ധനുവിലെ തിരുവാതിര പ്രസിദ്ധമാണ്. ശ്രീ പരമേശ്വരന്റ ആയുരാരോഗ്യ സൗഖ്യത്തിനായി ശ്രീ പാര്‍വ്വതി അനുഷ്ഠിച്ച വ്രതം. ഭഗവാന്റെ ജന്മ നക്ഷത്രമാണ് ധനുവിലെ തിരുവാതിര.
ഓണവും വിഷുവും പോലെ തിരുവാതിരയും കേരളത്തിന്റെ ആഘോഷമായിരുന്നു പണ്ട്. ഇന്നും അങ്ങനെയില്ലാതില്ല എന്നാല്‍ അത്ര പരക്കെ ആഘോഷമൊന്നുമില്ല.
കന്യകമാര്‍ നല്ല വരനെ കിട്ടാനും, സുമംഗലികള്‍ ഭര്‍ത്താവിന്റെ നന്മയ്ക്കുമായി അനുഷ്ഠിക്കുന്ന വ്രതമാണിത്. ഉമയേയും മഹേശ്വരനേയും ഒരേ പോലെ പ്രീതിപ്പെടുത്താന്‍ ഈ വ്രതത്തിലൂടെ കഴിയും. വ്രതത്തിന്റെ ഭാഗമാണ് തിരുവാതിരപ്പാട്ടും കളിയും . തിരുവാതിര നാളില്‍ അരിയാഹാരം പാടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്
ധനുവിലെ രേവതി മുതല്‍ തിരുവാതിര വരെയാണ് വ്രതം നോക്കേണ്ടത്. പുലര്‍ച്ചെ കുളിയോടെ ചടങ്ങുകള്‍ തുടങ്ങണം.
മകയിരം നാളില്‍ വൈകിട്ട് എട്ടങ്ങടി തയ്യാറാക്കണം. കാവത്ത്, കൂര്‍ക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുര കിഴങ്ങ്, രണ്ടു തരം ചേമ്പ് എന്നിങ്ങനെ എട്ടു കിഴങ്ങുകളും നേന്ത്രക്കായും കനലില്‍ ചുട്ടെടുക്കുന്നു. ഉണങ്ങിയ നാളികേരം, കരിമ്പ്, കദളിപ്പഴം എന്നിവയും ചുട്ട കിഴങ്ങുകളും അരിഞ്ഞ് ശര്‍ക്കര,പാവുകാച്ചി വന്‍പയര്‍, എള്ള്, കടല എന്നിവ വറുത്ത് ചോളപ്പൊടിയും എള്ളും ചേര്‍ത്ത് ഇളക്കുന്നതാണ് എട്ടങ്ങടി.
ഗണപതി, ശിവന്, പാര്‍വ്വതി, ചന്ദ്രന് എന്നീ ദേവതകള്‍ക്ക് നിവേദിച്ച ശേഷം പ്രസാദമായി ഭക്ഷിക്കുന്നു.
തിരുവാതിര നാളില്‍ രാവിലെ കരിക്ക്, പഴം, അട, അവല്, മലര് ഇവ നേദിക്കുകയും അതിനു ശേഷം അവയും കൂവ കുറുക്കിയതും കഴിക്കുകയും ചെയ്യുന്നു. ഗോതമ്പ്, ചാമ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ഭക്ഷണവും തിരുവാതിരപ്പുഴുക്കും കഴിക്കാം.
അര്‍ദ്ധരാത്രിയില്‍ അതിവിശിഷ്ടമായ ആര്‍ദ്രാജാഗരണം നടക്കുന്നു. സുമംഗലി മാരും കന്യകമാരും നടുമുറ്റത്ത് അരിപ്പൊടി കലക്കി തളിച്ച ശേഷം അമ്മിക്കുഴവിയെ അര്‍ദ്ധനാരീശ്വര സങ്കല് പ്പത്തില്‍ അതിനു മദ്ധ്യേ ഉറപ്പിക്കുന്നു. വിളക്ക് ഗണപതിയായി സങ്കല്‍പ്പിച്ച് പൂജ നടത്തു ന്നു.അടയ്ക്കാ മണിയന് എന്ന ചെടിയുടെ നാമ്പാണ് പൂജയ്ക്ക് ഉപയോഗിക്കുക.
