ഇന്ദിര (ഗീത). ചിത്രം: പഞ്ചാഗ്നി
‘എനിക്ക് എന്നില്‍ നിന്ന് ഒളിച്ചോടാന്‍ വയ്യ റഷീദ്’ തോക്കുമേന്തി ക്ലൈമാക്സ് സീനില്‍ ഇങ്ങനൊരു ഡയലോഗ് പറഞ്ഞത് മലയാളത്തിലെ മാസ് ഹീറോകളാരുമല്ല. ഒരു സ്ത്രീ കഥാപാത്രമാണ്. മലയാള സിനിമയിലെ എണ്ണം പറഞ്ഞ പുരുഷ കേസരികള്‍ നിരന്ന് നിന്നാലും പഞ്ചാഗ്നിയില്‍ ഗീത അവതരിപ്പിച്ച ഇന്ദിരയുടെ മനക്കരുത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വരും.
മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം ഇന്ദിരയെന്ന്. എന്നാല്‍ പഞ്ചാഗ്നി ഒരിക്കലും സ്ത്രീപക്ഷ കഥ പറയുന്ന ഒരു ചിത്രമല്ല. ആ കഥാപാത്രത്തിനും ഉപരിയായി വളരെ കാഠിന്യമുള്ള ഒരു കഥ പഞ്ചാഗ്നിക്ക് പറയാനുണ്ട്. ശക്തയായ സ്ത്രീ കഥാപാത്രത്തെ കാണിക്കാന്‍ വേണ്ടി അളവെടുത്ത് തൈപ്പിച്ച കഥാപാത്രമല്ല ഇന്ദിര എന്നത് തന്നെയാണ് ഇന്ദിരയുടെ മേന്മ.
ഒരു ഉറഞ്ഞ ജ്വാലാമുഖിയെയാണ് എംടി ഇന്ദിരയിലൂടെ ആവിഷ്കരിക്കുന്നത്. ജയിലില്‍ സമരം ചെയ്യുന്ന ആദ്യ സീനില്‍ തന്നെ ആ കഥാപാത്രം എന്തെന്ന് പ്രേക്ഷകന് തിരിച്ചറിയുന്നു. പഴയ കാര്യങ്ങളെ ഓര്‍ക്കുമ്പോള്‍ ഇന്ദിര ആളികത്തുന്നത് ചില സീനുകളില്‍ കാണാന്‍ കഴിയും. അവസാനം സ്ഫോടനാത്മകമായ സാഹചര്യം ഉടലെടുക്കുമ്പോള്‍ തന്റെ സ്വത്വം നിലനിര്‍ത്തിക്കൊണ്ട് അവര്‍ പൊട്ടിത്തെറിക്കുന്നു.
മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കിട്ടിയതില്‍ വെച്ച് ഏറ്റവും മികച്ച ഡയലോഗുകളും ഇന്ദിരയ്ക്ക് സ്വന്തമാണ്. ‘ഞാന്‍… ഞാന്‍ മാത്രമാണ്’ എന്ന് തുടങ്ങുന്ന ഡൈലോഗില്‍ കഥാപാത്രം തന്നെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വിപ്ലവാത്മകമായ ഭൂതകാലമുളള ഇന്ദിരയെ ബുദ്ധിമുട്ടിലാക്കുന്നത് കുടുംബ സമവാക്യങ്ങളിലെ പ്രശ്നങ്ങളാണെന്നതും ശ്രദ്ധയമാണ്. കഴിഞ്ഞ കാലം തളര്‍ത്താത്ത, അതിനെ കുറിച്ച് കുറ്റബോധമില്ലാത്ത ഇന്ദിരയെ അലട്ടുന്നത് സ്നേഹത്തിന്റെ പുറത്ത് നിര്‍മിക്കപ്പെട്ട ബന്ധങ്ങളാണ്. ഇന്ദിര കീഴടങ്ങുന്നുവെങ്കില് അത് കുടുംബാംഗങ്ങളോടുള്ള സ്നേഹത്തിന് മുമ്പില്‍ മാത്രമാണ്.
ക്ലൈമാക്സില്‍ പോലും സ്വന്തം ജീവിതത്തെ കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍ ഇന്ദിരയ്ക്ക് കഴിയുന്നില്ല. ചൂഷണങ്ങള്‍ക്കെതിരെ വാളൊങ്ങാനുള്ള വ്യഗ്രതയാണ് ആ കഥാപാത്രത്തിനെ നയിക്കുന്നത്. ആയിരം പാറകള്‍ കുലുങ്ങിയാലും കുലുങ്ങാതെ നില്ക്കുന്ന എംടിയുടെ ഇന്ദിര യഥാര്‍ത്ഥ കരുത്തിന്റെ പ്രതിരൂപമാണ്. സ്ത്രീശാക്തീകരണത്തിനായി നൂലില്‍ കെട്ടിയിറക്കുന്ന മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ ഇടയില്‍ കരളുറപ്പിന്റെ പ്രതീകമായി ഇന്ദിര ഇന്നും നിലനില്ക്കുന്നു.
അടുത്ത കഥാപാത്രം: ദേവിക ശേഖര്‍ (മഞ്ജു വാര്യര്‍). കൂടുതല്‍ വായിക്കാന്‍ ഈ LINK ല്‍ ക്ലിക്ക് ചെയ്യുക
Recent Comments