മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27 ന് തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നു. എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംഗമം നടക്കുന്നത്. ഫെഫ്കയ്ക്ക് കീഴിലുള്ള 21 സംഘടനയിലെയും അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. അന്ന് ഷൂട്ടിംഗ് ഉണ്ടാവില്ല. നിര്‍മ്മാതാക്കളുടെ സംഘടനയില്‍നിന്ന് ഇക്കാര്യത്തില്‍ അനുമതിയും തേടിയിട്ടുണ്ട്. ചലച്ചിത്ര തൊഴിലാളി സംഗമത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള വലിയ താരനിരയും പങ്കെടുക്കും.
ഫെഫ്കയ്ക്ക് കീഴിലുള്ള മുഴുവന്‍ അംഗങ്ങളെയും ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഓരോ അംഗങ്ങളും മൂവായിരം രൂപ അടച്ചാല്‍ മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കും. അംഗങ്ങളുടെ കുടുംബാംഗങ്ങളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. അതിന് പ്രത്യേക പ്രീമിയം അടയ്ക്കണമെന്നു മാത്രം.
ഫെഫ്ക എക്സിക്യൂട്ടീവ് അംഗങ്ങളുടെ പ്രീമിയം തുക സംഘടന തന്നെ ഏറ്റെടുക്കുമെന്നുള്ള പ്രഖ്യാപനവും ഇതിനോടകം വന്നിട്ടുണ്ട്. തൊട്ടുപിന്നാലെ ഡയറക്ടര്‍ യൂണിയന്, ഡ്രൈവേഴ്സ് യൂണിയന് തുടങ്ങിയ യൂണിയനുകളും അവരുടെ അംഗങ്ങള്‍ക്കുവേണ്ടി തുക അടയ്ക്കാമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.
ഫെഫ്കയുടെ ആരോഗ്യ സുരക്ഷാപദ്ധതിയുടെ ആദ്യപ്രൊമോ വീഡിയോയും പുറത്തു വന്നു. മമ്മൂട്ടിയാണ് ഈ പദ്ധതിയെക്കുറിച്ച് വിശദമാക്കുന്നതും. ഏപ്രില്‍ 1 മുതല്‍ ആരോഗ്യ സുരക്ഷാപദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളും ഈ പദ്ധതിയുടെ പ്രഖ്യാപനവുമായി എത്തും.
Recent Comments