കഥ, തിരക്കഥ, സംഭാഷണം- ശശിധരന് ആറാട്ടുവഴി. മലയാള സിനിമയില്‍ മറക്കരുതാത്ത ഒരു പേര്. ഹാസ്യം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന തിരക്കഥാകൃത്തുക്കളുടെ പേരുകള്‍ പറയുമ്പോള്‍ ശശിധരന് ആറാട്ടുവഴിയുടെ പേര് ആരും പറഞ്ഞ് കേള്‍ക്കാറില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ നിത്യഹരിത തമാശകള്‍ കൊണ്ട് സമ്പന്നമാണ്. അയലത്തെ അദ്ദേഹം, യോദ്ധ, സിഐഡി ഉണ്ണികൃഷ്ണന്, കളിവീട് തുടങ്ങിയവയാണ് അദ്ദേഹം എഴുതിയ പ്രധാന ചിത്രങ്ങള്‍. ഇന്ന് ഈ അതുല്യ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് 23 വയസ്സ് തികയുകയാണ്.
നെറ്റിപ്പട്ടം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും ബ്രേക്കായി മാറിയത് രാജസേനന്റെ സംവിധാനത്തില്‍ വന്ന അയലത്തെ അദ്ദേഹമാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍ ചിത്രം പറയുന്നത് വളരെ സങ്കീര്‍ണമായ വിഷയമാണ്. എന്നാല്‍ പ്രമേയത്തിന്റെ കാഠിന്യം ചിരിയുടെ മറക്കുട വെച്ച് അവതരിപ്പിക്കുന്ന രചന ശൈലിയാണ് അയലത്തെ അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഉപയോഗിച്ചിരിക്കുന്നത്.
പ്രകടിപ്പിക്കാത്ത സ്നേഹം, മറ്റുള്ളവരുടെ ജീവിതത്തെ അനുകരിക്കല്‍, സ്വന്തം ജീവിതത്തില്‍ അയല്‍വാസിയുടെ ഇടപെടല്‍, കുടുംബിനികളില്‍ അയലത്തെ അദ്ദേഹത്തോട് തോന്നുന്ന ആദരവ്, അയല്പക്കക്കാരുടെ ജീവിതത്തിനോടു തോന്നുന്ന ഭ്രമം തുടങ്ങിയ അനവധി ഘടകങ്ങള്‍ തിരക്കഥയില്‍ നര്‍മ്മത്തിലൂടെ കോര്‍ത്തിണക്കാന്‍ ശശിധരന് ആറാട്ടുവഴിക്ക് കഴിഞ്ഞു. ചിത്രത്തിന്റെ അവസാനം വീടിന്റെ പേരിലൂടെയാണ് നായകനായ പ്രേമചന്ദ്രന് സുലോചനയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് കാണിക്കുന്നത്. ചിത്രത്തിലെ ഉപകഥകളുടെ സമന്വയവും എടുത്ത് പറയേണ്ടതാണ്.
റിംബോച്ചെ എന്ന നേപ്പാളി സങ്കല്‍പ്പത്തിന്റെ കഥയ്ക്ക് ഗ്രാമീണമായ ഒരു തുടക്ക ഭാഗം എഴുതാനാണ് ശശിധരന് ആറാട്ടുവഴിയെ സംഗീത് ശിവന് സമീപിച്ചത്. എന്നാല്‍ പിന്നീട് ആ ഭാഗം ചിത്രത്തിന്റെ ആത്മാവായി മാറി. യോദ്ധ എന്ന ചിത്രം ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നത് ശശിധരന് ആറാട്ടുവഴിയുടെ അരശുംമൂട്ടില്‍ അപ്പുക്കുട്ടന് തൈപ്പറമ്പില്‍ അശോകനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പേരിലാണ്. എന്നാല്‍ മലയാളി വീണ്ടും വീണ്ടും പറയുന്ന യോദ്ധയിലെ സംഭാഷണങ്ങള്‍ എഴുതിയ ശശിധരന് ആറാട്ടുവഴിയെ ഒരു മലയാളിയും ഓര്‍ക്കാറില്ല എന്നതാണ് സത്യം.
ഇന്ന് സിനിമ ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ചെക്കോവ്സ് ഗണ്‍ എന്ന കഥാസങ്കേതം ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ളത് സിഐഡി ഉണ്ണികൃഷ്ണനിലാണ്. ആന്റണ്‍ ചെക്കോവിന് തോക്കായിരുന്നെങ്കില്‍ ശശിധരന് ആറാട്ടുവഴിക്ക് അത് തീപ്പെട്ടിയാണ്. ‘കെഎസ്ആര്‍ടിസി ഒഴിച്ച് വേറെ എവിടെ ജോലി കിട്ടിയാലും കുഴപ്പമില്ല’ എന്ന് പ്രാര്‍ത്ഥിക്കുന്ന അമ്മ കഥാപാത്രത്തിലടക്കം പലയിടത്തും ഹാസ്യം കൊണ്ട് സാമൂഹിക പ്രശ്നങ്ങള്‍ ഒളിപ്പിച്ച് വെക്കുന്നതും കാണാം.
ശശിധരന് ആറാട്ടുവഴിയുടെ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു ചിത്രമാണ് കളിവീട്. നര്‍മ്മത്തിനും കൊമേഴ്ഷ്യാലിറ്റിക്കും ഉപരിയായ നിരൂപണപരമായ ഒരു വായന ആ സിനിമ ആവശ്യപ്പെടുന്നു. പരസ്പരം ചേരാത്ത രണ്ട് പേര് വിവാഹം കഴിക്കുമ്പോള്‍ ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് മാത്രം നോക്കി പ്രശ്നം സ്ഥാപിച്ചെടുക്കുന്ന സിനിമകള്‍ ഇന്നും മലയാള സിനിമകളില്‍ ഇറങ്ങുന്നുണ്ട്, ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ വിവാഹം എന്ന വ്യവസ്ഥയെ തന്നെ അപഗ്രഥിക്കുന്ന നിലയിലാണ് കളിവീടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച ശശിധരന് ആറാട്ടുവഴി എന്ന പ്രതിഭയ്ക്ക് ഓര്‍മ്മ പൂക്കള്‍.
Recent Comments