പലപ്പോഴും തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇടവേള ബാബുവിന്റെ പേര് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഒരു കോണ്‍ഗ്രസ് അനുഭാവിയായ ഇടവേള ബാബു ഇതുവരെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് നടന് ഇടവേള ബാബു.
‘എനിക്ക് ചില നേതാക്കളോട് വളരെയധികം ആരാധനയുണ്ടായിരുന്നു. അന്നത്തെ കാലത്ത് ഇന്ദിരാ ഗാന്ധി, കരുണാകരന് തുടങ്ങിയവരെയാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്. കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്ന സമയത്ത് ഞാന്‍ ക്രൈസ്റ്റ് കോളേജില്‍ ഒറ്റയ്ക്ക് ജാഥ നടത്തുകയുണ്ടായി. കെ. കരുണാകരന് വേണ്ടിയായിരുന്നു ആ ജാഥ നടത്തിയത്. കൂടാതെ കെ.എസ്.യുവിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുമുണ്ട്.’ ഇടവേള ബാബു തുടര്‍ന്നു.
‘അദ്ദേഹം (കരുണാകരന്) എന്നെ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം ഇടവേള സിനിമയും കണ്ടിട്ടുണ്ട്. ഇടവേളയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ കൃഷ്ണകുമാറായിരുന്നു. കൃഷ്ണകുമാറുമായുള്ള അടുപ്പം കാരണമാണ് അദ്ദേഹം സിനിമ കാണാന്‍ ഇടയായത്.’
‘ഞാന്‍ ഇടവേള അഭിനയിക്കാന്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് എന്നെ കെ.എസ്.യുവിന്റെ സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് എടുക്കാന്‍ തീരുമാനിച്ചു എന്ന ലീഡറിന്റെ (കരുണാകരന്) സന്ദേശം ലഭിക്കുന്നത്. ഒരുപക്ഷേ അന്ന് സിനിമയിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു രാഷ്ട്രീയക്കാരനായി മാറുമായിരുന്നു. ഇത് പന്തളം സുധാകരന് ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.’
‘രാഷ്ട്രീയക്കാരനാകാന്‍ കഴിയാത്തത് കൊണ്ടായിരിക്കണം ഞാന്‍ അമ്മയിലൂടെ ഇതെല്ലാം ചെയ്യുന്നത്. ചില ആദര്‍ശങ്ങളോട് എനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. ഇപ്പോഴും എല്ലാ രാഷ്ട്രീയ നേതാക്കളുമായി എനിക്ക് നല്ല ബന്ധമുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥിയാകുന്നോ എന്ന് ചോദിച്ചതാണ്. പക്ഷേ അതിന് സമയമായിട്ടില്ല എന്ന് തോന്നുന്നു. എന്നിരുന്നാലും ഇനി ഒരിക്കലും സ്ഥാനാര്‍ത്ഥിയാകില്ല എന്നും പറയാന്‍ പറ്റില്ല.’ ഇടവേള ബാബു പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments