ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയാറാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍. റിലീസിന് രണ്ടു ദിവസങ്ങള്‍ മാത്രം ശേഷിക്കവേ ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പുഞ്ചമണ്‍ ഇല്ലത്തെ പി എം ഗോപി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇക്കാര്യത്തില്‍ നാളെ മറുപടി നല്കാന് സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു.
മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കുഞ്ചമണ്‍ പോറ്റിയില്‍ നിന്നും കൊടുമോണ്‍ പോറ്റിയാക്കാം എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സിനിമയുടേതായി യൂട്യൂബില്‍ പുറത്തിറങ്ങിയ വിഡിയോകളില്‍ നിന്നടക്കം ഇപ്പോള്‍ പേര് നീക്കം ചെയ്തിട്ടുണ്ട്. കുഞ്ചമണ്‍ പോറ്റി തീം എന്ന ഗാനത്തിന് കൊടുമോണ്‍ പോറ്റി തീം എന്ന പേരാണ് യൂട്യൂബില്‍ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ പുഞ്ചമണ്‍ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങള്‍ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ‘ഭ്രമയുഗം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്. എന്നാല്‍ ഈ കഥയിലെ നായകനായ ‘കുഞ്ചമണ്‍ പോറ്റി’ ദുര്‍മന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് തങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
Recent Comments