പ്രൊഡ്യൂസേഴ്സ് അസോസിയേഷനുവേണ്ടി ധനശേഖരണാര്‍ത്ഥം താരസംഘടനയായ അമ്മയും ചേര്‍ന്ന് ഖത്തറില്‍ ഇന്ന് നടത്താനിരുന്ന മോളിവുഡ് മാജിക്ക് എന്ന സ്റ്റേജ് ഷോ റദ്ദ് ചെയ്തു. ഈ താരനിശയുടെ മുഖ്യസംഘടകരായ നയന്‍ വണ്‍ ഈവന്റ്സാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക കുറിപ്പ് പുറത്തിറക്കിയത്. സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാന്‍ കാരണമായി സംഘാടക സമിതി പറയുന്നത്. ഇത് രണ്ടാം തവണയാണ് ഈ ഷോ നിര്‍ത്തിവയ്ക്കപ്പെടുന്നത്. കഴിഞ്ഞ നവംബര്‍ 17-ാം തീയതിയായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. ദോഹയിലെ പ്രശസ്തമായ നയണ്‍ സെവന് ഫോര്‍ ആയിരുന്നു വേദി. പാലസ്തീന്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തര്‍ ഗവണ്മെന്റ് തന്നെയാണ് ഷോ നിര്‍ത്തിവയ്ക്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
അതിനുശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ താരങ്ങളുമായി നടത്തിയ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് മാര്‍ച്ച് 7 ലേയ്ക്ക് തീയതി പുനസ്ഥാപിക്കപ്പെട്ടത്. ഷോയില്‍ പങ്കുകൊള്ളാന്‍ കേരളത്തില്‍നിന്ന് താരങ്ങള്‍ മാര്‍ച്ച് 5, 6 തീയതികളിലായി ഖത്തറിലെത്തിയിരുന്നു. എമ്പുരാന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ അമേരിക്കയില്‍നിന്നാണ് ഈ പരിപാടിയുടെ ഭാഗമാകാന്‍ എത്തിച്ചേര്‍ന്നത്.
ഷോയുടെ അനിശ്ചിതത്വം ഇന്നലെ മുതല്‍ തുടങ്ങിയെങ്കിലും ഇന്ന് രാവിലെയോടുകൂടി അത് ശക്തമാകുകയായിരുന്നു. ഷോ കാണാന്‍ ടിക്കറ്റ് എടുത്തവര്‍ക്കുള്ള പ്രവേശനം ഖത്തര്‍ സമയം വൈകുന്നേരം 3.40 ഓടുകൂടിയാണ് തീരുമാനിച്ചിരുന്നത്. ആളുകള്‍ വളരെ നേരത്തേ അവിടെ എത്തിയിരുന്നു. സമയം വൈകിയും കയറ്റിവിടാത്തതിനെത്തുടര്ന്ന് പ്രശ്നങ്ങള്‍ രൂക്ഷമാവുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പരിപാടി ഔദ്യോഗികമായി റദ്ദ് ചെയ്തുകൊണ്ടുള്ള വിവരം നയന്‍ വണ്‍ ഈവന്റ്സ് പുറത്ത് വിട്ടത്. ടിക്കറ്റ് എടുത്തവര്‍ക്ക് തുക തിരിച്ചു നല്‍കുമെന്ന് സംഘാടകസമിതി അറിയിച്ചിട്ടുണ്ട്. അറുപത് വര്‍ക്കിംഗ് ഡേയ്സിനുള്ളിലാണ് റീഫണ്ട് നല്‍കുകയെന്നും അറിയിപ്പിലുണ്ട്.
ഷോ റദ്ദാക്കിയതിനെത്തുടര്‍ന്ന് താരങ്ങളില്‍ ചിലര്‍ നാട്ടിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഷോ റദ്ദ് ചെയ്ത പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക ബാധ്യതയാണ് സംഘടക സമിതിയെ കാത്തിരിക്കുന്നതെന്ന് പറയേണ്ടിവരും.
Recent Comments