50 സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ബാറുകളിലായി മമ്മൂട്ടിയുടെ ശ്രദ്ധേയമായ 58 കഥാപാത്രങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തി നിസ്സാര്‍ ഇബ്രാഹിം നിര്‍മ്മിച്ച മമ്മൂട്ടിയുടെ ശില്പം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 15 കിലോഗ്രാം ഭാരമുള്ള ഈ ശില്പം ഒരു അനാമോര്‍ഫിക് ഇന്‍സ്റ്റാളേഷനാണിത്. 35 cm നീളവും 20 cm വീതിയും 40 cm ഉയരവുമാണ് ശില്പത്തിനുള്ളത്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആര്‍ട്ടിസ്റ്റ് നിസ്സാര്‍ ഇബ്രാഹിം ശില്പത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു.
എന്തായിരുന്നു ഇത്തരമൊരു ഇന്സ്റ്റാളേഷന് ചെയ്യാനുള്ള പ്രചോദനം?
ഇത്തരത്തില്‍ അനമോര്ഫിക്സ് ഞാന്‍ മുമ്പും ചെയ്തിട്ടുണ്ട്. കുറച്ചു കാലമായി മമ്മൂക്ക മലയാള സിനിമയില്‍ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ പകരം വെക്കാന്‍ കഴിയാത്ത കുറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്. കൂടാതെ പുതുതായി വരുന്ന ടെക്നീഷ്യന്‍സിനും ഡയറക്ടര്‍മാര്‍ക്കും പുതിയ സാധ്യതകള്‍ തുറന്ന് കൊടുക്കുകയും ചെയ്യുന്നു. മലയാള സിനിമയുടെ മുഖം മാറുന്ന ചിന്തകള്‍ അദ്ദേഹം മുന്നോട്ട് വെച്ചു. മറ്റാരും ചെയ്യാത്ത വേഷങ്ങള്‍ ചെയ്ത നടന് മറ്റാരും ചെയ്യാത്ത രീതിയിലുള്ള ഒരു ട്രിബ്യൂട്ട് നല്‍കണമെന്നുണ്ടായിരുന്നു. ആ ആഗ്രഹത്തില്‍ നിന്നാണ് ഇങ്ങനെയൊരു ഇന്സ്റ്റാളേഷന് ചെയ്തത്. എനിക്ക് ഭ്രമയുഗം വിജയിക്കുമെന്ന് ഉറപ്പായിരുന്നു. അപ്പോള്‍ അതിനോട് അനുബന്ധിച്ച് മമ്മൂക്ക UAE യില്‍ വരുമ്പോള്‍ ഇത് നല്‍കാം എന്ന ചിന്തയാണ് ഇതിന് പ്രചോദനം.
ഇത്തരമൊരു ഇന്സ്റ്റാളേഷന് ചെയ്തെടുക്കാന്‍ എത്ര സമയമെടുത്തു അഥവാ എത്ര കാലമെടുത്തു?
തുടര്‍ച്ചയായി ചെയ്തതല്ല. ജോലിയുടെ ഇടസമയങ്ങളില്‍ ചെയ്തതാണിത്. പിന്നെ പല വിധ പ്രോസസ്സുകള്‍ ഇതിന് പിന്നിലുണ്ട്. പേരിന്റെ നീളവും വലിപ്പവുമെല്ലാം ക്രമീകരിക്കേണ്ടതുമുണ്ടായിരുന്നു. പല തവണ ചെയ്ത് പല പീസുകളും മാറ്റി വെച്ചാണ് ഫൈനല്‍ ശില്പമായത്. അത് കാരണം ഏകദേശം ഒരു മാസത്തോളം സമയം ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ചെയ്യുകയാണെങ്കില്‍ അത്രയൊന്നും സമയം വേണ്ട.
എത്ര തുകയായി ഇന്സ്റ്റളേഷന് ചെയ്യാന്‍?
ഞാനൊരു ഇന്റീരിയര്‍ ഡിസൈനറാണ്. അതുകൊണ്ട് പലതും ഇന്‍ഹൗസായി ഞാന്‍ ജോലി ചെയ്യുന്ന കമ്പിനിയില്‍ ചെയ്തതാണ്. കേരളത്തിലെ കണക്ക് വെച്ച് നോക്കുകയാണെങ്കില്‍ അത്യാവശ്യം നല്ല ചെലവ് വരും. വലിയ ഒരു തുകയല്ലെങ്കില്‍ പോലും ഇത്രയെന്ന് കൃത്യമെന്ന് പറയാന്‍ കഴിയില്ല.
മമ്മൂട്ടിയുടെ പ്രതികരണം?
മമ്മൂക്ക ഇത് കണ്ട് ഇംപ്രസ്ഡായി. പല ആംഗിളില്‍ നിന്നും അദ്ദേഹം നോക്കി. നിര്‍മാണത്തിലെ സാങ്കേതിക കാര്യങ്ങളെല്ലാം കൗതുകത്തോടെ ചോദിച്ചറിഞ്ഞു. അതാണ് എനിക്ക് അദ്ദേഹത്തോട് തോന്നുന്ന ഏറ്റവും വലിയ ബഹുമാനം. പുതുതായി കാണുന്ന സാധനത്തെ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും അദ്ദേഹത്തിന് ഒരു മടിയുമില്ല.
മമ്മൂട്ടിയുടെ വലിയൊരു ആരാധകൻ കൂടിയാണ് നിസ്സാർ. ഭ്രമയുഗത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി UAE ൽ മമ്മൂട്ടി എത്തിയപ്പോഴാണ് ഇൻസ്റ്റാളേഷൻ മമ്മൂട്ടിക്ക് സമർപ്പിച്ചത്. UAE യിലെ ഗ്രീൻ റൂം ഇൻ്റീരിയേഴ്സ് എന്ന സ്ഥാപനത്തിലാണ് നിസ്സാർ ജോലി ചെയ്യുന്നത്. വർഷങ്ങളായി കുടുംബസമേതം UAE യിൽ താമസിക്കുന്നു. തൃശൂർ ജില്ലയിലെ പട്ടേപാടമാണ് സ്വദേശം. ഭാര്യ – സീനത്ത്. മക്കൾ – ആദിൽ, ആദം.
Recent Comments