ഫിലിം എക്സിബിറ്റേഴ്സ് യൂണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള. ഹനുമാന്‍വാലുപോലെ നീണ്ടതാണ് സംഘടനയുടെ പേര്. സൗകര്യാര്‍ത്ഥം നമുക്ക് ഫിയോക്ക് എന്ന് ചുരുക്കി വിളിക്കാം. സംഘടന അറിയപ്പെടുന്നതും ആ പേരിലാണ്. തീയേറ്റര്‍ ഉടമകളുടെ സംഘടന തന്നെയാണ് ഫിയോക്കും. നിലവില്‍ ആ സംഘടനയുടെ പരമാദ്ധ്യക്ഷന്‍ കെ. വിജയകുമാറാണ്.
കെ. വിജയകുമാറിന് മറവിരോഗം ബാധിച്ചോ എന്ന് സംശയമുണ്ട്. കാരണം അദ്ദേഹം ഇപ്പോള്‍ നടത്തുന്നതെല്ലാം സമരാഹ്വാനങ്ങളാണ്. ഏറ്റവും പുതിയ ഇണ്ടാസ് ഇന്നലെയും പുറത്തിറക്കിയിട്ടുണ്ട്. ഫെബ്രുവരി 23 മുതല്‍ ഒരു മലയാള സിനിമയും കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്ശിപ്പിക്കില്ലത്രെ. ഇത്രയും ജനാധിപത്യവിരുദ്ധമായ ഒരു സമരപ്രഖ്യാപനം വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇനി ഒരു സമരവും ഉണ്ടാകില്ലെന്ന് ദൃഢപ്രതിജ്ഞ എടുത്ത് സംഘടന ഉണ്ടാക്കിയവര്‍ തന്നെയാണ് സമരാഹ്വാനമായി എത്തിയിരിക്കുന്നത്. ഇതില്പരം വിരോധാഭാസം ഉണ്ടാകാനുണ്ടോ?
നിലവില്‍ അഞ്ച് തീയേറ്ററുകള്‍ക്ക് സിനിമ നല്‍കില്ലെന്ന നിര്‍മ്മാതാക്കളുടെ തീരുമാനം പിന്‍വലിക്കണമെന്നാണ് സമരം പ്രഖ്യാപിച്ച ഫിയോക്കിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഒപ്പം ഒടിടി റിലീസ് 56 ദിവസമായി ഉയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പ്രൊജക്ഷന്റെ കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ കടുംപിടിത്തത്തില്‍നിന്ന് പിന്തിരിയണമെന്നുള്ളതും ഫിയോക്കിന്റെ ന്യായമായ അവകാശമാണെന്നുതന്നെ കരുതാം.
പക്ഷേ അതിന് പരിഹാരം സമരമാണോ? കേട്ടത്, ഫിലിം ചേംബര്‍ ഈ മാസം 28 ന് സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നതായിട്ടാണ്. അതിനുപോലും കാത്തുനില്‍ക്കാതെയാണ് ഫിയോക്കിന്റെ ഏകപക്ഷീയമായ സമരാഹ്വാനം. ഇത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്.
അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഫിയോക്കിന്റെ വിളംബരത്തിലുണ്ട്. മലയാളസിനിമയുടെ വളര്‍ച്ചയ്ക്കുവേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയ്ക്ക് ഇതിനേക്കാളും ജനാധിപത്യവിരുദ്ധമായ ഒരു തീരുമാനം എടുക്കാനില്ല.
ഇപ്പോള്‍തന്നെ ഒടിടി റൈറ്റ്സ് മലയാള സിനിമകള്‍ക്ക് ഒരു കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. സാറ്റ്ലൈറ്റ് റൈറ്റ്സിനും പഴയതുപോലെ ഡിമാന്റില്ല. നിര്‍മ്മാതാക്കളുടെ ആകെ ആശ്രയം തീയേറ്റര്‍ വരുമാനമായിരുന്നു. അത്യാവശ്യം നല്ല ചിത്രങ്ങള്‍ ഇറങ്ങി തിയേറ്ററുകളിലേയ്ക്ക് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഫിയോക്കിന്റെ സമരപ്രഖ്യാപനം. ഇതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.
മലയാള സിനിമയ്ക്ക് എതിരാണോ ഈ സമരമെന്നാണ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചോദിച്ചത്. ഇതിന് പിന്നാലെ ഫിയോക്ക് സമരത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക്കയും അവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കത്തിനുമേല്‍ തല്ക്കാലം അടയിരിക്കാന്‍ തന്നെയാവും ഫിയോക്കിന്റെ തീരുമാനവും. കാരണം അവര്‍ സമരത്തിനായി കണ്ടെത്തിയ ദിവസങ്ങള്‍ സംശയം ഉണര്‍ത്തുന്നതാണ്. നിലവില്‍ പ്രദര്‍ശനാനുമതി ലഭിച്ച മഞ്ഞുമ്മല്‍ ബോയ്സ് കഴിഞ്ഞാല്‍ വലിയ റിലീസുകളൊന്നും വരുംദിവസങ്ങളില്‍ ഇല്ലെന്ന് പറയേണ്ടിവരും. ആകെയുള്ളത് നാദിര്‍ഷയുടെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചിയും ജിസ് ജോയിയുടെ തലവനുമാണ്. ആ ചിത്രങ്ങള്‍ ഒരു പക്ഷേ പ്രദര്‍ശനം നീട്ടിവച്ചേക്കും. അതിന് പിന്നാലെ റംസാന് വ്രതനാളുകളാണ്. ഒരു മാസം ഇത് നീണ്ടുനില്‍ക്കും. ഇതിനിടയില്‍ നിര്‍മ്മാതാക്കളോട് വില പേശി ആവശ്യങ്ങള്‍ നേടാനുള്ള തന്ത്രങ്ങളാകും ഫിയോക്ക് പരീക്ഷിക്കുന്നതും.
പക്ഷേ അപ്പോഴേയ്ക്കും തീയേറ്ററുകള്‍ ശവപ്പറമ്പുകളായി മാറിയിട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ സമരങ്ങളുടെ പിറകെ ഒരു സംഘടനകളും പോകരുത്. അത് ആത്യന്തികമായി മലയാള സിനിമയുടെ നാശത്തിന് മാത്രമേ ഉതകൂ.
Recent Comments