സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം നാളെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടക്കാനിരിക്കെ, വി.ഐ.പികളുടെ പ്രവാഹം. നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഭാര്യസമേതനായിട്ടാണ് ഭാഗ്യയുടെ വിവാഹത്തില്‍ പങ്കുകൊള്ളാന്‍ തലേദിവസംതന്നെ എത്തിയത്. ഇവര്‍ക്ക് പുറമെ മണിയന്‍പിള്ള രാജു, സംവിധായകന് ഷാജി കൈലാസ്, ഭാര്യ ആനി, നടിമാരായ ജോമോള്‍, വിന്ദുജ മേനോന്, സരയൂ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരും എത്തിയിരുന്നു. ഏഴു മണിയോടെ ദക്ഷിണ കൊടുക്കല്‍ കര്‍മ്മം നടന്നു. മമ്മൂട്ടിയും മോഹന്‍ലാലും ആ ചടങ്ങിലും പങ്കുകൊണ്ടു. ഭാഗ്യ ഇരുവര്‍ക്കും ദക്ഷിണ നല്കി അനുഗ്രഹം തേടി. നാളെ ആറര മണിയോടെ വിവാഹ സംഘാംഗങ്ങള്‍ മണ്ഡപത്തില്‍ എത്തും. വധൂവരന്മാരുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ കല്യാണ മണ്ഡപത്തിലേയ്ക്ക് പ്രവേശനമുള്ളൂ. വിശിഷ്ടാതിഥികള്‍ക്കായി മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ നാല്‍പ്പതോളം കസേരകള്‍ ക്രമികരിച്ചിട്ടുണ്ട്. അവിടെ ഇരുന്ന് അവര്‍ക്ക് വിവാഹം കാണാം. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും ദിലീപുമടക്കമുള്ളവര്‍ കല്യാണച്ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തും.
ആറര മണിയോടെ നരേന്ദ്രമോദി ക്ഷേത്രത്തില്‍ എത്തും. ക്ഷേത്രദര്‍ശനം കഴിഞ്ഞ് അദ്ദേഹം മടങ്ങി എത്തിയതിന് പിന്നാലെയാണ് വിവാഹ ചടങ്ങുകള്‍ക്ക് ആരംഭമാകുന്നത്. വധൂവരന്മാരെ അനുഗ്രഹിക്കാന്‍ അദ്ദേഹം മണ്ഡപത്തില്‍ എത്തും. അന്നേ ദിവസം കല്യാണം നടക്കുന്ന മുപ്പത്തി ഒന്ന് വധൂവരന്മാരെ അദ്ദേഹം നേരില്‍ കണ്ട് ആശിര്‍വദിക്കുമെന്നും അറിയുന്നു. ഒമ്പതരയോടെ നരേന്ദ്രമോദി മടങ്ങും. തുടര്‍ന്ന് അദ്ദേഹം തൃപ്രയാര്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തുന്നുണ്ട്. താലികെട്ടിന് ശേഷം വധൂവരന്മാര് ആഡിറ്റോറിയത്തിലേയ്ക്ക് എത്തും. അവിടെയും ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
Recent Comments