സുമംഗലികളും കന്യകകളും ചന്ദനം, ചാന്ത്, കുങ്കുമം എന്നിവ നെറ്റിയില്‍ ചാര്‍ത്തി കണ്ണെഴുതും. മൂന്ന് വെറ്റില കൊണ്ട് മൂന്നു കൂട്ടി അടയ്ക്കാ മണിയന്റെ ഇല കൊണ്ട് അര്‍ദ്ധനാരീശ്വരന്‍ ,ഗണപതി എന്നിവരെ അര്‍ച്ചിക്കും തുടര്‍ന്ന് അഷ്ടദിക് പാലക സങ്കല്‍പ്പത്തില്‍ എട്ടു ദിക്കുകളിലും അര്‍ച്ചന നടത്തും. ബാക്കിയുള്ള പൂജാ പാത്രം അരുന്ധതീ ദേവിയെ സങ്കല്‍പ്പിച്ച് മുകളിലേക്ക് അര്‍ച്ചിക്കും പിന്നീട് മംഗല്യത്തിന് പ്രാര്‍ത്ഥിച്ച് നമസ്കരിക്കും. തുടര്‍ന്ന് ശ്രീ പാര്‍വതീ സ്വയംവരം, മംഗലാതിര എന്നീ പാട്ടുകള്‍ പാടി തിരുവാതിര കളിക്കുന്നു. നേരം പുലരുന്നതുവരെ തിരുവാതിര കളി തുടരും
രാവിലെ കുളി കഴിഞ്ഞ് ക്ഷേത്ര ദര്‍ശനം നടത്തി തീര്‍ത്ഥം കുടിച്ച് പാരണ വീട്ടിയ ശേഷം മാത്രമേ അരിഭക്ഷണം കഴിക്കാവൂ. ഇതോടു കൂടി ദീര്‍ഘ മംഗല്യവരദായകമായ തിരുവാതിര വ്രതം പരിപൂര്‍ണ്ണമാകുന്നു.
ഈ വര്‍ഷത്തെ തിരുവാതിര വ്രതം ശ്രദ്ധിക്കേണ്ടവ
മകയിരം നാള് മുതല്‍ അരിയാഹാരം ഉപേക്ഷിച്ച് വ്രതാചരണം ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 28 (ധനു 13) വൈകുന്നേരം മുതല്‍ ഡിസംബര്‍ 30 (ധനു 15) വൈകുന്നേരം 7 മണി വരെ വ്രതം ആചരിക്കണം.
തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവര്‍ ഡിസംബര്‍ 29 വൈകുന്നേരം മുതല്‍ ഡിസംബര്‍ 30 വൈകുന്നേരം 7 മണി വരെ ആ ചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കല്‍ ഡിസംബര്‍ 29 രാത്രി.
വ്രതനിഷ്ഠ ആഹാര നിഷ്ഠ
അരി ആഹാരം പൂര്‍ണ്ണമായി ഒഴിവാക്കുക എന്നതാണ് തിരുവാതിര വ്രതത്തിന്റെ നിബന്ധന. പയര്‍, ഗോതമ്പ്, കാച്ചില്, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രപ്പഴം ഇവയാണ് ഭക്ഷിക്കാവുന്നവ.
ഉള്ളിയും കാച്ചിയ പര്‍പ്പടകവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ചുയര്‍ന്നാല്‍ ആ നക്ഷത്രം അസ്തമിക്കും വരെയാണ് വ്രതം.
സന്ധ്യക്ക് മുമ്പ് വ്രതക്കാരി കുളി കഴിഞ്ഞ് സെറ്റ് മുണ്ട് ഉടുത്ത് കണ്ണെഴുതി. സിന്ദൂരം ചാര്‍ത്തി തലയില്‍ ദശപുഷ്പമോ, തുളസിയോ, മുല്ലപ്പൂവോ ചൂടണം’
നിലവിളക്കു തെളിച്ച് ഗണപതി ഒരുക്ക്, വെറ്റില അടയ്ക്ക, അഷ്ടമംഗല്യം ഇവ ഒരുക്കി ഗണപതി പാര്‍വ്വതി പരമശിവന് എന്നിവരെ പ്രാര്‍ത്ഥിക്കണം.
ഉറക്കമിളക്കുന്നവര്‍ ഉറങ്ങാതെ ഭജനം, തിരുവാതിര കളി , പുരാണ പാരായണം ഇവയില്‍ മുഴുകണം.സ്ത്രീകള്‍ കൂട്ടമായി ആചരിക്കുന്നതാണ് ഉത്തമം. പാതിരാത്രി കഴിഞ്ഞാല്‍ കുളിച്ചു വന്ന് പാതിരാപ്പൂവ് ചൂടണമത്രേ. അടയ്ക്കാമണിയന്‍ എന്ന ചെടിയുടെ പൂവും കായുമാണ് പാതിരാപ്പുവ് ഇതു കിട്ടാത്തവര്‍ ദശപുഷ്പം, തുളസി ഇവ ചൂടിയാല്‍ മതി.
ഭര്‍ത്താവിന്റെ ദു:ശീലങ്ങള്‍ മാറാനും ദാമ്പത്യ ഭദ്രതക്കും , പ്രണയിക്കുന്നവര്‍ക്ക് പ്രണയ സാഫല്യം മനപ്പൊരുത്തം ഇഷ്ട ജന വശ്യത എന്നിവക്കും പാര്‍വ്വതി ശിവനെ ലഭിക്കാന്‍ ആചരിച്ച തിരുവാതിര വ്രതം ഉത്തമമത്രേ.
Recent Comments