അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും ആഘോഷിക്കണം എന്ന ഗായിക കെ.എസ്. ചിത്രയുടെ പ്രതികരണം വിവാദമായിരിക്കുകയാണ്. ഇതോടെ ചിത്രയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണയറിയിച്ച് ഗായകന് ജി വേണുഗോപാല്‍ രംഗത്തെത്തി.
ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോണ്‍ട്രവേര്‍സികളിലും ഉള്‍പ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളതെന്ന് ജി. വേണുഗോപാല്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുകയുണ്ടായി. ഇത്രയും ഗാനങ്ങള്‍ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്ന് വേണുഗോപാല്‍ ചോദിച്ചു. വേണുഗോപാലിന്റെ ചോദ്യം ഇതില്‍ വളരെയധികം പ്രസക്തമാണ്. ചിത്രയുടെ അഭിപ്രായത്തോട് യോജിപ്പില്ല എന്ന് രേഖപ്പെടുത്തുന്നതിന് പകരം വ്യക്തിഹത്യ ചെയ്യാനാണ് പലരും ഈ അവസരം ഉപയോഗിക്കുന്നത്.
രാഷ്ട്രീയ മുദ്ര കുത്തലിനാണ് പ്രബുദ്ധത അളവിലും അധികമായ മലയാളികള്‍ ഓരോ വിവാദത്തിലും ശ്രമിക്കുന്നത്. ഓരോ സെലിബ്രിറ്റിയെയും അവര്‍ക്ക് പട്ടിക തിരിച്ച് ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും പേരിന്റെ കീഴിലായി എഴുതണം. കക്ഷി രാഷ്ട്രീയം തിരയുന്ന ഭൂതക്കണ്ണാടിയിലൂടെ അവര്‍ വലിയൊരു കണ്ടുപിടിത്തം നടത്തുന്നു. എന്നിട്ട് തങ്ങളുടെ രാഷ്ട്രീയ അവബോധം ഈ പില്ലര്‍ ഫിഗറുകളെക്കാള് മേലെ എന്ന് സ്ഥാപിച്ചെടുക്കാനാണ് സംഗീതത്തിന്റെ തോട്ടില്‍ ചുണ്ടയിടാനായി ഇരിക്കുന്നവന്റെ വരെ ലക്ഷ്യം.
മലയാളത്തിലെ ചില ഗായകരുടെ പ്രതികരണങ്ങള്‍ പലതും അപലപിനീയമാണ്. അവരെല്ലാം തന്നെ നേരത്തെ സൂചിപ്പിച്ച സങ്കുചിത ലക്ഷ്യം വെച്ച് പ്രവൃത്തിക്കുന്നവരാണ്. രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ച ഒരു വ്യക്തിയെ താഴ്ത്തി കെട്ടുത്തുന്നത് കേവലം ഒരു പ്രസ്താവനയുടെ പേരിലാകരുത്. അവര്‍ തന്റെ മേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത ആദര സൂചകമായ വിളികളെ വക്രീകരിച്ച് ഉപയോഗിക്കുന്നത് അതിലേറെ മോശമാണ്.
ചായപെന്സിലുകള് കൊണ്ട് നിറം കൊടുക്കുമ്പോള്‍ ചുറ്റിനുമുള്ള നിറക്കൂട്ടുകളുടെ ഉറവിടം ചിത്രയെ പോലുള്ളവരുടെ നിണത്തിന്റെ കൂടിയാണെന്ന് തിരിച്ചറിയുക. കലയും രാഷ്ട്രീയവും സമാസമം ചേര്‍ത്ത് വീര്യം കൂട്ടി വില്‍ക്കുന്ന ആധുനിക കലോല്പാദന രീതികള്‍ ചിത്രയ്ക്ക് പരിചിതമല്ല. സിംഗിള്‍ ട്രാക്ക് സിസ്റ്റത്തില്‍ തെറ്റിച്ചും തിരുത്തിയും വീണ്ടും പാടിയുമൊക്കെയാണ് പഴയ ഗായകര്‍ പ്രസിദ്ധി നേടിയത്. അതിന്റെ മഹത്വം ഓട്ടോ ട്യുണ് ഉപയോഗിച്ച് പാടുന്നവരെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും.
Recent Comments