തുടര്‍ച്ചയായി 24 വര്‍ഷക്കാലം അമ്മ എന്ന സംഘടനയുടെയുടെ സെക്രട്ടറി- ജനറല്‍ സെക്രട്ടറി പദവികള്‍ അലങ്കരിച്ച വ്യക്തിയാണ് ഇടവേള ബാബു. വര്‍ഷക്കണക്കിന്റെയും പദവിയുടെയും വലിപ്പത്തിന് അനുബന്ധമായുള്ള പ്രവര്‍ത്തനത്തിനുമപ്പുറമാണ് അമ്മയില്‍ ഇടവേള ബാബുവിന്റെ സ്ഥാനം. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ അമ്മയില്‍നിന്ന് തനിക്ക് വരുമാനം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഇടവേള ബാബു.
‘അമ്മയുടെ പൊതുയോഗത്തിനിടെ ഇത് ഊറ്റിയെടുക്കലാണെന്നും ബാബുവിന് ശമ്പളം കൊടുക്കണം എന്നും ജഗതി ചേട്ടന് പറഞ്ഞു. എല്ലാവരും അത് ശരിയാണെന്നും പറഞ്ഞു. ആ മീറ്റിംഗ് കഴിയുന്നതിന് മുമ്പ് തിരിച്ചൊരു ചോദ്യം ഞാന്‍ ചോദിച്ചു. ഞാന്‍ ചെയ്യുന്ന സേവനത്തിന് എന്താണ് ശമ്പളം തരുക അഥവാ എന്താണ് വിലയിടുന്നത് എന്ന്. അതിന് ഉത്തരം തരാന്‍ ആര്‍ക്കും പറ്റിയില്ല.’ ഇടവേള ബാബു തുടര്‍ന്നു.
‘ഒന്നാമത് ഇതൊരു ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനാണ്. ശമ്പളം എടുക്കാന്‍ മെമ്പര്‍മാര്‍ക്ക് പറ്റില്ല. യാത്രാ ചെലവുകള്‍ എഴുതി എടുക്കാറുണ്ട്. പക്ഷേ ഇപ്പോള്‍ ഞാന്‍ എറണാകുളത്ത് തന്നെയാണ് താമസിക്കുന്നത്. എറണാകുളത്താണ് അമ്മയുടെ ഓഫീസും. അതിനാല്‍ ആ ചെലവും ഇല്ല. അമ്മയുടെ ഓഫീസില്‍ നിന്ന് ആകെയൊരു കട്ടന്‍ ചായയാണ് ഞാന്‍ കുടിക്കുന്നത്. ഉച്ചയൂണ് മുതല്‍ എല്ലാം എന്റെ പോക്കറ്റില്‍ നിന്ന് പൈസയെടുത്താണ്. ഇതൊന്നും അമ്മയിലെ അംഗങ്ങള്‍ക്ക് പോലും അറിയില്ല.’
‘എന്നാല്‍ ഒരുപാട് പൈസ അമ്മയില്‍ നിന്ന് ഞാന്‍ എടുക്കുന്നുണ്ട് എന്ന വിമര്‍ശനങ്ങളും വരാറുണ്ട്. സംഘടനയുടെ നിയമം അനുസരിച്ച് ക്യാഷ് എടുക്കണമെങ്കില്‍ രണ്ടാളുകള്‍ ചെക്ക് ഒരുമിച്ച് ഒപ്പിടണം. അപ്പോള്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ ഞാന്‍ എന്റെ കൈയ്യില്‍നിന്ന് കൊടുത്തിട്ട് കണക്കുകള്‍ ഒരുമിച്ച് എഴുതി പൈസ തിരിച്ചെടുക്കുകയാണ് ചെയ്യുക. ഇപ്പോള്‍ സിദ്ദിക്കാണ് ട്രഷറര്‍. അതിന് മുമ്പ് ജഗദീഷ് ചേട്ടനായിരുന്നു. അവരെ കൊണ്ട് ഒപ്പിടീപ്പിക്കാന്‍ കാലതാമസം വരും. അതുകാരണമാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെ അല്ലാതെ ഇടവേള ബാബു എന്ന പേരില്‍ പൈസ എടുത്തു എന്ന രേഖ കാണില്ല.’ ഇടവേള ബാബു പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments