‘എന്നെങ്കിലും ഞാനൊരു സംഗീത സംവിധായകനാകും. നീ അറിയപ്പെടുന്ന നടനും. അന്ന് നിനക്ക് വേണ്ടി മനോഹരമായ ഈണങ്ങള്‍ സൃഷ്ടിക്കും ഞാന്‍…’
സിനിമ ഗാനങ്ങള്‍ക്ക് വേണ്ടി കീബോര്‍ഡ് വായിക്കുന്ന കാലത്ത് കെ.ജെ. ജോയി തന്റെ സുഹൃത്തിനോട് പറഞ്ഞ വാക്കുകളാണിത്. അന്ന് പറഞ്ഞതെല്ലാം അതുപോലെ തന്നെ സംഭവിച്ചു. കെ ജെ ജോയി സംഗീത സംവിധായകനായി. സുഹൃത്ത് നായക നടനായി. സുഹൃത്തിന് വേണ്ടി അനവധി മനോഹരമായ ഈണങ്ങള്‍ ജോയി സൃഷ്ടിക്കുകയും ചെയ്തു. ഇന്നും ആ നടനെ ആളുകള്‍ ഓര്‍മിക്കുന്നത് ജോയിയുടെ പാട്ടിന്റെ അകമ്പടിയോടെയാണ്. കെ.ജെ. ജോയിയുടെ സുഹൃത്തും പില്ക്കാലത്ത് നടനുമായി തീര്‍ന്ന അയാളുടെ പേരാണ് ജയന്.
1969 ല്‍ ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ കീബോര്‍ഡ് ആദ്യമായി അവതരിപ്പിച്ച് ജോയിയാണ്. അതിന് പിന്നിലുമൊരു കഥയുണ്ട്. പ്രശസ്ത സംഗീതഞ്ജരായ ശങ്കര്‍ ജയ്കിഷന് സംഘം ഒരിക്കല്‍ മദ്രാസില്‍ ഹിന്ദി പടത്തിന്റെ റെക്കോര്‍ഡിങ്ങിനായി വന്നു. അവരുടെ ഗ്രൂപ്പില്‍ ഒരാള്‍ വ്യത്യസ്തമായ ഒരു സംഗീത ഉപകരണം വായിക്കുന്നത് ജോയ്യുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നെ ഒന്നും ആലോചിക്കാന്‍ നിന്നില്ല, നേരെ അയാളോട് ചെന്ന് ഇത് വില്ക്കുന്നോ എന്ന് ചോദിച്ചു.
അയാള്‍ വില്ക്കാന് തയാറായിരുന്നെങ്കിലും ചോദിക്കുന്ന അത്രയും കാശ് ജോയിയുടെ കൈയില്‍ ഇല്ലായിരുന്നു. പക്ഷേ വിട്ടു കൊടുക്കാന്‍ ജോയ് തയാറായിരുന്നില്ല. ഉടന്‍ തന്നെ സ്വന്തം കാറ് പണയത്തിന് വെച്ചു. പണയം വെച്ച് കിട്ടിയ ഇരുപതിനായിരം രൂപ കൊണ്ട് ആദ്യമായി കീബോര്‍ഡ് സ്വന്തമാക്കി. പിന്നെ കഠിനമായ പരിശ്രമം കൊണ്ട് കീബോര്‍ഡ് വായനയില്‍ പ്രാഗത്ഭ്യം നേടിയെടുത്തു. ദക്ഷിണ ഇന്ത്യന്‍ ഭാഷകളിലെ എല്ലാ പാട്ടുകള്‍ക്കും കീബോര്‍ഡ് വായിക്കുന്നത് ജോയിയായി മാറി.
സര്‍പ്പം എന്ന ചിത്രത്തിന് വേണ്ടി ഗൗരിമനോഹരിയില് ജോയി ചിട്ടപ്പെടുത്തിയ ഒരു ഖവ്വാലി ഗാനമാണ് ‘സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ’. ആ ഗാനത്തില്‍ ഹാര്‍മോണിയം വായിച്ചതും അദ്ദേഹം തന്നെ. തെക്കേ ഇന്ത്യയുടെ നാദവിസ്മയങ്ങളായ യേശുദാസും എസ്.പി. ബാലസുബ്രമണ്യവും പി. സുശീലയും വാണി ജയറാമും ഒരുമിച്ച് പാടിയ ഗാനം എന്ന പ്രത്യേകതയും ഇതിനുണ്ട്.
‘ജോയി സാര്‍, താങ്കള്‍ ചെയ്ത സ്വര്‍ണമീനിന്റെ ചേലൊത്ത പാട്ട് മലയാളികള്‍ ഉള്ളിടത്തോളം കാലം ജീവിക്കും!’ പാട്ടിനെ കുറിച്ച് എം ജയചന്ദ്രന് പില്ക്കാലത്ത് ജോയിയോട് പറഞ്ഞ വാക്കുകളാണിത്. രണ്ട് ഖവ്വാലി ഗാനങ്ങള്‍ കൂടി മലയാള ചലച്ചിത്രസംഗീതത്തിന് കെ.ജെ. ജോയി നല്‍കിയിട്ടുണ്ട്. ‘പട്ടാളം ജാനകി’ എന്ന ചിത്രത്തിനുവേണ്ടി ചെയ്ത താഴംപൂവിനു താലികെട്ട്, ‘മനുഷ്യമൃഗ’ത്തിലെ അജന്താശില്പങ്ങളില്‍ .
മധുമലര്താലമേന്തും ഹേമന്തം, ഗീതാഗോവിന്ദ രാധ, നിലാവുള്ള രാവില്‍, എവിടെയോ കളഞ്ഞുപോയ കൗമാരം എന്നീ ഗാനങ്ങളിലെ ഹിന്ദുസ്ഥാനി സ്പര്‍ശം എസ്.ഡി. ബര്മന്, നൗഷാദ്, സലില്‍ദാ, മദന്മോഹന്, ശങ്കര്‍ ജയ്കിഷന് തുടങ്ങിയവരോടൊപ്പം ജോലി ചെയ്തപ്പോള്‍ കിട്ടിയതാണെന്ന് അദ്ദേഹം ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി.
മലയാളം കണ്ട ഏറ്റവും മികച്ച ഓര്ക്കസ്ട്രേഷനുകളാണ് ജോയിയുടെ ഗാനങ്ങള്‍. ഒന്നും ഒരിക്കലും കുറച്ചു ചെയ്യാന്‍ ജോയിക്ക് അറിയില്ലായിരുന്നു. ഒന്നാംകിട പാട്ടുകാരും ഫ്ളോര്‍ നിറയെ ആധുനിക സംഗീതോപകരണങ്ങളും കോറസുമൊക്കെയായി ആഘോഷമായിരുന്നു ആ സംഗീതം. ഏറ്റവും മുന്തിയ സ്റ്റുഡിയോകളും മികച്ച ടെക്നീഷ്യന്മാരും നിര്‍ബന്ധം. നാല് പതിറ്റാണ്ട് പഴക്കമുള്ള പാട്ടുകള്‍പോലും ഏറ്റവും പുതിയതായി നമുക്കു തോന്നും. അത്ര ആധുനികമാണ് അവയുടെ സംഗീത സംവിധാനം.
ലോകമാകെ സംഗീതപരിപാടികളുമായി പറന്നു നടക്കുന്നതിനിടെ മലേഷ്യയില്‍വച്ചു പക്ഷാഘാതത്തിന്റെ രൂപത്തില്‍ വന്ന ദുര്‍വിധി ഇടതുകാല് എടുത്തിട്ടു ജീവന് തിരികെ നല്കി. കെ.ജെ. ജോയി എന്ന പകരക്കാരനില്ലാത്ത പ്രതിഭയക്ക് വിട.
Recent Comments