തമിഴില്‍ ആദ്യമായി സംഗീതസംവിധാനം ചെയ്യുന്ന ഷാന്‍ റഹ്മാന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആദ്യം ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് ആത്മമിത്രം കൂടിയായ വിനീത് ശ്രീനിവാസനാണ്. തൊട്ടുപിന്നാലെ ഞങ്ങളും ഷാന്‍ റഹ്മാനെ വിളിച്ചു. അദ്ദേഹം കൊച്ചിയില്‍ ഉണ്ടായിരുന്നു.
ആശംസകള്‍ നേരുമ്പോള്‍ ഷാന്‍ ചോദിച്ചു,
എന്തിനാണ്?
‘ഇത് കണ്ണകിയുടെ സംഗീത സംവിധായകന് ഉള്ളതാണ്.’
ഷാന്‍ ആദ്യം ചിരിച്ചു. എന്നിട്ട് നന്ദി പറഞ്ഞു.
കണ്ണകിയിലേക്കുള്ള അവസരം എങ്ങനെ തേടി വന്നതാണ്?
അതിന്റെ സംവിധായകന് യശ്വന്ത് ആദ്യമായി ചെയ്യുന്ന ചിത്രമാണ് കണ്ണകി. ഫീമെയില്‍ ഓറിയന്റേര്ഡ് സബ്ജക്ടാണ്. നാളെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയാണ്.
ഒരു വര്‍ഷം മുമ്പ് യശ്വന്ത് എന്നെ ഇന്‍സ്റ്റാഗ്രാമില്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും അതിന്റെ മ്യൂസിക് എന്നെക്കൊണ്ട് ചെയ്യിക്കാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. എന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. ഞാന്‍ കൊടുത്തു. പിന്നീടുള്ള ചര്‍ച്ചയിലാണ് യശ്വന്ത്, കണ്ണകിയെക്കുറിച്ച് വിശദമായി പറഞ്ഞുതന്നത്. മൊത്തം നാലു പാട്ടുകളാണ് ഉള്ളത്. രണ്ണെണ്ണത്തിന്റെ കംപോസിംഗ് കഴിഞ്ഞു. ചിലപ്പോള്‍ ഒരു ഇന്‍ട്രൊഡക്ഷന്‍ സോങ് കൂടി ഉണ്ടാകാനിടയുണ്ട്. നല്ല മ്യൂസിക് സെന്സുള്ള ഡയറക്ടറാണ് യശ്വന്ത്. അതുകൊണ്ട് വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. മറാഠിയില്‍ ചെയ്യുമ്പോഴും ഈ സുഖം അനുഭവിച്ചിരുന്നു.
മറാഠിയിലും സിനിമ ചെയ്തോ?
ഇതിനിടയ്ക്ക് അതും സംഭവിച്ചു. അതിന്റെ ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും. രൂപ് നഗര്‍ കേ ചീറ്റേ എന്നാണ് പടത്തിന്റെ പേര്. അതിന്റെ നിര്‍മ്മാതാവ് മനാന് ഷാ അവിടുത്തെ പ്രശസ്തനായ ഒരു മ്യൂസിക് ഡയറക്ടര്‍ ആണ്. സംവിധായകന് വിഹാനും സംഗീതത്തില്‍ നല്ല അറിവുള്ള ആളാണ്. അവര്‍ ധാരാളമായി നമ്മുടെ പാട്ടുകള്‍ കേള്‍ക്കുന്നവരാണ്. അതുപോലെയുള്ള പാട്ടുകള്‍ വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. അതിലും നാല് പാട്ടുകളാണ് ഉള്ളത്. ഒരെണ്ണത്തിന്റെ കംപോസിംഗ് കഴിഞ്ഞു.
പുതിയ പ്രോജക്ടുകള്‍ ഏതൊക്കെയാണ്?
തമിഴില്‍ മറ്റൊരു പടംകൂടി ചെയ്യുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസിനുവേണ്ടിയാണ്. ജീവയാണ് നായകന്. സന്തോഷ് ആണ് ആ പടത്തിന്റെ സംവിധായകന്.
തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണോ?
ഏയ്, നമ്മുടെ തട്ടകം മലയാളം തന്നെയാണ്. നല്ല ഓഫര്‍ വന്നപ്പോള്‍ സ്വീകരിച്ചുവെന്നുമാത്രം.
ഷാന്‍ റഹ്മാന് പറഞ്ഞുനിറുത്തി.
Recent Comments