ഇന്നത്തെ തമിഴ് ചലച്ചിത്ര സംഗീതലോകത്തെ ട്രെന്റിംഗ് മ്യൂസിക് ഡയറക്ടറാണ് സന്തോഷ് നാരായണന്. തമിഴിലെ മുന്‍നിര സംവിധായകരടക്കം ആദ്യം തേടുന്ന മ്യൂസിക് ഡയറക്ടറില്‍ ഒരാളുകൂടിയാണ് അദ്ദേഹം. ആട്ടക്കത്തിയില്‍ തുടങ്ങിയ ആ സംഗീത സപര്യ പിസ, സൂത്കവ്വ്, മദ്രാസി, 36 വയതിനിലേ, മനിതന്, കബാലി, കാശ്മോര, ഭൈരവ, കാല, വടചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ അനുസ്യൂതം മുന്നോട്ട് പോകുന്നതിനിടയിലാണ് അദ്ദേഹം മലയാളത്തിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണനാണ്. ജിനു എബ്രഹാം കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ്, ആദംജോണ്‍, കടുവ എന്നീ സിനിമകള്‍ക്കുശേഷം ജിനു തിരക്കഥ എഴുതുന്ന ചിത്രംകൂടിയാണിത്. ടൈറ്റില്‍ ആയിട്ടില്ല.
ചിത്രത്തിന്റെ കഥയും തിരക്കഥയും വിശദമായി കേട്ടതിനുശേഷമാണ് മലയാളത്തില്‍ സംഗീതം ചെയ്യാന്‍ സന്തോഷ് സന്നദ്ധത അറിയിച്ചിരിക്കുന്നത്.
ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധര്‍ ആണ്. താരങ്ങളേയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരേയും വൈകാതെ പ്രഖ്യാപിക്കും.
Recent Comments