ജനുവരി ഒന്ന്, പുതുവര്‍ഷത്തിലെ ആദ്യ ദിവസം. അതുകൊണ്ട് തന്നെ ജനുവരി ഒന്നിനെ വര്‍ഷത്തിലെ ബാക്കിയുള്ള ദിവസങ്ങളിലേക്കുള്ള രാശിയായിട്ടാണ് പലരും വിലയിരുത്തുന്നത്. രാശിയിലും നിമിത്തതിലും വിശ്വസിക്കുന്നവരാണ് സിനിമക്കാര്‍ അധികവും. എന്നാല്‍ ജനുവരി ഒന്നിന്റെ രാശിയെ കുറിച്ച് വളരെ വിചിത്രമായ ഒരു അനുഭവം എംജി ശ്രീകുമാര്‍ എന്ന ഗായകന്റെ പാട്ട് ജീവിതത്തില്‍ കാണാന്‍ കഴിയും.
80 കളുടെ അവസാനത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങളിലെ മിക്ക ഗാനങ്ങളും എംജി ശ്രീകുമാറായിരുന്നു പാടിയിരുന്നത്. അങ്ങനെ 1989 ലാണ് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള പ്രണവം ആര്‍ട്സിന്റെ ആദ്യ സിനിമയായ ഹിസ് ഹൈനസ് അബ്ദുള്ള അനൗണ്‍സ് ചെയ്യുന്നത്. ചിത്രത്തിലെ എല്ലാ പാട്ടുകളും താനായിരിക്കും പാടുന്നതെന്ന സൂചന എംജിക്ക് സംവിധായകന് സിബി മലയില്‍ നല്‍കിയിരുന്നു. കൂടാതെ സുഹൃത്തായ മോഹന്‍ലാല്‍ നിര്‍മിക്കുന്ന ചിത്രം കൂടിയായത് കൊണ്ട് എല്ലാ പാട്ടുകളും പാടാനാകും എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എംജി.
രവീന്ദ്രനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം. വരികളെഴുതിയ കൈതപ്രത്തിനും രവീന്ദ്രനുമൊപ്പം എംജിയും പാംഗ്രൂ ഹോട്ടലില്‍ കമ്പോസിങ്ങിനായി മുഴുവന്‍ നേരവും കൂടെയിരുന്നു. പ്രമദവനവും ഗോപികാവസന്തവും പാടിയാല്‍ ഏതെങ്കിലും ഒരു അവാര്‍ഡ് എങ്കിലും തനിക്ക് ലഭിക്കാതിരിക്കില്ല എന്നും എം ജി വിശ്വസിച്ചു. 1990 ജനുവരി ഒന്നാം തിയതിയാണ് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഇരുന്നത്. അതിനാല്‍ പുതുവത്സര പിറവിക്കായി എംജി ആകാംഷയോടെ ഓരോ ദിവസവും തള്ളി നീക്കി.
എന്നാല്‍ പുതുവര്‍ഷം പിറക്കുന്നതിന് ഒരു ദിവസം മുമ്പ്, അതായിത് ന്യൂ ഇയര്‍ ഈവില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് എംജിയെ വിളിച്ച് ജനുവരി നാലാം തിയതി വന്നാല്‍ മതിയെന്ന് പറഞ്ഞു. കാരണം ചോദിച്ച എംജിക്ക് മറുപടിയായി ലഭിച്ചത് പ്രധാന പാട്ടുകള്‍ പാടുന്നത് യേശുദാസാണെന്ന വാര്‍ത്തയാണ്. ഇത് കേട്ട് നിറകണ്ണുകളോടെയാണ് എംജി 1990 – ലെ പുതുവത്സരത്തെ വരവേറ്റത്. ജനുവരി നാലിന് എംജി സ്റ്റുഡിയോയില്‍ പോയി നാദരൂപിണി എന്ന ഗാനം ആലപിച്ചു. എന്നാല്‍ പെട്ടെന്ന് പിടിച്ച മൂക്കടപ്പ് മൂലം സ്ഥിരമുള്ളതില് നിന്ന് വ്യത്യസ്തമായൊരു ശബ്ദത്തിലാണ് എംജി ആ ഗാനം പാടിയിരിക്കുന്നത്. ദേവസഭാതലം എന്ന ഗാനത്തിലെ കൈതപ്രത്തിന്റെ കഥാപാത്രം പാടുന്ന ഭാഗവും പാടിയെങ്കിലും സിനിമയില്‍ അത് ഉപയോഗിച്ചില്ല.
കാസറ്റിലും സിനിമയിലും മറ്റു പാട്ടുകളുടെ പ്രഭയില്‍ നാദരൂപിണി മുങ്ങി പോയി. ആരും എടുത്തു പറയാത്ത പാട്ടായി അത് മാറി. കാലം ഒരുപാട് മുന്നോട്ട് പോയി. ജി വേണുഗോപാലിന് താനേ പൂവിട്ട മോഹം എന്ന സസ്നേഹത്തിലെ പാട്ടിന് ആ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കൂടാതെ ഹിസ് ഹൈനസ് അബ്ദുള്ളയിലെ തന്നെ പ്രമദവനത്തിന് യേശുദാസിന് നാഷണല്‍ അവാര്‍ഡ് ലഭിക്കുമെന്നും സംഗീത പ്രേമികള്‍ കരുതിയിരുന്നു.
എന്നാല്‍ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ച് കൊണ്ട് നാദരൂപിണി എന്ന ഗാനത്തിന് എംജിക്കാണ് 1990-ലെ നാഷണല്‍ അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് കിട്ടിയപ്പോള്‍ താന്‍ തന്നെ അതിശയിച്ചുപോയെന്നും എംജി പില്ക്കാലത്ത് പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ള ഗാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതികഠിനമായ ഒരു ക്ലാസിക്കല്‍ ഗാനമായിരുന്നു നാദരൂപിണി. അതിനാലാണ് എംജി അവാര്‍ഡിന് അര്‍ഹനായത്. ദുരനുഭവത്തില്‍ നിന്ന് തുടങ്ങിയ വര്‍ഷമായ 1990 എംജിയുടെ കരിയര്‍ പറയുമ്പോള്‍ എടുത്തു പറയാതിരിക്കാന്‍ കഴിയാത്ത വര്‍ഷമായി മാറി. ആദ്യ ദിവസത്തിന്റെ രാശിയെക്കാള് ഓരോ ദിവസത്തിലെയും കര്‍മ്മമാണ് പ്രധാനം. കര്‍മ്മത്തിന്റെ ഫലം പിന്നീടുള്ള ദിവസങ്ങളില്‍ നമ്മളെ തേടി വരും എന്നതും എംജിയുടെ ഈ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.
Recent Comments