ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ച് മാര്‍ച്ച് 10 ന് അങ്കമാലിയിലുള്ള അഡ്ലക്സ് ആഡിറ്റോറിയത്തില്‍ നടക്കും. ഓഡിയോ ലോഞ്ചിനോടനുബന്ധിച്ച് ചിത്രത്തിന്റെ സംഗീത സംവിധായകന് കൂടിയായ എ.ആര്. റഹ്മാന്റെ ലൈവ് കണ്‍സര്‍ട്ട് ഉണ്ടാകും. ആടുജീവിതത്തിലെ പാട്ടുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ സംഗീതനിശ. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ചിത്രത്തിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും ആഡിയോ ലോഞ്ചില്‍ പങ്കാളിയാകും. പ്രവേശനം പാസ് മൂലം പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഓഡിയോ ലോഞ്ചിന് മുന്നോടിയായി ഒരു വീഡിയോ ഷൂട്ടിന്റെ ഭാഗമായി റഹ്മാന് ഫെബ്രുവരി 26, 27 തീയതികളിലും എറണാകുളത്ത് എത്തുന്നുണ്ട്.
ബെന്യാമന്റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിന്റെ അഭ്രാവിഷ്ക്കാരമാണ് ചിത്രം. ചിത്രത്തിന്റേതായി ഇതിനോടകം പുറത്തിറങ്ങിയ വീഡിയോകളിലൂടെ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ത്തിയിരിക്കുന്നത്. അവരവരുടെ ഭാവനയ്ക്കനുസരിച്ച് ചിത്രത്തിന് അവര്‍ നല്‍കിയിരിക്കുന്ന ഹൈപ്പും ചെറുതല്ല. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഐതിഹാസികമായ ഓഡിയോ ലോഞ്ചും നടത്തപ്പെടാന്‍ പോകുന്നതും. അതോടുകൂടി ആടുജീവിതം ആകാശത്തിന്റെ അതിരുകള്‍ ഭേദിക്കുമെന്ന് ഉറപ്പാണ്.
ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനായിമാത്രം ഇപ്പോള്‍ എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലുള്ള പൃഥ്വിരാജും എത്തിച്ചേരുന്നുണ്ട്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമെന്ന നിലയില്‍ പൃഥ്വിക്കും ഈ ചിത്രം നല്കുന്ന പ്രതീക്ഷകള്‍ ചെറുതല്ല.
കളിമണ്ണിന് ശേഷം നീണ്ട പത്ത് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ആടുജീവിതവുമായി ബ്ലെസി എത്തുന്നത്. നാല് വര്‍ഷത്തിലേറെ നീണ്ട കഠിനാദ്ധ്വാനങ്ങള്‍ക്ക് ഫലപ്രാപ്തി ഉണ്ടാകുമെന്നുതന്നെയാണ് ബ്ലെസിയുടെയും പ്രതീക്ഷ. 2024 ഏപ്രില്‍ 10 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്.
Recent Comments