നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ലബ്ധ പ്രതിഷ്ഠ നേടിയ നടിയാണ് സുകന്യ.
തമിഴ്, തെലുങ്ക് ഭാഷകളിലും അവര്‍ വിജയകൊടി പാറിച്ചു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ്, തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ്, സാഗരം സാക്ഷി തുടങ്ങിയ ചിത്രങ്ങളിലെ നായികാവേഷം ചെയ്തത് സുകന്യയായിരുന്നു. കടമറ്റത്ത് കത്തനാര്, സ്വാമി അയ്യപ്പന് എന്നീ പരമ്പരകളിലൂടെയും സുകന്യ ജനശ്രദ്ധ പിടിച്ചുപറ്റി.
അഭിനയരംഗം പോലെ കവിതകള്‍ എഴുതുന്നതിലും സുകന്യ ഏറെ മികവു പുലര്‍ത്തിയിരുന്നു. തമിഴില്‍ നിരവധി കവിതകളും രചിച്ചിട്ടുണ്ട്. സുകന്യയെ ഇപ്പോള്‍ ഗാനരചയിതാവായി മാറ്റിയിരിക്കുകയാണ് സംവിധായകനായ ടി.എസ്. സുരേഷ് ബാബു.
‘എന്റെ പുതിയ ചിത്രമായ ഡി.എന്‍.എയിലെ ഗാനമെഴുതിയിരിക്കുന്നത് സുകന്യയാണ്. ഒരു തമിഴ് ഗാനമാണ് സുകന്യ രചിച്ചിരിക്കുന്നത്. കടമറ്റത്തു കത്തനാര് എന്ന പരമ്പരയില്‍ അഭിനയിക്കുന്ന അവസരത്തിലാണ് അവര്‍ കവിതയെഴുതുന്ന കാര്യം മനസ്സിലാക്കുന്നത്.’ ടി.എസ്. സുരേഷ് ബാബു പറഞ്ഞു.
‘ഡി.എന്‍.എയില്‍ ഒരു തമിഴ് ഗാനത്തിന്റെ ആവശ്യം വന്നപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത് മറ്റാരേയുമല്ല, സുകന്യയെയാണ്.
ഇക്കാര്യം അവരോട് സംസാരിച്ചപ്പോള്‍ സന്തോഷത്തോടെ അത് സ്വീകരിക്കുകയായിരുന്നു.’ സുരേഷ് ബാബു പറഞ്ഞു.
‘കണ്ണാള്ളനേ… കനാതരും
കണ്‍കളേ….
എന്‍ കണ്ണലേ……
ഉന്‍ പാര്വെയില് മിന്നലേ…’
എന്ന് തുടങ്ങുന്ന ഗാനമാണ് അവര്‍ എഴുതിയിരിക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകന് ശരത് ഈണമിട്ട ഈ ഗാനം കാര്‍ത്തിക്കും ആര്‍ച്ചയുമാണ് ആലപിച്ചിരിക്കുന്നത്.
യുവനായകന് അഷ്ക്കര്‍ സൗദാനും ഹന്നാ റെജി കോശിയുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
നൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണവും വലിയ മുതല്‍ മുടക്കുമുള്ള ഈ ചിത്രം പൂര്‍ണ്ണമായും ക്രൈം ത്രില്ലറാണ്. ബാബു ആന്റണി, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, ലഷ്മി റായ്, ഇനിയ, റിയാസ് ഖാന്, കോട്ടയം നസീര്‍, ഇര്‍ഷാദ്, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, സുധീര്‍, ലഷ്മി മേനോന് തുടങ്ങി വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്.
Recent Comments