ദിലീപ് നായകനായെത്തുന്ന ചിത്രം ‘തങ്കമണി’യുടെ റിലീസിങ് വിലക്കണമെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ഇടുക്കി തങ്കമണിയില്‍ 1986ലുണ്ടായ സംഭവം പ്രമേയമാക്കി എത്തുന്ന സിനിമയായ ‘തങ്കമണി’യുടെ റിലീസിങ് വിലക്കണമെന്ന ഹര്‍ജിയില്‍ അടച്ചിട്ട മുറിയില്‍ രഹസ്യവാദം കേട്ട ശേഷമാണ് നടപടി. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയ സാഹചര്യത്തില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത് സിനിമയ്ക്കു പിന്നിലുള്ളവരുടെ താല്പര്യങ്ങള്ക്ക് എതിരാകും എന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് സുവിന് ആര്. മേനോന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് അടച്ചിട്ട മുറിയില്‍ വാദം കേട്ടത്. സിനിമയുടെ റിലീസ് വിലക്കണമെന്ന ഹര്‍ജി തള്ളിയതോടെ ചിത്രം നാളെ ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ റിലീസിനെത്തും.
തങ്കമണിയില്‍ 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു ബസ് തടയലും തുടര്‍ന്ന് നടന്ന പോലീസ് നരനായാട്ടും ആധാരമാക്കിയെത്തുന്ന ചിത്രത്തിലെ ബലാത്സംഗദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ വി.ആര്. ബിജുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സിനിമയുടെ ടീസറില്‍ കാണിച്ചിരിക്കുന്നതു പോലെ പോലീസുകാര്‍ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.
പൊലീസിനെ പേടിച്ച് പുരുഷന്മാര് കൃഷിയിടങ്ങളില്‍ ഒളിച്ചെന്നും തുടര്‍ന്ന് പൊലീസുകാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും സിനിമയില്‍ കാണിക്കുന്നുണ്ടെന്നും ഇത് വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതുമാണ് എന്നും ബിജു ഹര്‍ജിയില്‍ പറയുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയുന്ന ഹര്ജിക്കാരന്, ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും സാങ്കല്‍പ്പിക സൃഷ്ടിയാണെന്നും സൂചിപ്പിച്ചിരുന്നു. ഹര്ജിക്കാരന് ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി ഒപ്പം ഫിക്ഷനും ചേര്‍ത്ത് ഒരുക്കിയ ചിത്രമായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ് ദിലീപ് നായക വേഷത്തിലെത്തുന്ന ‘തങ്കമണി’. ദിലീപിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായി മാറുമെന്നാണ് പ്രേക്ഷകരേവരുടേയും പ്രതീക്ഷ. ‘ഉടല്’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദനനാണ് സിനിമയുടെ സംവിധാനം.
Recent Comments