ക്രിസ്റ്റഫര്‍ നോളന് ചിത്രം ഓപ്പണ്‍ ഹെയ്മറിലൂടെ മികച്ച നടനുള്ള ഓസ്കര് പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് കിലിയന്‍ മര്‍ഫി. മലയാളികള്‍ക്കിടയില്‍ പോലും ആരാധകരുള്ള താരമാണ് തോമസ് ഷെല്‍ബി എന്ന കിലിയന്‍ മര്‍ഫി. ആറ്റം ബോംബിന്റെ പിതാവായ റോബര്‍ട്ട് ജെ. ഓപ്പണ്‍ഹൈമറായി വെള്ളിത്തിരയില്‍ അവിസ്മരണീയ പ്രകടനമായിരുന്നു കിലിയന്‍ മര്‍ഫി കാഴ്ചവെച്ചത്.
മികച്ച നടനുള്ള പുരസ്കാരം നേടുന്ന ആദ്യത്തെ ഐറിഷ് വംശജനായും അദ്ദേഹം മാറി. കരിയറില്‍ ഒട്ടനവധി മികച്ച സിനിമകളില്‍ അഭിനയിച്ച കിലിയന്‍ മര്‍ഫിക്ക് അവസാനം അര്‍ഹിച്ച പുരസ്കാരം ലഭിച്ചെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. ‘നല്ലതായാലും ചീത്തയായാലും നാമെല്ലാം ഓപ്പണ്‍ ഹെയ്മറുടെ ലോകത്താണ് ജീവിക്കുന്നത്, അതിനാല്‍ എല്ലായിടത്തും സമാധാനം സ്ഥാപിക്കുന്നവര്‍ക്കായി ഇത് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് പുരസ്കാരം സ്വീകരിച്ച ശേഷം കിലിയന്‍ മര്‍ഫി പറഞ്ഞത്.
ഒരു ഗായകനാകാന്‍ ആഗ്രഹിച്ച കിലിയന്‍ മര്‍ഫി ഒരു നടനായി മാറുകയായിരുന്നു. ആക്ടിങ്ങിനോട് താല്പര്യമില്ലാതിരുന്ന താരം സഹോദരനൊപ്പം മ്യൂസിക് ബാന്‍ഡില്‍ ജോയിന്‍ ചെയ്തു. പിന്നീട് യൂണിവേഴ്സിറ്റിയിലെ ഡ്രാമ സൊസൈറ്റിയില്‍ എത്തിയതോടെ ഡിസ്കോ പിഗ്സ് എന്ന നാടകത്തില്‍ അദ്ദേഹത്തിന്റെ വേഷം ശ്രദ്ധേയമായി.
പിന്നീട് ഷോര്‍ട്ട് ഫിലിമിലും മുഖം കാണിച്ച്, പതുക്കെ സിനിമയിലേക്ക് എത്തുകയായിരുന്നു. നോളന്റെ ബാറ്റ്മാനിലെ സ്കെയര്‍ ക്രോ എന്ന കഥാപാത്രമായി ഗംഭീര പ്രകടനം മര്‍ഫി കാഴ്ച്ചവെച്ചു. കരിയര്‍ ഗ്രാഫില്‍ ഉയര്‍ന്ന് നില്ക്കുന്നതിനിടയല്, ബ്രേക്ക്ഫാസ്റ്റ് ഓണ്‍ പ്ലൂട്ടോ എന്ന ചിത്രത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായെത്തി നിരൂപക പ്രശംസയും പുരസ്കാരങ്ങളും സ്വന്തമാക്കി. നോളന്റെ ഇന്‍സെപ്ഷനിലും ഒരു ശ്രദ്ധയമായ വേഷം മര്‍ഫി കൈകാര്യം ചെയ്തു. 2013-ല്‍ പുറത്തിറങ്ങിയ പീക്കി ബ്ലൈന്‍ഡേഴ്സ് എന്ന സീരീസിലൂടെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചത്.
ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും ഇടയിലുള്ള വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനലുകളുടെ സംഘത്തിന്റെ തലവനായ ടോമി ഷെല്‍ബി എന്ന കഥാപാത്രത്തെയാണ് പീക്കി ബ്ലൈന്‍ഡേഴ്സില്‍ മര്‍ഫി അഭിനയിച്ചത്. ഈ പരമ്പര ജനപ്രിയവുമാവുകയും നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. പിന്നീട് നോളന്റെ ഡണ്‍കിര്‍ക്കില്‍ നിര്‍ണായകമായ ഒരു ചെറിയ വേഷം മര്ഫിക്കുണ്ടായിരുന്നു, കൂടാതെ എ ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തിലും എമിലി ബ്ലണ്ടിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
2020-ല്‍ ദി ഐറിഷ് ടൈംസ് അദ്ദേഹത്തെ എക്കാലത്തെയും മികച്ച ഐറിഷ് ചലച്ചിത്ര നടന്മാരില് ഒരാളായി തിരഞ്ഞെടുത്തു. ഷെയ്പ് ഓഫ് തിങ്സ് എന്ന സിനിമയ്ക്ക് ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. 2022-ല്‍ പുറത്തിറങ്ങിയ ഷെയ്പ് ഓഫ് തിങ്സ് എന്ന ചിത്രം കരിയറില്‍ അദ്ദേഹത്തിന് ഒരു വലിയ വഴിത്തിരവായി. ആഗോളതലത്തില്‍ സിനിമയെയും നടനെയും പ്രശസ്തമാക്കി. ഓപ്പണ്‍ ഹെയ്മറിലെ പെര്‍ഫോമന്‍സിന് ഓസ്കാറിന് പുറമെ ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ കിലിയന്‍ മര്‍ഫിക്ക് കരിയറില്‍ ലഭിച്ചിട്ടുണ്ട്.
റോക്ക് ബാന്‍ഡിന്റെ ഒരു ഷോയില്‍ വച്ച് കണ്ടുമുട്ടിയ ദീര്‍ഘകാല കാമുകി യോവോണ്‍ മക്ഗിന്നസിനെയാണ് മര്‍ഫി വിവാഹം കഴിച്ചത്. ആണ്മക്കളായ മലാച്ചി, ആരോണ്‍ എന്നിവരോടൊപ്പം മര്‍ഫി ലണ്ടനിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
Recent Comments