീണ്ടുമൊരു ഹൃദയാഘാതം വന്നതിനെ തുടര്‍ന്നായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി സിനിമകളിലും ജോളി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിലെ ആലപ്പുഴയില്‍ ജനിച്ച ജോളി വളര്‍ന്നത് ബാംഗ്ലൂരിലാണ്. ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് പാസായ ജോളി ബൈക്ക് മെക്കാനിക്കായിട്ടാണ് ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ബൈക്കില്‍ സാഹസിക പ്രകടനവും അഭ്യസിച്ചു.
നടന് രവിചന്ദ്രന്റെ ഡ്യൂപ്പായി പതിനേഴാം വയസിലാണ് കന്നട സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ചിരഞ്ജീവിയുടെയും അംബരീഷിന്റെയും ഡ്യൂപ്പായി പിന്നീട് ജോളി മാറി. ഡ്യൂപ്പ് വേഷങ്ങളില്‍ നിന്ന് പില്ക്കാലത്ത് സ്റ്റണ്ട്മാനായും സ്റ്റണ്ട് മാസ്റ്ററായും ജോളി മാറി. അജയ് ദേവ്ഗണ്, ഇമ്രാന് ഹാഷ്മി തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ ബോളിവുഡിലും ആക്ഷന്‍ കൊറിയോഗ്രാഫറായി.
ജോണിവാക്കര്‍, തലസ്ഥാനം, വന്ദനം തുടങ്ങിയ സിനിമകളില്‍ നായക നടന്മാരുടെ ഡ്യൂപ്പായിരുന്നു ജോളി. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെയാണ് മലയാളത്തില്‍ സ്വതന്ത്ര സ്റ്റണ്ട് മാസ്റ്ററാകുന്നത്. അങ്കമാലി ഡയറീസ്, മാസ്റ്റര്‍പീസ്, ബാംഗ്ലൂര്‍ ഡേയ്സ്, കമ്മട്ടിപ്പാടം, കലി, കണ്ണൂര്‍ സ്ക്വാഡ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങള്‍ക്ക് പിന്നിലും ജോളിയാണ്.
കാടിരുവെ എന്ന റെമാന്റിക് ത്രില്ലര്‍ കന്നട ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട് ജോളി. കര്‍ണാടക സ്റ്റണ്ട് മാസ്റ്റേഴ്സ് യൂണിയന് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ബംഗളൂരുവില്‍ 24 ഇവന്റ്സ് എന്ന പേരില്‍ ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പും നടത്തിയിട്ടുണ്ട് ജോളി.
മകളുടെ കല്യാണത്തിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ കേരളത്തില്‍ എത്തിയതായിരുന്നു ജോളി. റിലീസാകാനിരിക്കുന്ന പ്രേമലുവാണ് ജോളി ഒടുവിലായി ആക്ഷന്‍ ചെയ്ത മലയാള ചിത്രം. ആലപ്പുഴ സ്വദേശി ലൗലിയാണ് ഭാര്യ. നിധി, അമിത് എന്നിവരാണ് മക്കള്‍. മകന് അമിത്തും സ്റ്റണ്ട് മാസ്റ്ററാണ്. അങ്കമാലി ഡയറീസ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അമിത് വില്ലനായി അഭിനയിച്ചിട്ടുണ്ട്.
ബോഡി ഇന്ന് ആലപ്പുഴയില്‍ നിന്ന് ബാഗ്ലൂരിലെ താമസസ്ഥലമായ ഇന്ദിര നഗറിലേക്ക് കൊണ്ട് പോകും. വെള്ളിയാഴ്ചയാണ് സംസ്കാരം.
Recent Comments