മലയാളത്തിലെ ഐക്കോണിക്ക് ഗസ്റ്റ് റോളുകളില്‍ ഒന്നാണ് നരസിംഹത്തിലെ മമ്മൂട്ടിയുടെ നന്ദഗോപാല്‍ മാരാര്‍. സുഹൃത്തായ ഇന്ദുചൂഢന് എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ അച്ഛനെ രക്ഷിക്കാന്‍ വരുന്ന വക്കീലായ മാരാര്‍ സിനിമയെയും സ്റ്റാര്ഡത്തിനെയും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. മമ്മൂട്ടിയുടെ താരപ്രഭ തന്നെയാണ് മാരാരില്‍ കാണാന്‍ കഴിയുക. അതും മോഹന്‍ലാല്‍ കഥാപാത്രത്തിന് ഒരു പ്രശ്നം വരുമ്പോള്‍ പറന്നിറങ്ങുക കൂടെയാകുമ്പോള്‍ ആരാധകര്‍ ഇളകി മറിഞ്ഞു.
ആട്ടുകട്ടിലില്‍ ഇരുന്നുകൊണ്ട് മണപ്പള്ളി പവിത്രന്റെ അനുയായികളെ ഡയലോഗ് അടിച്ച് വിരട്ടുന്ന മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും ആളുകളില്‍ രോമാഞ്ചം ഉണര്‍ത്തുന്നതാണ്. ഈ സീനിന് അകമ്പടിയായി വരുന്ന ബിജിഎമ്മിനുമുണ്ട് ഒരു കള്‍ട്ട് സ്റ്റാറ്റസ്. എന്നാല്‍ ഈ ബിജിഎം ഒരു ഭക്തി ഗാനത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?
1966-ല്‍ എംടിയുടെ രചനയില്‍ പുറത്ത് വന്ന ചിത്രമായിരുന്നു പകല്‍ കിനാവ്. ഒരേസമയം വില്ലനും നായകനുമായാണ് സത്യന് ചിത്രത്തില്‍ വേഷമിട്ടത്. ‘കേശാദിപാദം തൊഴുന്നേന്‍’ എന്ന എക്കാലത്തേയും ഹിറ്റ് ഭക്തി ഗാനവും ചിത്രത്തിലുള്ളതാണ്. ബി.എ. ചിദംബരനാഥിന്റെ സംഗീതത്തില്‍ പി. ഭാസ്കരനായിരുന്നു വരികള്‍ എഴുതിയത്.
ചിദംബരനാഥിന്റെ മകനാണ് പില്ക്കാലത്ത് പ്രശസ്തനായ സംഗീത സംവിധായകന് രാജാമണി. ഷാജി കൈലാസ് ചിത്രങ്ങളില്‍ സ്ഥിരമായി പശ്ചത്താല സംഗീതം കൈകാര്യം ചെയ്തിരുന്നത് രാജാമണിയായിരുന്നു. നരസിംഹത്തിലും പശ്ചത്താല സംഗീതം രാജാമണിയായിരുന്നു. നന്ദഗോപാല്‍ മാരാരുടെ തീം മ്യൂസിക്കായി രാജാമണി ഉപയോഗിച്ചത് അച്ഛന് ചിദംബരനാഥിന്റെ കേശാദിപാദം എന്ന പാട്ടിലെ ഒരു ഭാഗമായിരുന്നു. കേശാദിപാദത്തിന്റെ പല്ലവിക്കും ചരണത്തിനും ഇടയിലായി വരുന്ന ഇന്റര്ലൂഡാണ് നരസിംഹത്തില്‍ മാരാരുടെ തീം മ്യൂസിക്കായി ഉപയോഗിച്ചിരിക്കുന്നത്.
ഒരു ഭക്തി ഗാനത്തിന്റെ സ്വഭാവത്തിലുള്ള ഛായയാണ് ഈ പറയുന്ന മ്യൂസിക്കല്‍ ബിറ്റിനുള്ളത്. അതിനെ തികച്ചും മാസ് ബിജിഎമ്മായി കണ്‍സീവ് ചെയ്തതില്‍ രാജാമണി വളരെയധികം പ്രശംസ അര്‍ഹിക്കുന്നു. മാരാര്‍ എന്ന കഥാപാത്രത്തെ പൂര്‍ണ്ണതോതില്‍ ഉള്‍ക്കൊള്ളുന്നതുമാണ് ഈ ബിജിഎം. പാട്ട കൊട്ടുന്നത് പോലെയുള്ള ശബ്ദ കോലാഹലം ഉണ്ടാക്കുന്ന ഇന്നത്തെ പശ്ചാത്തല സംഗീതവുമായി തുലാഭാരം തൂക്കിനോക്കിയാല്‍ മാരാരുടെ ബിജിഎമ്മിന്റെ തട്ട് താണ് തന്നെയിരിക്കും.
Recent Comments