സുരേഷ് ഗോപിക്ക് ഏറെ ആത്മബന്ധമുള്ള വീടാണ് ശാസ്ത്രമംഗലത്തെ ‘ശ്രീലക്ഷ്മി’. സുരേഷ് ഗോപി തിരുവനന്തപുരത്ത് ആദ്യമായി പണികഴിപ്പിക്കുന്ന വീടും അതാണ്. മകളുടെ വിവാഹത്തോടനുബന്ധിച്ച് അത് വീണ്ടും പുതുക്കി പണിതിരുന്നു. അതിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്ന്. പുലര്‍ച്ചെ ഗണപതി ഹോമത്തോടെയായിരുന്നു തുടക്കം. ആറരയോടെ വീട്ടുമുറ്റത്ത് ഭാര്യ രാധിക പൊങ്കാലയിട്ടു. മകന് ഗോകുലും ഒപ്പമുണ്ടായിരുന്നു.
മകള്‍ ഭാഗ്യയുടെ വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് പരിപാടിയായിരുന്നു ഇന്നലെ. ട്രിവന്‍ഡ്രം ക്ലബ്ബില്വച്ചായിരുന്നു ചടങ്ങ്. ചടങ്ങില്‍ വരന് ശ്രേയസും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍തന്നെ രാത്രി 10 മണി കഴിഞ്ഞിരുന്നു. പിന്നീട് വൈകിയാണ് എല്ലാവരും വീടുകളിലേയ്ക്ക് എത്തിയത്. എങ്കിലും രാവിലത്തെ ഗണപതിഹോമത്തില്‍ പങ്കുകൊള്ളാന്‍ രാധികയും ഗോകുലും മാത്രമെത്തി.
പൊങ്കാലയ്ക്ക് പിന്നാലെ ഏഴരയോടുകൂടിയായിരുന്നു പാലുകാച്ചല്‍ ചടങ്ങ്. അതും മംഗളകരമായി പൂര്‍ത്തിയായി.
സംഗീതിലും പാലുകാച്ചല്‍ ചടങ്ങിലും പക്ഷേ സുരേഷ് ഗോപിക്ക് പങ്കുകൊള്ളാനായില്ല. മകളുടെ കല്യാണച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തുന്നതിനോടനുബന്ധിച്ച് ഒരു മോക്ഡ്രില്‍ നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി കളക്ടറുടെയും കമ്മീഷണറുടെയും ക്ഷണപ്രകാരം അദ്ദേഹത്തിന് ഗുരുവായൂരില്‍ എത്തേണ്ടിയിരുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെ പത്ത് മണിക്കാണ് സുരേഷ് ഗോപി നെടുമ്പാശ്ശേരിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയത്. അവിടുന്ന് നേരെ വീട്ടിലെത്തുകയും ചെയ്തു. പുതുക്കി പണിത തന്റെ വീട് അദ്ദേഹം കറങ്ങി നടന്ന് കണ്ടു. അതിനുശേഷമാണ് ഇപ്പോള്‍ താമസിക്കുന്ന കടവിയാര്‍ ഫ്ളാറ്റിലേയ്ക്ക് മടങ്ങിയത്. വൈകുന്നേരം കുടുംബത്തോടൊപ്പം ശ്രീലക്ഷ്മിയില്‍ തിരിച്ചെത്തുകയും ചെയ്തു. അവിടെ നടന്ന മെഹന്തി ചടങ്ങുകളിലും പങ്കുകൊണ്ടു.
ജനുവരി 17 ന് ഗുരുവായൂരിലാണ് ഭാഗ്യയുടെ വിവാഹം. അതില്‍ പങ്കുകൊള്ളാന്‍ 15-ാം തീയതി സുരേഷ് ഗോപി കുടുംബത്തോടൊപ്പം ഗുരുവായൂരില്‍ എത്തും. 19 ന് എറണാകുളത്തും 20 ന് തിരുവനന്തപുരത്തും വിവാഹാനന്തര ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്.
Recent Comments