വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രശസ്തമായ ഒരു നാടകമുണ്ട്; അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്. ആ നാടകവുമായി ഒരു പുലബന്ധവും ‘അടുക്കള’യില്‍ നിന്ന്’ഖാലിപേഴ്സി’നില്ല.
അടുക്കളയും ഖാലിപേഴ്സും രണ്ട് മലയാള ചിത്രങ്ങളുടെ പേരുകളാണ്. അതില്‍ ഒന്നിന്റെ ചിത്രീകരണം ഇപ്പോള്‍ എറണാകുളത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും തന്‍വീറുമാണ് പ്രധാന താരനിരക്കാര്‍. നവാഗതനായ മാക്സ്വെല് ജോസ് ആണ് സംവിധായകന്.
ചിത്രത്തിന്റെ പൂര്‍ണ്ണമായ പേര് ഖാലിപേഴ്സ് ഓഫ് ബില്യണയേഴ്സ്.
ഇതേ മാക്സ്വെല് ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് അടുക്കള. ആദ്യം തുടങ്ങാനിരുന്ന ചിത്രവും അടുക്കളയാണ്. അതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി നേപ്പാളിലേക്ക് പോകാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അതോടെ യാത്ര മുടങ്ങി, ഷൂട്ടിംഗും.
‘അടുക്കള ഒരു സസ്പെന്‍സ് ത്രില്ലറാണ്. അതിന്റെ മേജര്‍ പോര്‍ഷനും ഷൂട്ടു ചെയ്യേണ്ടിയിരുന്നത് നേപ്പാളിലായിരുന്നു. നേപ്പാള്‍ യാത്ര മുടങ്ങിയതോടെ, ഏതൊരു ശരാശരി മലയാളിയേയും പോലെ ഞാനും വീട്ടില്‍ കുത്തിയിരിപ്പായി. അപ്പോള്‍ ധ്യാന്‍ ശ്രീനിവാസനാണ് ഈ കോവിഡ് കാലത്ത് ഷൂട്ട് ചെയ്യാന്‍ പറ്റിയ മറ്റൊരു കഥയെക്കുറിച്ച് ആലോചിക്കാന്‍ പറഞ്ഞത്. ധ്യാന്‍ എന്റെ നല്ലൊരു സുഹൃത്തുകൂടിയാണ്. ധ്യാനിന്റെ ധൈര്യത്തില്‍ ഞാന്‍ ചില കഥകള്‍ ആലോചിച്ചു. അതില്‍ ഒരു കഥ ഡെവലപ്പ് ചെയ്തുവന്നപ്പോള്‍ ധ്യാനിനും ഇഷ്ടമായി. അതാണ് ഇപ്പോള്‍ ഷൂട്ടു ചെയ്തുകൊണ്ടിരിക്കുന്ന ഖാലിപേഴ്സ് ഓഫ് ബില്യണയേസ്. എന്റെ ആദ്യ ചിത്രം ഇങ്ങനെ തുടങ്ങണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ നമ്മള് ആഗ്രഹിക്കുന്നതുപോലെയല്ലല്ലോ എല്ലാം സംഭവിക്കുന്നത്.’ മാക്സ്വെല് പറയുന്നു.
‘ഈ കൊറോണക്കാലം ഐ.ടി. പ്രൊഫഷണലുകള്‍ക്ക് കൊയ്ത്തുകാലമായിരിക്കുമെന്നാണ് നാമെല്ലാം കരുതിയത്. എന്നാല്‍ അങ്ങനെയല്ല. കൊറോണയെത്തുടര്‍ന്ന് പല വലിയ പ്രോജക്ടുകളും നഷ്ടമായ കമ്പനികള്‍ ഉണ്ട്. അതിലൂടെ തൊഴില്‍ രഹിതരായ അനവധി ചെറുപ്പക്കാരും. അവരുടെ രണ്ട് പ്രതിനിധികളാണ് ഈ കഥയിലെ ബിപിന്‍ദാസും ബിപിന്വിജയനും. തൊഴില്‍ നഷ്ടപ്പെട്ടതോടെ പുതിയൊരു തൊഴില്സംരംഭവുമായി അവര്‍ ഇറങ്ങിതിരിക്കുകയാണ്. അവിടെ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് ഖാലിപേഴ്സ് ചര്‍ച്ച ചെയ്യുന്നത്. പണ്ട് ലാലേട്ടനും ശ്രീനിയേട്ടനും ചെയ്ത ദാസനേയും വിജയനേയും ഓര്‍മ്മയില്ലേ? അവരുടെ ഇന്നത്തെ തലമുറയിലെ പ്രതിനിധികളാണ് അജുവും ധ്യാനും.’ മാക്സ് വെല്‍ പറഞ്ഞു.
വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ മാക്സ് വെല്‍ ലിജോ പെല്ലിശ്ശേരിയുടെയും വി.എം. വിനുവിന്റേയും ശിഷ്യനാണ്. രണ്ട് സ്പെക്ട്രത്തില്നിന്ന് വര്‍ക്ക് ചെയ്തവരോടൊപ്പമുള്ള അനുഭവ സമ്പത്തുമായിട്ടാണ് മാക്സ് ഖാലിപേഴ്സ് ചെയ്യാനെത്തുന്നത്.
ജഗദീഷ്, ധര്മ്മജന് ബോള്‍ഗാട്ടി, മേജര്‍ രവി, ഇടവേളബാബു, രമേഷ് പിഷാരടി, സോഹന്‍ സീനു ലാല്‍, റാഫി, അഹമ്മദ് സിദ്ധിഖ്, ലെന എന്നിവര്‍ക്കൊപ്പം അതിഥി വേഷത്തില്‍ സണ്ണിവെയ്നും ഖാലിപേഴ്സില് എത്തുന്നുണ്ട്.
Recent Comments