ഉണ്ണി മുകുന്ദന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഇപ്പോള്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ഉണ്ണി. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മഹിമ നമ്പ്യാര്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍ നടി ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തുന്നു.
വിവരം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍, ഡബ്ബിംഗ് കണ്‍സോളില്‍നിന്ന് കൊണ്ട് ദേഷ്യത്തില്‍ കരയുന്നതിന്റെ ശബ്ദം കൊടുക്കുന്ന ഉണ്ണി മുകുന്ദനെ കാണാന്‍ കഴിയും. ഹരീഷ് പേരടി, അശോകന്, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഉണ്ണി മുകുന്ദന് ഫിലിസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എന്‍ ബിയോണ്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം ചന്ദു സെല്‍വരാജാണ്.
എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് ഷൂട്ടിങ് നടന്നത്. തന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ജയ് ഗണേഷിലേത് എന്ന് ഉണ്ണി മുകുന്ദന് നേരത്തെ പറഞ്ഞിരുന്നു. 2024 ഏപ്രില്‍ 11 നായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
Recent Comments