ഉണ്ണി മുകുന്ദന്റെ കരിയറില്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മേപ്പടിയാന്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഇഡി റെയ്ഡും ഉണ്ണി നേരിടേണ്ടി വന്നിരുന്നു. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ മേപ്പടിയാന് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങള്‍ പങ്കുവെക്കുകയാണ് നടന് ഉണ്ണി മുകുന്ദന്.
‘വ്യക്തിപരമായി ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയ സിനിമയാണ്. ഈ സിനിമയുടെ പേരിലാണ് ഇഡി റെയ്ഡ് ഉണ്ടായത്. ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്ത അധ്യായമാണ്.’ ഉണ്ണി തുടര്‍ന്നു.
‘റിലീസിന് പത്ത് ദിവസം മുമ്പാണ് റെയ്ഡ് നടക്കുന്നത്. എന്റെ വലിയൊരു ബിസിനസ് ക്യാന്‍സലായി. ഇഡി റെയ്ഡെന്നാല്‍ ഐടി റെയ്ഡ് പോലെയല്ല. രാജ്യദ്രോഹമാണ് കുറ്റമായി വരുക. സിനിമയുമായി ബിസിനസ് സംസാരിച്ചവര്‍ പിന്‍വലിച്ചു. ബിസിനസില്ലാതെയാണ് സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നത്. ഈ സിനിമയെടുക്കാന്‍ എന്റെ വീടാണ് പണയം വെച്ചത്.’
‘എനിക്ക് പൈസ കടം തന്നയാള്‍ ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷം ബിസിനസില്‍ എന്തൊക്കെയോ പ്രശ്നത്തില്‍ പെട്ടു. പുള്ളിയുടെ അക്കൗണ്ടില്‍ നിന്ന് എനിക്ക് പൈസ കിട്ടിയത് കൊണ്ട് ഈ അക്കൗണ്ട് ഇഡി ട്രാക്ക് ചെയ്യുകയും ഫ്രീസ് ചെയ്യുകയും ചെയ്ത് കൊണ്ടിരിക്കവെ ഉണ്ണി മുകുന്ദന് ഫിലിംസ് എന്ന കമ്പനിയിലേക്ക് പൈസ പോയിട്ടുണ്ടെന്ന് വ്യക്തമായി.’
‘എന്റെ കഷ്ടകാലത്തിന് പ്രൊഡ്യൂസര്‍മാരായി അച്ഛന്റെയും അമ്മയുടെയും പേര് സര്‍പ്രൈസായി കൊടുത്തിരുന്നു. പിന്നെ എന്തിനത് ഞാന്‍ ചെയ്തു എന്നോര്‍ത്ത് കരഞ്ഞ ദിവസങ്ങളുണ്ട്. കാരണം ഇവര്‍ എന്നെയല്ല, അച്ഛനെയും അമ്മയെയുമാണ് വിളിക്കുന്നത്. അമ്മ ഇഡി ഓഫീസില്‍ കയറവെ ഒരു ബോര്‍ഡ് കണ്ടു. അതില്‍ എന്റെ ഫോട്ടോ ഒട്ടിച്ചിട്ടുണ്ട്. ആ ദിവസം അമ്മ എന്നോട് സിനിമ നമുക്ക് വേണ്ട ഉണ്ണീ എന്ന് പറഞ്ഞു.’
‘എനിക്കൊരുപാട് വിഷമമായി. ഞാനാ ഓഫീസറോട് ചോദിക്കുകയും ചെയ്തു. നിങ്ങള്‍ എന്തിനാണ് ഇത് ചെയ്തതെന്ന്. ഞാനതില്‍ കടം വാങ്ങിയ ആളാണ്. എനിക്ക് പൈസ തിരിച്ച് കൊടുക്കാനും ബുദ്ധിമുട്ടില്ല. പ്രശ്നം എന്തെന്നാല്‍ എനിക്ക് അയാള്‍ക്കും ഇഡിക്കും പൈസ കൊടുക്കാന്‍ പറ്റില്ല. ഒടുവില്‍ ഇഡിക്ക് ആ പൈസ കൊടുത്ത് പുറത്ത് വന്നു. എന്തിന് ഈ സിനിമ ചെയ്തു എന്നൊക്കെ തോന്നിപ്പോയി. അന്ന് ഞാന്‍ ഇഡി ഓഫീസില്‍ പോയപ്പോള്‍ എന്റെ കൂടെ ഇരുത്തിയത് ഭയങ്കരനായ ഗുണ്ടയെയാണ്. ഇയാളോട് സംസാരിക്കുന്ന അതേ രീതിയിലാണ് എന്നോടും സംസാരിച്ചത്.’ ഉണ്ണി മുകുന്ദന് പറഞ്ഞു.
Recent Comments